മൂന്നുതവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തെ അടുത്ത ഊഴത്തില്‍ കൈപ്പിടിയിലൊതുക്കാനായതിന്റെ ആഹ്ലാദത്തിലാണ് ഹസ്സന്‍ ഉസൈദ്. നാലാം ശ്രമത്തിലാണ് 542-ാം റാങ്ക് നേടി ബത്തേരി നായ്ക്കട്ടി ഫിര്‍ദൗസ് മഹലില്‍ എന്‍.എ. ഹസ്സന്‍ ഉസൈദ് തന്റെ സിവില്‍ സര്‍വീസ് സ്വപ്നം സാക്ഷാത്കരിച്ചത്. മൂന്നു തവണയും പ്രിലിമിനറിയും മെയിനും വിജയിച്ചെങ്കിലും അഭിമുഖത്തില്‍ പരാജയപ്പെട്ടു. പരാജയങ്ങളില്‍ പിന്‍വാങ്ങാതെ വാശിയോടെ പഠിച്ചതാണ് ഈ തിളങ്ങുന്ന വിജയം നേടിയത്.

നായ്ക്കട്ടി എ.എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപകനായ എന്‍.കെ. അസൈന്റെയും മുത്തങ്ങ ജി.എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപികയായ സൈനബ ചേനക്കലിന്റെയും ഇളയമകനാണ് ഹസ്സന്‍ ഉസൈദ്. പ്ലസ്ടു വരെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പഠനം. പിന്നീട് തിരുവനന്തപുരം സി.ഇ.ടി.യില്‍നിന്ന് ബി.ടെക് നേടി. ഇതിനുശേഷം രണ്ട് വര്‍ഷം ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ പ്ലാനിങ് എന്‍ജിനിയറായി ജോലി ചെയ്തു.

സ്വന്തമായിട്ടായിരുന്നു പഠനവും പരിശീലനവുമെല്ലാം. ലൈബ്രറികളും ഇന്റര്‍നെറ്റുമായിരുന്നു ആശ്രയം. വിവിധ അക്കാദമികള്‍ നടത്തുന്ന പരിശീലന പരീക്ഷകള്‍ നിരന്തരമെഴുതി, പിഴവുകള്‍ തിരുത്തിയായിരുന്നു പഠനം. ദിവസവും പഠനത്തിനായി 12 മണിക്കൂറോളം മാറ്റിവെച്ചു. ഇതിനിടെ വിവിധ സിവില്‍ സര്‍വീസ് അക്കാദമികളില്‍ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ചെലവുകള്‍ക്കുള്ള പണം കണ്ടെത്തിയത് ഇങ്ങനെയാണ്.

സി.എ.പി.എഫ്. പരീക്ഷയില്‍ 20-ാം റാങ്കുകാരന്‍കൂടിയാണ് ഹസ്സന്‍ ഉസൈദ്. സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റായി നിയമനവും ലഭിച്ചു. ഇപ്പോള്‍ സിവില്‍ സര്‍വീസ് കിട്ടിയതോടെ ഈ ജോലി വേണ്ടെന്നുവെച്ചു. സഹോദരന്‍ മുഹമ്മദ് ഉനൈസ് മാതമംഗലം ജി.എച്ച്.എസിലെ അധ്യാപകനാണ്.

Content Highlights: Hassan Usaid  form Bathery Naykkatti secures AIR 542 in CSE 2019 in his 4th attempt