വൈറ്റ് കെയിനിന്റെ സഹായംപോലും തേടാതെ ഗോകുല്‍ നടന്നുകയറിയതാണ് ഈ പടവ്. സിവില്‍ സര്‍വീസ് പരീക്ഷയിലെ 804-ാം റാങ്ക് തന്നെ തേടിയെത്തിയപ്പോള്‍ ഗോകുലിന്റെ പ്രതികരണം വെളിച്ചംപോലുള്ള ചിരിയായിരുന്നു. നൂറുശതമാനം കാഴ്ചപരിമിതനായ ഗോകുല്‍ ആദ്യശ്രമത്തില്‍തന്നെ നേടിയെടുത്ത റാങ്ക് ചരിത്രവുമായി.
തിരുമല വിജയമോഹിനി മില്‍സിന് സമീപം 'ഗോകുല'ത്തില്‍ എസ്. ഗോകുലാണ് കാഴ്ചപരിമിതിയെ അതിജീവിച്ച്, ഒരു പരിശീലനകേന്ദ്രത്തെയും ആശ്രയിക്കാതെ സിവില്‍ സര്‍വീസ് വിജയം നേടിയത്. പൂര്‍ണമായും കാഴ്ചശേഷിയില്ലാത്ത, കേരളത്തില്‍നിന്നുള്ള ആദ്യ വിജയി. മൂന്നുവര്‍ഷമായി നടത്തിവന്ന പരിശ്രമത്തിന്റെ നേട്ടം മാത്രമാണിതെന്ന് ഗോകുല്‍ പറയുന്നു. എന്‍.സി.സി. ഡയറക്ടറേറ്റില്‍ ജീവനക്കാരനായ അച്ഛന്‍ സുരേഷ് കുമാറും കോട്ടണ്‍ഹില്‍ സ്‌കൂളില്‍ അധ്യാപികയായ അമ്മ ശോഭയുമാണ് തനിക്ക് വഴിവെളിച്ചമായതെന്നും ഗോകുല്‍ പറഞ്ഞു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. മൂന്നാം റാങ്കും എം.എ. ഒന്നാം റാങ്കും നേടിയ ഗോകുല്‍ പഠനവഴികളില്‍ പണ്ടേ വിസ്മയമായിരുന്നു. കേരള സര്‍വകലാശാലയില്‍ ഗവേഷണത്തിനിടെയാണ് ഇപ്പോഴത്തെ നേട്ടം. 'മാതൃഭൂമി' സ്പീക്ക് ഫോര്‍ കേരള സംവാദപരിപാടിയില്‍ ഉള്‍പ്പെടെ വിജയിയായിട്ടുള്ള ഗോകുല്‍ ദേശീയതലത്തിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.