ഞ്ചുതവണ വീണിട്ടും പതറാതെ പരിശ്രമിച്ചപ്പോള്‍ ആറാം ശ്രമത്തില്‍ ജയം അമ്മുവിനൊപ്പം നിന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 141-ാം റാങ്കോടെയാണ് അമ്മു ജയരാജ് തന്റെ സ്വപ്നനേട്ടം കൈവരിച്ചത്. ചെന്നൈ അണ്ണാനഗറില്‍ താമസിക്കുന്ന, പാലക്കാട് പള്ളിപ്പുറം പുത്തന്‍വീട്ടില്‍ സുജാത-തൃശ്ശൂര്‍ ഊരകം ജയരാജ് ദമ്പതിമാരുടെ ഏകമകളാണ് അമ്മു. എസ്.ബി.ഐ. റിട്ട. ഉദ്യോഗസ്ഥനാണ് ജയരാജ്. ചെന്നൈ മെട്രോ ഡയറക്ടര്‍ (ഫിനാന്‍സ്) ആണ് സുജാത ജയരാജ്. കേരളത്തിലും തമിഴ്നാട്ടിലുമായാണ് അമ്മു പഠിച്ചത്. ഒന്‍പതാം ക്ലാസ് വരെ കേരളത്തിലായിരുന്നു. പിന്നീട് ചെന്നൈയിലെത്തിയെങ്കിലും പ്ലസ്ടു വരെ മലയാളഭാഷയെ കൈവിട്ടില്ല. ആശാന്‍ സ്‌കൂളിലെ പഠനകാലത്ത് മലയാളമാണ് ഐച്ഛികഭാഷയായി പഠിച്ചത്. സിവില്‍ എന്‍ജിനിയറിങ് പഠനത്തിനുശേഷം സിവില്‍ സര്‍വീസ് ശ്രമം തുടങ്ങി.

ഭൂമിശാസ്ത്രമായിരുന്നു പ്രധാന വിഷയമായി എടുത്തത്. ഭാഷാ വിഷയമായി മലയാളം തിരഞ്ഞെടുത്തു. തമിഴ്നാട്ടിലാണെങ്കിലും മലയാളവായനയുണ്ടായിരുന്നു. ദിവസവുമുള്ള പത്രവായനയും മുടക്കിയിരുന്നില്ല. പതിവായി എഡിറ്റോറിയലുകള്‍ വായിക്കും. 'എഡിറ്റോറിയല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത് പരിശീലനത്തിന്റെ ഭാഗമായിരുന്നു. മലയാളം പഠിച്ച് പരീക്ഷകള്‍ പാസായി സിവില്‍ സര്‍വീസിന്റെ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ പക്ഷേ, ചോദിച്ചത് തമിഴറിയാമോയെന്നായിരുന്നു'-അമ്മു ഓര്‍ക്കുന്നു.

ആദ്യ അഞ്ചുതവണയും മെയിന്‍ പരീക്ഷയില്‍ ശ്രമം അവസാനിച്ചു. എന്നാല്‍, തോറ്റുപിന്മാറാതെ പരിശ്രമിച്ചപ്പോള്‍ ആറാംതവണ തന്റെ സിവില്‍ സര്‍വീസ് സ്വപ്നത്തെ അമ്മു കൈപ്പിടിയിലാക്കി. ഈ ആറുവര്‍ഷത്തിനിടയില്‍ മാതാപിതാക്കളുടെ പ്രോത്സാഹനമാണ് തനിക്ക് ശക്തിപകര്‍ന്നതെന്ന് അമ്മു പറയുന്നു. പത്താംക്ലാസ് മുതല്‍ പഠിച്ചത് ചെന്നൈയിലാണെങ്കിലും 'അമ്മമലയാള'ത്തെ മറക്കാതെയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 141-ാം റാങ്ക് നേടിയ അമ്മുവിന്റെ വിജയം. എം.ടി.യുടെയും മാധവിക്കുട്ടിയുടെയും ചെറുകഥകള്‍ ഇഷ്ടപ്പെടുന്ന അമ്മു സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഭാഷയായി മലയാളം തിരഞ്ഞെടുത്തതും ആത്മവിശ്വാസത്തോടെയാണ്.


സിവില്‍ സര്‍വീസിന് ശ്രമിച്ചുതുടങ്ങിയപ്പോള്‍ ആദ്യം അച്ഛനും അമ്മയ്ക്കും സംശയമായിരുന്നു. ശ്രമം ആത്മാര്‍ഥമാണെന്ന് കണ്ടതോടെ അവര്‍ പൂര്‍ണപിന്തുണ നല്‍കി. മക്കളെ അവര്‍ക്ക് താത്പര്യമുള്ള മേഖലകളിലേക്കാണ് മാതാപിതാക്കള്‍ വഴിനടത്തേണ്ടതെന്ന് അമ്മു പറയുന്നു. സിവില്‍ സര്‍വീസ് പഠനത്തിനൊപ്പം അമ്മു കോച്ചിങ് സെന്ററുകളില്‍ അധ്യാപകജോലിയും ചെയ്തിട്ടുണ്ട്. സാമൂഹിക സേവന രംഗത്തും പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷിക്കാര്‍ക്കായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രജാഹിത എന്ന സന്നദ്ധസംഘടനയുടെ ഭാഗമായി ഒരു വര്‍ഷത്തോളമായി ചെന്നൈയില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. ജീവിതത്തില്‍ പലപ്പോഴും പരാജയമുണ്ടാകും. കാരണം മനസ്സിലാക്കി അതുതിരുത്തി മുന്നോട്ടുപോയാല്‍ ആ പരിശ്രമത്തിന് തീര്‍ച്ചയായും ഫലമുണ്ടാകുമെന്ന് സ്വന്തം ജയത്തെ സാക്ഷ്യപ്പെടുത്തി അമ്മു പറയുന്നു.

 

Content Highlights: J Ammu from Palakkad Opted Malayalam as Writing Language for CSE and Secured AIR 141