ദ്യോഗസ്ഥ തലത്തില്‍ ഉന്നത പദവികളിലേക്കുള്ള ചവിട്ടുപടിയായ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഫലം കഴിഞ്ഞദിവസമാണ് യു.പി.എസ്.സി പ്രസിദ്ധീകരിച്ചത്. ഹരിയാണയിലെ സോനിപത് സ്വദേശിയും ഐ.ആര്‍.എസ് ഓഫീസറുമായ പ്രദീപ് സിങാണ് ഇത്തവണ ഒന്നാം റാങ്ക് നേടിയത്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കായി പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കര്‍ഷകനായ സുഖ്ബിര്‍ സിങിന്റെ മകന്‍ കൂടിയായ പ്രദീപ് പറയുന്നു.

2019 ബാച്ച് ഐ.ആര്‍.എസ് (കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ്) ഓഫീസറായ പ്രദീപ് നിലവില്‍ ഫരീദാബാദിലെ നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസില്‍ പ്രൊബേഷനിലാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാമത്തെ ശ്രമമായിരുന്നു ഇത്തവണത്തേത്. ഐ.എ.എസ് ഓഫീസറാവുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് പരിശ്രമിച്ചത് ഒന്നാം റാങ്കിലേക്കുള്ള അവസരമാവുകയായിരുന്നു. 

വിദ്യാഭ്യാസ മേഖലയിലേയും കാര്‍ഷിക മേഖലയിലെയും പുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്നാണ് 29-കാരനായ പ്രദീപിന്റെ ആഗ്രഹം. സ്വദേശമായ ഹരിയാണ കേഡര്‍ തന്നെയാണ് നിയമനത്തിനായി തിരഞ്ഞെടുത്തത്. 

സോനിപതിലെ തെവ്‌രി ഗ്രാമത്തിലെ മുന്‍ഗ്രാമമുഖ്യനായിരുന്നു പ്രദീപിന്റെ പിതാവ് സുഖ്ബിര്‍ സിങ്. പ്രദീപിന്റെ മുത്തച്ഛനും മുന്‍പ് ഇതേ സ്ഥാനംവഹിച്ചിട്ടുണ്ട്. ഐ.എ.എസ് പദവി സ്വപ്‌നം കാണാന്‍ തന്നെ പഠിപ്പിച്ചത് പിതാവാണെന്ന് പ്രദീപ് പറയുന്നു. നിലവില്‍ സോനിപതിലെ ഒമാക്‌സ് നഗരത്തിലാണ് പ്രദീപിന്റെ മാതാപിതാക്കള്‍ താമസിക്കുന്നത്. 

സമയം നല്ലരീതിയില്‍ വിനിയോഗിച്ച് പാഠഭാഗങ്ങള്‍ തീര്‍ക്കുകയെന്നതായിരുന്നു പഠനത്തിനായി സ്വീകരിച്ച സ്ട്രാറ്റജി. ചിലപ്പോഴെല്ലാം പഠനത്തില്‍നിന്ന് ശ്രദ്ധ തെറ്റിയിരുന്നു. അപ്പോഴെല്ലാം പിതാവാണ് തിരികെ പഠനത്തിലേക്ക് ശ്രദ്ധനല്‍കാന്‍ തക്കസമയത്ത് ഉപദേശം നല്‍കിയതെന്നും പ്രദീപ് പറയുന്നു.

എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പരീക്ഷകള്‍ക്കായി പരിശീലനം നേടിയിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ഇന്‍കം ടാക്‌സ് ഓഫീസറായി ജോലി ലഭിച്ചിരുന്നു. പിന്നീടാണ് സിവില്‍ സര്‍വീസിനായുള്ള ശ്രമം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 260-ാം റാങ്ക് നേടിയാണ് ഐ.ആര്‍.എസില്‍ പ്രവേശിച്ചത്. ജോലിക്കൊപ്പം പഠിക്കുകയെന്നത് തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനാല്‍ അവധിയെടുത്താണ് പരീക്ഷയ്ക്കായി തയ്യാറെടുത്തതെന്നും പ്രദീപ് പറയുന്നു.

സിവില്‍ സര്‍വീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങളായ പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിവയ്ക്കായി ഓരോന്നിന്റെയും വ്യത്യാസം മനസിലാക്കിവേണം തയ്യാറെടുക്കേണ്ടത്. നല്ല വേഗത്തിലും കൃത്യമായ ആശയം അവതരിപ്പിക്കത്തക്ക വിധത്തിലുമുള്ള എഴുത്ത് വികസിപ്പിക്കേണ്ടത് മെയിന്‍ പരീക്ഷ വിജയിക്കുന്നതില്‍ നിര്‍ണായകമാണ്. അറുവുണ്ടാവുന്നതിനൊപ്പംതന്നെ അത് എഴുതിഫലിപ്പിക്കേണ്ടതും അത്യാവശ്യമാണ്. അതേസമയം ആശയവിനിമയത്തിനുള്ള മികച്ച ശേഷിയുണ്ടെങ്കിലേ അഭിമുഖത്തില്‍ വിജയിക്കാനാവൂ എന്നും പ്രദീപ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരെ ഓര്‍മിപ്പിക്കുന്നു. 

Content Highlights: Story of Civil Services 2019 Topper Pradeep Singh