Sabeelകോട്ടയ്ക്കൽ: 'ഐ.എ.എസ്. എന്റെ സ്വപ്‌നമാണ്. സമൂഹത്തെ സേവിക്കുകയെന്ന ആഗ്രഹം സാധിക്കാനുള്ള സ്വപ്‌നം', സിവിൽ സർവീസ് പരീക്ഷയിൽ 470-ാം റാങ്ക് നേടിയ രണ്ടത്താണി പൂവൻചിനയിലെ പി. സബീൽ പറഞ്ഞതിങ്ങനെ. ഇപ്പോൾ ലഭിച്ച റാങ്കുവെച്ച് ഇന്ത്യൻ റവന്യൂ സർവീസിൽ ലഭിക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ വീണ്ടും പരീക്ഷയെഴുതും. എന്തായാലും എന്റെ സ്വപ്‌നം സാധിച്ചേ പറ്റൂ -സബീലിന്റെ വാക്കുകളിൽ നിറയുന്നത് ദൃഢനിശ്ചയം.

ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്ങിൽ ബി.ടെക് നേടിയ സബീൽ ബി.ടെക് കഴിഞ്ഞയുടൻ ബെംഗളൂരുവിൽ ഒരു കമ്പനിയിൽ സോഫ്റ്റ്‌വേർ എൻജിനീയറായി ജോലിചെയ്തിരുന്നു. രണ്ടുവർഷം അവിടെ ജോലിചെയ്തശേഷം 2018-ൽ അതുപേക്ഷിച്ചുപോന്നത് ഐ.എ.എസ്. എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ്. ബി.ടെക്കിന് സീനിയറായി പഠിച്ചുപോയ ചിലർ സിവിൽസർവീസിന് പരീശീലനം നടത്തുന്നുണ്ടായിരുന്നു. അവർ പറഞ്ഞുകേട്ടാണ് ഈ മേഖലയിൽ താത്പര്യം ജനിക്കുന്നത്. സമൂഹത്തെ ഏതെങ്കിലുംതരത്തിൽ സേവിക്കണമെന്ന ആഗ്രഹം മുമ്പേയുണ്ട്. ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തെത്തി ഫോർച്യൂൺ അക്കാദമിയിൽ ചേർന്ന് പരിശീലനം തുടങ്ങി. 2019-ൽ പ്രിലിമിനറി എഴുതിയെങ്കിലും കിട്ടിയില്ല. കൂടുതൽ നന്നായി ശ്രമംതുടർന്നു. ഇത്തവണ 470-ാം റാങ്ക് നേടി. ആൻഡമാനിൽ സീമാനായി ജോലിചെയ്തു വിരമിച്ച അബ്ദുസമദിന്റെയും രണ്ടത്താണി പൂവക്കുണ്ടിൽ സക്കീനയുടെയും മകനാണ് സബീൽ.

ആൻഡമാനിലാണ് പ്ലസ്ടുവരെ പഠിച്ചത്. പിന്നീട് രണ്ടത്താണിയിലേക്ക് വന്നു.

സഹോദരങ്ങൾ: സലീക്ക് (എൻജിനീയർ, ഖത്തർ), സാബിറ (എൻജിനീയർ), സാജിന (എം.ടെക്. വിദ്യാർഥിനി, കുറ്റിപ്പുറം).

Content highlights: Civil Service examination result malappural District sabeel