മുക്കം : സിവിൽ സർവീസ് പരീക്ഷയിൽ കോഴിക്കോട് മുക്കം സ്വദേശി ആദർശ് രജീന്ദ്രന് 405-ാം റാങ്ക്. 2016-ലെ സിവിൽ സർവീസ് പരീക്ഷയിൽ 739-ാം റാങ്ക് നേടിയ ആദർശ് എ.എസ്.പി.യാണ്. ഇപ്പോൾ ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ പരിശീലനത്തിലുമാണ്. ഐ.എ.എസ്. നേടണമെന്ന ആഗ്രഹമാണ് വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചത്.

അഗസ്ത്യൻമുഴി തൊണ്ടിമ്മൽ ‘ഐശ്വര്യ’വീട്ടിൽ, അധ്യാപകരായ രജീന്ദ്രന്റെയും ഷൈലജയുടെയും മകനാണ് ആദർശ്. പ്ലസ് ടു പഠനത്തിന് ശേഷം 2015-ൽ കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ് മികച്ച മാർക്കോടെ പൂർത്തിയാക്കി. തുടർന്നാണ് സിവിൽ സർവീസ് രംഗത്തേക്ക് ചുവടുവെച്ചത്. ഡിസംബർ ഒന്നിന് അച്ഛൻ രജീന്ദ്രൻ അന്തരിച്ചു. അച്ഛൻ രജീന്ദ്രന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആദർശിന്റെ ഐ.എ.എസ്. നേട്ടം.

അച്ഛന്റെ നിർദേശപ്രകാരമാണ് വീണ്ടും പരീക്ഷ എഴുതിയത്. വിജയം അച്ഛന് സമ്മാനിക്കുന്നതായി ആദർശ് പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലായിരുന്നു കോച്ചിങ്. ഐശ്വര്യ ഏക സഹോദരി.

Content Highlights: Mukkam native Adarsh Rajeendran secures 405th Rank in CSE 2019