ന്നിൽപ്പിഴച്ചാൽ മൂന്ന് എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൻപുറത്ത്. പ്രതിഭാ വർമയെന്ന 26-കാരിയുടെ കാര്യത്തിൽ ആ ചൊല്ല് കിറുകൃത്യമായിരുന്നു. ഐ.എ.എസ് നേടുകയെന്ന സ്വപ്നത്തിനായുള്ള തന്റെ മൂന്നാം ശ്രമത്തിൽ മൂന്നാം റാങ്ക് തന്നെ വാങ്ങിച്ചെടുത്തു ഈ ഉത്തർപ്രദേശുകാരി. കുട്ടിക്കാലം മുതൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കയറിപ്പറ്റണമെന്ന ആഗ്രഹമായിരുന്നു പ്രതിഭയ്ക്ക്. അതിന്റെ ചുവടു പിടിച്ചായിരുന്നു ചെറുപ്പം മുതൽ പഠനം.

ജന്മനാടായ സൂൽത്താൻപൂരിലെ വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ബിടെക്ക് പൂർത്തിയാക്കി രണ്ടു വർഷം ജോലി ചെയ്തു. സ്വകാര്യ മേഖലയിലെ ജോലിക്കിടയിലും മനസ്സിലെ സിവിൽ സർവീസസ് മോഹം തലപൊക്കിയതോടെ ജോലി രാജിവെച്ച് സ്വപ്നം സഫലമാക്കാനുള്ള ശ്രമം തുടങ്ങി. 2017-ൽ ആദ്യമായി പരീക്ഷയെഴുതിയപ്പോൾ പ്രിലിമിനറി കടന്നില്ല. 2018-ൽ പരീക്ഷയെഴുതിയപ്പോൾ 489-ാം റാങ്കോടെ ഇന്ത്യൻ റവന്യു സർവീസ് തേടിയെത്തി. ജോലിയിൽ കയറിയെങ്കിലും ഐ.എ.എസ് എന്ന മോഹം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല പ്രതിഭ. സർവീസിലിരിക്കെ പഠനം തുടർന്നു. മൂന്നാം ശ്രമത്തിൽ ആകെ റാങ്കിങ്ങിൽ മൂന്നാമതും വനിതകളിൽ ഒന്നാമതുമെത്തി.

കടുത്ത പ്രതിസന്ധികളിലും ലക്ഷ്യം മുന്നിക്കണ്ട് തളരാതെ മുന്നോട്ട് പോയതാണ് തന്റെ വിജയത്തിന് കാരണമെന്ന് പ്രതിഭ പറയുന്നു. സുൽത്താൻപൂർ ബാബു ഭഗവന്ദാസ് ആദർശ് ഇന്റർ കോളേജിലെ പ്രിൻസിപ്പാളായ അച്ഛൻ ശിവാൻഷ് വർമയും പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസായ അമ്മ ഉഷാ വർമയും നൽകിയ ഊർജമാണ് തന്നെ പഠനത്തിൽ മുന്നോട്ട് നയിച്ചതെന്നാണ് പ്രതിഭയുടെ പക്ഷം. ഡോക്ടറായ സഹോദരിയും എൻജിനീയറായ സഹോദരനും പ്രോൽസാഹനം നൽകി. സ്ത്രീകൾ, കുട്ടികൾ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കണമെന്നാണ് പ്രതിഭയുടെ ലക്ഷ്യം.

കൃത്യമായ പഠനം വേണം

നിശ്ചയദാർഢ്യവും സ്ഥിരോൽസാഹവുമാണ് സിവിൽ സർവീസസ് പരീക്ഷയ്ക്ക് പരിശീലിക്കുന്നവർക്ക് വേണ്ടതെന്നാണ് പ്രതിഭയുടെ അഭിപ്രായം. പ്രിലിമിനറി പരീക്ഷയ്ക്കുള്ള വിഷയങ്ങളെ പ്രധാനപ്പെട്ട അഞ്ചോ ആറോ വിഭാഗങ്ങളായി തിരിച്ചുവേണം പഠനം തുടങ്ങാൻ. ഓപ്ഷണലായി തിരഞ്ഞെടുക്കുന്ന വിഷയത്തിൽ നല്ല അറിവുണ്ടായിരിക്കണം. ഓരോ വിഷയങ്ങളും കൃത്യതയോടെ പഠിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. സമയമെടുത്ത് എല്ലാ കാര്യങ്ങളും പഠിച്ച് വേണം പരീക്ഷയെ സമീപിക്കാൻ. അല്ലാത്തപക്ഷം പരീക്ഷ ബുദ്ധിമുട്ടേറിയതായി തോന്നാമെന്നും ഈ റാങ്ക് ജേതാവ് പറയുന്നു.

Content Highlights: Success story of Pratibha Varma 3rd rank holder in UPSC Civil Services Exam 2019