ല്‍ഹിയില്‍ ആശുപത്രി ഡ്യൂട്ടിക്കിടെയാണ് ഡോ. ജോര്‍ജ് അലന്‍ ജോണിനെത്തേടി ആ സന്തോഷവാര്‍ത്ത എത്തിയത്, സിവില്‍ സര്‍വീസില്‍ 156-ാം റാങ്ക്. അച്ഛനും ചേച്ചിക്കും ശേഷം കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ താമരക്കാട് വീട്ടിലേക്ക് മൂന്നാമത്തെ സിവില്‍ സര്‍വീസുകാരനായത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.

''സന്തോഷമുണ്ട്, ഇനി മറ്റൊരു രീതിയില്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാമല്ലോ'' -ചുരുങ്ങിയ വാക്കില്‍ ആഹ്ലാദം പങ്കുവെച്ചു, അലന്‍. സഹോദരി ചൈത്ര തേരേസ ജോണ്‍ 2015-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 111-ാം റാങ്കുകാരിയായിരുന്നു. ഇപ്പോള്‍ ഭീകരവിരുദ്ധ സേന മേധാവിയാണ്. ഐ.ആര്‍.എസ്. ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍ ഡോ. ജോണ്‍ ജോസഫ്.

അലന്‍ ഇപ്പോള്‍ തുടരുന്നതും ഇഷ്ടമേഖലയില്‍ തന്നെയാണ്. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തില്‍ ഡോക്ടറാണിപ്പോള്‍. ഐ.പി.എസ്., ഐ.എ.എസ്., ഡോക്ടര്‍ ഏതായാലും ഒരുപോലെ ഇഷ്ടമാണ് അലന്. പ്രത്യേക പരിശീലനമൊന്നുമില്ലാതെയാണ് അലന്‍ ഈ നേട്ടം കൈവരിച്ചത്. ''2015-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയിരുന്നു. 500-നു മുകളിലായിരുന്നു റാങ്ക്. അച്ഛനും സഹോദരിയും ഇതേ രംഗത്തായതിനാല്‍ എങ്ങനെ പഠിക്കണമെന്നെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്നു'' - അലന്‍ പറഞ്ഞു.

കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് ഓര്‍ത്തോ പീഡിക്‌സില്‍ എം.എസ്. നേടി. ഒന്നാം റാങ്കോടെയാണ് വിജയിച്ചത്.

കേന്ദ്ര ധനകാര്യ വകുപ്പില്‍നിന്ന് സ്‌പെഷല്‍ സെക്രട്ടറിയായി വിരമിച്ച അച്ഛന്‍ ജോണ്‍ ജോസഫിനും ആനിമല്‍ ഹസ്ബന്‍ഡറി ജോയന്റ് ഡയറക്ടറായി വിരമിച്ച അമ്മ ഡോ. മേരി എബ്രഹാമിനുമൊപ്പം ഡല്‍ഹിലാണ് താമസം. അലന്റെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇപ്പോള്‍ മലപ്പുറത്തുള്ള ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

Content Highlights: Dr Alan John Secures Civil Services after his Sister Chaitra Theresa John