തിരുവനന്തപുരം: 2018-ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം നേരെ വെച്ചുപിടിച്ചത് സിവില്‍ സര്‍വീസസ് പരിശീലനത്തിന്. 2019-ലെ സിവില്‍ സര്‍വീസസ് പരീക്ഷയിലെ ആദ്യശ്രമത്തില്‍ തന്നെ സ്വന്തമാക്കിയത് 45-ാം റാങ്കും. സിവില്‍ സര്‍വീസസ് മോഹിക്കുന്ന ഏതൊരാളും കൊതിക്കുന്ന സ്വപ്‌നതുല്യമായ നേട്ടമാണ് തിരുവനന്തപുരം പേയാട് സ്വദേശി സഫ്‌ന നസറുദ്ദീന്‍ എന്ന 23-കാരി തന്റെ കഠിനാധ്വാനത്തിലൂടെ എത്തിപ്പിടിച്ചിരിക്കുന്നത്.

സ്‌കൂള്‍ പഠനകാലം തൊട്ടേ മനസിലുണ്ടായിരുന്നതായിരുന്നു സിവില്‍ സര്‍വീസസ് എന്ന ലക്ഷ്യം. ഓരോഘട്ടത്തിലും അത് മിനുക്കിയെടുത്തു. പത്താം ക്ലാസ് വരെ പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്ത് പാങ്ങോട് കേന്ദ്രീയ വിദ്യാലയയിലും. 2015-ല്‍ ബി.എ. സാമ്പത്തികശാസ്ത്രത്തിന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍. 2018-ല്‍ ഒന്നാം റാങ്കോടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ സഫ്‌ന അന്നേ മനസിലുറപ്പിച്ചു. പി.ജി. അല്ല, അടുത്തത് സിവില്‍ സര്‍വീസ് പരിശീലനമാണെന്ന്. ഒരു വര്‍ഷം തിരുവനന്തപുരം ഫോര്‍ച്യൂണ്‍ അക്കാദമിയിലായിരുന്നു പരിശീലനം.  

സിലബസ് അനുസരിച്ച് ചിട്ടയായ പഠനമായിരുന്നു തന്റെ രീതിയെന്ന് സഫ്‌ന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പഠനത്തിനാവശ്യമായ പുസ്തകങ്ങളെല്ലാം കണ്ടെത്തി. തെറ്റുകള്‍ മനസിലാക്കി, അത് തിരുത്തി മുന്നോട്ടുപോയി. ഒരു ദിവസം ഇത്ര മണിക്കൂര്‍ എന്നരീതിയിലായിരുന്നില്ല പഠനം, പക്ഷേ, ഓരോ ദിവസവും എത്ര പഠിക്കണമെന്ന് ആദ്യതന്നെ മുന്‍കൂട്ടി തീരുമാനിക്കും. അത് പൂര്‍ത്തിയാക്കുകയും ചെയ്യും. 

പരിശീലനത്തിന് ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം ഡീആക്ടിവേറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കും. 

പരീക്ഷയും അഭിമുഖവുമെല്ലാം മികച്ചതായിരുന്നു. പരീക്ഷയ്ക്കും അഭിമുഖത്തിനും മുമ്പ് കടമ്പ കടക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ, എല്ലാം ഭംഗിയായി കഴിഞ്ഞു. എല്ലാ പിന്തുണയും നല്‍കിയ കുടുംബാംഗങ്ങള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവര്‍ക്കും വളരെയധികം നന്ദിയുണ്ട്-സഫ്‌ന പറഞ്ഞു. 

സത്യസന്ധയായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുമെന്നാണ് സഫ്‌ന നല്‍കുന്ന ഉറപ്പ്. സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹത്തിലെ പിന്നോക്കംനില്‍ക്കുന്നവരുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും സഫ്‌ന പറയുന്നു.

സൈലന്റ് ആയ ഒരു കുട്ടിയായിരുന്നെങ്കിലും അക്കാദമിക് കാര്യങ്ങളില്‍ സഫ്‌ന മികച്ചനിലവാരം പുലര്‍ത്തിയിരുന്നുവെന്ന് മാര്‍ ഇവാനിയോസ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപിക പ്രൊഫ. ജെസി തോമസും പ്രതികരിച്ചു. 2018-ല്‍ കോളേജില്‍ ഒന്നാം റാങ്കോടെയാണ് സഫ്‌ന ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് പി.ജി.യ്ക്ക് പോകാതെ സിവില്‍ സര്‍വീസ് പരിശീലനത്തിന് പോകണോ എന്ന് ചോദിച്ചിരുന്നു, പക്ഷേ, അവള്‍ അന്നേ അത്രയും ആത്മവിശ്വാസത്തിലായിരുന്നു. സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഓരോഘട്ടം കഴിയുമ്പോഴും എല്ലാകാര്യങ്ങളും വിളിച്ചുപറഞ്ഞിരുന്നു. ആദ്യശ്രമത്തില്‍ തന്നെ 45-ാം റാങ്കോടെ വിജയം നേടിയെന്ന് കേട്ടപ്പോള്‍ വളരെയേറെ സന്തോഷവും അഭിമാനവുമുണ്ട്- സഫ്‌നയുടെ അധ്യാപിക പറഞ്ഞു. 
 
റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടറായ ഹാജ നസറുദ്ദീനാണ് സഫ്‌നയുടെ പിതാവ്. മാതാവ് എ.എന്‍. റംല കാട്ടാക്കട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരിയാണ്. ഫര്‍ഹാന നസറുദ്ദീന്‍, ഫസ്‌ന നസറുദ്ദീന്‍ എന്നിവര്‍ സഹോദരിമാര്‍. 

Content Highlights: safna nasarudhhen from trivandrum got 45th rank in civil services exam