സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മലയാളികളുടെ പട്ടികയില്‍ വ്യത്യസ്തമായ നേട്ടമാണ് കോട്ടയം തിരുനക്കര സ്വദേശിയായ എന്‍. രവിശങ്കര്‍ ശര്‍മയുടേത്. മൂന്നാമത്തെ ശ്രമത്തില്‍ 265-ാം റാങ്കാണ് ഈ യുവാവ് നേടിയെടുത്തത്. കൃത്യമായ പരിശീലനത്തിന് സ്വയം സജ്ജമാവുകയാണെങ്കില്‍ ആര്‍ക്കും വിജയം നേടിയെടുക്കാമെന്ന് പറയുകയാണ് 2018-ലെ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയിലും വിജയിയായ രവിശങ്കര്‍.
കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രോണിക്സ് എന്‍ജിനീയറിങില്‍ ബിരുദം പൂര്‍ത്തിയാക്കിയ രവിശങ്കര്‍ ബെംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ രണ്ടുവര്‍ഷം ജോലി ചെയ്തശേഷമാണ് സിവില്‍ സര്‍വീസ് മോഹത്തിനു പിന്നാലെ കൂടിയത്. 2018-ല്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ വിജയിച്ച രവിശങ്കര്‍ നിലവില്‍ ഇതിന്റെ ട്രെയിനിങിലാണ്.
പരിശീലനം
തുടക്കത്തില്‍ ജോലിക്കൊപ്പം പഠനം ആരംഭിച്ചെങ്കിലും പിന്നീട് രാജിവെച്ച് മുഴുവന്‍ സമയം പഠനത്തിലേക്ക് തിരിയാന്‍ തീരുമാനമെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെത്തി പല സ്ഥാപനങ്ങളിലായി പരിശീലനം നടത്തി. പരീക്ഷയേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. കുറച്ചുനാളുകള്‍ മാത്രമേ പരിശീലനത്തിനായി സ്ഥാപനങ്ങളില്‍ പോയിരുന്നുള്ളൂ. പിന്നീട് സ്വയം പഠനത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയത്.
പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പില്‍ പത്രം നന്നായി വായിക്കുകയെന്നത് അത്യാവശ്യമുള്ള കാര്യമാണെന്ന് രവിശങ്കര്‍ പറയുന്നു. സമകാലിക സംഭവങ്ങള്‍ക്ക് പരീക്ഷയില്‍ പ്രത്യേക സ്ഥാനമുണ്ടായിരിക്കും. മെയിന്‍ പരീക്ഷയ്ക്കായുള്ള ഉത്തരങ്ങള്‍ എഴുതി പരിശീലിക്കാറുണ്ടായിരുന്നു.
സോഷ്യോളജിയായിരുന്നു മെയിന്‍ പരീക്ഷയ്ക്കുള്ള ഐച്ഛിക വിഷയം. പ്രിലിമിനറിക്കും മെയിന്‍ പരീക്ഷയ്ക്കും പ്രത്യേകം മോക്ക് ടെസ്റ്റുകള്‍ ചെയ്തിരുന്നു. മറ്റുള്ളവര്‍ നല്കുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളും തുറന്ന മനസ്സോടെ സ്വീകരിച്ചാല്‍ മികച്ച രീതിയില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയുമെന്നും രവിശങ്കര്‍ പറയുന്നു.
കൂടെ തയ്യാറെടുപ്പ് നടത്തുന്നവരുമായി നടത്തിയ ചര്‍ച്ചകളും പരീക്ഷയില്‍ സഹായിച്ചിട്ടുണ്ട്. മിക്കപ്പോഴും ആശയങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതൊരു പഠനമാണെന്നുകൂടി തോന്നാറില്ല. ഇത്തരം ചര്‍ച്ചകള്‍ നമുക്ക് ഓരോ വിഷയത്തിലും കൂടുതല്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും വിഷയത്തെ വിവിധ തലത്തില്‍ നോക്കിക്കാണാനും സഹായകമാണ്.
കൊറോണക്കാലത്തെ അഭിമുഖം
സാധാരണയില്‍നിന്ന് വ്യത്യസ്തമായ അഭിമുഖമാണ് കൊറോണക്കാലത്ത് യു.പി.എസ്.സി നടത്തിയത്. മാസ്ക് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നവര്‍ സാമാന്യം നല്ല അകലത്തിലായിരുന്നു ഇരുന്നതും. വ്യാപാര രംഗത്തേതുള്‍പ്പെടെ സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും ഉന്നയിക്കപ്പെട്ടത്.
വീട്ടുകാരുടെ പിന്തുണ
പരിശീലനകാലത്ത് വീട്ടുകാരില്‍നിന്നുള്ള പിന്തുണ വളരെ നിര്‍ണായകമായിരുന്നു. ജോലി രാജിവെക്കുമ്പോള്‍ അല്പം ആശങ്കയുണ്ടായിരുന്നെങ്കിലും നന്നായി തയ്യാറെടുക്കാനുള്ള തീരുമാനത്തെ വീട്ടുകാര്‍ പിന്തുണച്ചു. ആദ്യതവണ പരാജയപ്പെട്ടപ്പോഴും മുന്നോട്ടുനീങ്ങാനുള്ള കരുത്ത് പകര്‍ന്നത് വീട്ടുകാരാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ റിട്ടയേഡ് മാനേജരായ നീലകണ്ഠ ശര്‍മയുടെയും മൈഥിലിയുടെയും മകനാണ്. സഹോദരി ദീപ എം. ശര്‍മ ചെന്നൈ ഐ.ഐ.ടിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ്.
സിവില്‍ സര്‍വീസ് സ്വപ്നം കാണുന്നവരോട്
പരീക്ഷയേക്കുറിച്ച് വ്യക്തമായി ധാരണയുണ്ടാക്കാതെ വെറുതെ കഠിനാധ്വാനം നടത്തിയതുകൊണ്ട് കാര്യമില്ല. എന്തെല്ലാം, എങ്ങനെ പഠിക്കണം എന്ന ഫോര്‍മുല തുടക്കത്തില്‍തന്നെ തയ്യാറാക്കണം. അറിയാവുന്നവരില് നിന്നും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തേടുകയും മുന്പരിചയമുള്ളവരോട് ഉപദേശം സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പഠിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്
പരീക്ഷാര്‍ഥികള്‍ സിവില്‍ സര്‍വീസല്ലാതെ മറ്റൊരു മാര്‍ഗം കൂടി കണ്ടുവെക്കുന്നത് നല്ലതാണ്. പരീക്ഷയില്‍ ജയിക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റേതെങ്കിലും ജോലിയില്‍ പ്രവേശിക്കാനുള്ള ബാക്ക്അപ് ഓപ്ഷന് ഉണ്ടാവുകയാണെങ്കില്‍ പിന്നീട് നിരാശരാവേണ്ട സ്ഥിതിയുണ്ടാകില്ല.
Content Highlights: Civil Services AIR 265 Ravisankar Sarma Success Story and Preparation Strategy