CS Jaydev
സി.എസ്. ജയദേവ്

ബെംഗളൂരു കണ്ടെയ്ന്‍മെന്റ് സോണില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്ദിരാനഗറിലെ ഫ്‌ളാറ്റില്‍ സി.എസ്. ജയദേവിനെ തേടി സിവില്‍ സര്‍വീസ് പരീഷയിലെ അഞ്ചാം റാങ്ക് വാര്‍ത്ത എത്തുമ്പോള്‍ സന്തോഷം പങ്കിടുക അത്ര എളുപ്പമായിരുന്നില്ല. മാധ്യമങ്ങളും സുഹൃത്തുക്കളുമൊക്കെ ഫ്‌ളാറ്റിന് അടുത്തെത്തി മാത്രം ആഹ്‌ളാദം പങ്കിടേണ്ടിവരുന്ന നിസ്സഹായത. ആരെയും ഫ്‌ളാറ്റിനുള്ളിലേക്ക് കയറ്റാന്‍ കുടുംബത്തിന് കഴിഞ്ഞില്ല.

ചെറുപ്പം മുതല്‍ ക്വിസ്, ഡിബേറ്റ് എന്നിവയില്‍ എന്നും മുന്നില്‍ നിന്നിരുന്ന ജയദേവിന് ഏറ്റവും പ്രിയം പുസ്തകങ്ങളായിരുന്നു. രണ്ടാം ക്‌ളാസ് വരെ എറണാകുളം ചിന്മയയില്‍ പഠിച്ചു. ശേഷം ബെംഗളൂരുവിലേക്ക് കുടുംബം മാറിയപ്പോള്‍ അവിടെ ഫ്രാങ്ക് ആന്റണി സ്‌കൂളിലായി.

ബെംഗളൂരു നാഷണല്‍ ലോ സ്‌കൂളില്‍ നിയമപഠനശേഷം ഉയര്‍ന്ന മാര്‍ക്കോടെ പഠിച്ചിറങ്ങി. അഭിഭാഷകവൃത്തിക്കായി കര്‍ണാടകയില്‍ എന്റോള്‍ ചെയ്തു. ഐ.എ.എസ്. എന്ന ഒരു പരീക്ഷണംകൂടി വേണമെന്ന് തോന്നിയപ്പോഴാണ് ചെറിയ കാലത്തെ പരിശീലനശേഷം സിവില്‍ സര്‍വീസിന് പരീക്ഷയെഴുതിയത്.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപം 'ഉദയന' വീട്ടില്‍ ബെംഗളൂരുവില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍മാരായ സതീഷ് വാര്യരുടെയും രോഷ്നിയുടെയും ഏകമകനാണ് ജയദേവ്.

Content Highlights: CS Jaydev secures AIR 5 in Civil Services Exam 2019