വടകര: വടകര എടോടി നഗരസഭാ പാർക്കിനു സമീപത്തെ കൈലാസം വീട് വെള്ളിയാഴ്ച ഉറങ്ങിയില്ല. സിവിൽ സർവീസസ് പരീക്ഷയിൽ 12-ാം റാങ്ക് നേടിയ മിഥുൻ പ്രേംരാജിനെത്തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു രാത്രി വൈകുംവരെ. ഫലം പ്രഖ്യാപിച്ച് അല്പസമയങ്ങൾക്കുള്ളിൽത്തന്നെ മിഥുനും പിതാവ് ഡോ. പ്രേംരാജും അമ്മ ബിന്ദുവുമെല്ലാം റാങ്ക് വിവരം അറിഞ്ഞിരുന്നു.

ആഹ്ലാദവാർത്ത പെട്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ നാടാകെ പരന്നു. പിന്നെ ഫോണുകൾക്ക് വിശ്രമമുണ്ടായില്ല. എട്ടുമണിയോടെ വീട്ടിലേക്ക് നേരിട്ടും ആളുകളെത്തിത്തുടങ്ങി. ആദ്യം മാധ്യമപ്രവർത്തകർ, പിന്നാലെ പൊതുരംഗത്ത് പ്രവർത്തിക്കുന്നവരും ബന്ധുക്കളും സുഹൃത്തുക്കളും. രാത്രി വൈകുംവരെ ഇത് തുടർന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ, കെ.പി.സി.സി. മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഫോണിൽ അഭിനന്ദനം അറിയിച്ചു.

കെ.കെ. രമ എം.എൽ.എ. രാത്രി പത്തുമണിയോടെ വീട്ടിൽ നേരിട്ടെത്തി. മിഥുനിന്റെ പിതാവ് പ്രേംരാജ് വടകര റോട്ടറി, ഐ.എം.എ. എന്നിവയിലെല്ലാം സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഐ.എം.എ.യിലെയും റോട്ടറിയിലെ സഹപ്രവർത്തകരും മിഥുനിന്റെ നേട്ടത്തിൽ സന്തോഷംപ്രകടിപ്പിച്ച് വിളിക്കുകയും നേരിട്ടെത്തുകയും ചെയ്തു.

Content highlights: Civil service exam kozhikode midhun premraj kk rama mla congratulated