തലശ്ശേരി: ജോലി രാജിവെച്ച് മുഴുവന്‍സമയ പരിശീലനത്തിനിറങ്ങിയപ്പോള്‍ സിവില്‍ സര്‍വീസ് മോഹം കൈപ്പിടിയില്‍. കെ.വി.വിവേകാണ് 301-ാം റാങ്കുമായി സിവില്‍സര്‍വീസ് ലക്ഷ്യം സ്വന്തമാക്കിയത്.

കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശി പരേതനായ കെ.വി.സുകുമാരന്റെയും തലശ്ശേരി ചിറക്കര സ്വദേശി കെ.കെ.പ്രഭാവതിയുടെയും മകനാണ്. ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥനായ സുകുമാരന്‍ മക്കളുടെ പഠനത്തിനായി തലശ്ശേരിയിലേക്ക് താമസം മാറ്റുകയായിരുന്നു.

കണ്ണൂര്‍ സെയ്ന്റ് മൈക്കിള്‍സ് എച്ച്.എസ്.എസിലായിരുന്നു സ്‌കൂള്‍ പഠനം. ട്രിച്ചി എന്‍.ഐ.ടി.യി.ല്‍നിന്ന് ബി.ടെക്കും കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍നിന്ന് എം.ബി.എ.യും നേടി. ഹരിയാനയിലെ ഗുരുഗ്രാമില്‍ സാംസങ്ങില്‍ ജോലിയില്‍ കയറി. ഈ സമയത്താണ് രണ്ടുതവണ സിവില്‍സര്‍വീസ് പരീക്ഷയെഴുതിയത്. രണ്ടുതവണയും ലക്ഷ്യംകാണാനാകാഞ്ഞതോടെ ജോലി രാജിവെച്ച് മുഴുവന്‍സമയ പരിശീലനത്തിനിറങ്ങി.

കഴിഞ്ഞവര്‍ഷം 667-ാം റാങ്കോടെ റെയില്‍വേ സര്‍വീസില്‍ കയറി. ഒരുതവണകൂടി എഴുതി 301-ാം റാങ്ക്‌നേടി. ഇപ്പോള്‍ കൊല്ലത്തെ കേരളാ സിവില്‍സര്‍വീസ് പരിശീലനകേന്ദ്രത്തില്‍ പരിശീലകനാണ്. സഹോദരി ഡോ. വര്‍ഷ മന്‍മോഹന്‍ കുടുംബസമേതം കുവൈത്തിലാണ്.

Content Highlights: KV Vivek from Thalassery secured AIR 301 in CSE 2019