സിവിൽ സർവീസ് പരീക്ഷ പലർക്കും ബാലികേറാമലയാണ്. എന്നാൽ കിട്ടുന്ന സമയം കൃത്യമായി വിനിയോഗിച്ചാൽ സിവിൽ സർവീസ് ആർക്കും നേടാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ആശിഷ്. പത്തനാപുരം ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ ഫയർമാൻ ആശിഷ് ദാസ് ജോലിക്കിടിയിലെ സമയം വിനിയോഗിച്ചാണ് 291ാം റാങ്ക് നേടിയത്. കൊല്ലം മുഖത്തല സ്വദേശിയാണ് ആശിഷ്.

റാങ്ക് പ്രതീക്ഷ

ഇത്തവണ റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിരുന്നു. ഫലം അറിഞ്ഞപ്പോൾ സത്യത്തിൽ വല്ലാത്ത അനുഭവമായിരുന്നു, വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഞാൻ റിസൾട്ട് അറിയുന്നതിന് മുൻപ് തന്നെ കുറച്ച് പേർ എനിക്ക് അഭിനന്ദനം അറിയിച്ച് മെസേജുകൾ അയച്ചിരുന്നു. അപ്പോൾ തന്നെ എനിക്ക് കിട്ടി എന്ന് ഉറപ്പായി. പിന്നെ ഏതാണ് റാങ്ക് എന്ന് അറിയാനുള്ള തിടുക്കമായിരുന്നു. ക്യത്യമായൊരു റാങ്ക് കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നാൽ ഐഎഎസ് കിട്ടണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്നു.

ആറ് വർഷത്തെ ശ്രമം

സിവിൽ സർവീസിന് വേണ്ടി ആറ് വർഷത്തോളമായി പരിശീലിക്കുകയാണ്. അഞ്ച് പ്രാവശ്യം പരീക്ഷയെഴുതിയിരുന്നു. ഇത് അഞ്ചാമത്തെ പരിശ്രമമാണ്. ആദ്യത്തെ മൂന്ന് തവണ പ്രിലിമിനറി പരീക്ഷയിൽ പുറത്തായി. നാലാമത്തെ തവണ ഇന്റർവ്യൂ വരെ എത്തിയിരുന്നു. ഇന്റർവ്യൂ വരെ എത്തിയ ശേഷം പുറത്തായപ്പോൾ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. വളരെയധികം വിഷമിച്ച അവസരമായിരുന്നു അത്. എന്നാൽ പ്രതിസന്ധികൾ തരണം ചെയ്യാതെ മുന്നോട്ട് പോവാൻ പറ്റില്ലല്ലോ. റിസൾട്ട് വന്നതിന് ഒരു മാസത്തിന് ശേഷം അടുത്ത പ്രിലിമിനറി വരും. ഞാൻ അതേ വിഷമസന്ധിയിൽ നിൽക്കുകയാണെങ്കിൽ എനിക്കൊരു തിരിച്ചുവരവ് ഉണ്ടാവില്ലായിരുന്നു. അതുകൊണ്ടു തന്നെ ആ പരാജയത്തെ അവിടെ വെച്ച് അടുത്ത പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ ഒരുങ്ങുകയായിരുന്നു.

ലക്ഷ്യത്തിലേക്ക് എത്താനുള്ള വിശ്വാസം

എന്റെ കഴിവിന്റെ ഒരുപാട് മുകളിലാണ് സിവിൽ സർവീസ് എന്ന് എനിക്കറിയാമായിരുന്നു. എല്ലാവരും പഠിക്കുന്നത് നോക്കി പഠിച്ചാൽ എനിക്ക് മുന്നോട്ട് പോവാൻ പറ്റില്ലെന്നും അറിയാമായിരുന്നു. എന്നാൽ അവിടെ വരെ എത്താൻ പറ്റിയെന്നത് എനിക്ക് തന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഒരോ പരീക്ഷകൾ കഴിയുമ്പോളും ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്ന വിശ്വാസമായിരുന്നു

പരീക്ഷയ്ക്കൊരുങ്ങുന്നത് രഹസ്യമായി വെച്ചു

ഞാൻ ഇത്തരത്തിൽ പരീക്ഷയ്ക്കായി ഒരുങ്ങുന്ന കാര്യം അധികം പേർക്ക് അറിയില്ലായിരുന്നു. വളരെ കുറച്ച് പേരോട് മാത്രമേ ഞാൻ ഇക്കാര്യം പറഞ്ഞിരുന്നുള്ളൂ. രഹസ്യമായിട്ടായിരുന്നു പരിശീലനം. കൂടെ ജോലി ചെയ്യുന്നവരിൽ പലരും കഴിഞ്ഞ തവണ മെയിൻ എക്സാം പാസായപ്പോഴാണ് അറിഞ്ഞത്. അതിനാൽ തന്നെ പരിശീലനത്തെ ബാധിക്കുന്ന തരത്തിലുള്ള നെഗറ്റീവ് കമന്റുകൾ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇത് നേടാൻ പറ്റുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നില്ല ഇതെന്റെ ശ്രമം മാത്രമായിരുന്നു. ഒരു കുഞ്ഞു മനുഷ്യൻ ഹിമാലയം കീഴടക്കുന്നത് പോലെയെന്ന് വേണമെങ്കിൽ പറയാം. ഞാൻ കേറാൻ പോവും എന്ന് വിളിച്ച് പറയാൻ പറ്റില്ലല്ലോ എന്തായാലും ഒന്ന് കേറി നോക്കാം അതായിരുന്നു മനസിൽ. കിട്ടുകയാണെങ്കിൽ ആ സന്തോഷം എല്ലാവരും അറിഞ്ഞോട്ടെ ഇല്ലെങ്കിൽ അത് നമ്മൾ മാത്രം അറിഞ്ഞാൽ മതിയല്ലോ.

ആദ്യം ഫയർഫോഴ്സിൽ

പ്ലസ്ടുവിന് ശേഷം ഹോട്ടൽ മാനേജ്മെന്റാണ് പഠിച്ചത്. അതിന് ശേഷം മൂന്ന് വർഷം കുറച്ച് ജോലികൾ ചെയ്തിരുന്നു. പിന്നീടാണ് സർക്കാർ ജോലിയിലേക്ക് എത്തുന്നത്. ഞാൻ പി.എസ്.സിക്ക് വേണ്ടി പരിശീലിച്ചിട്ട് ഇല്ലായിരുന്നു. എന്റെയൊരു കസിൻ ബ്രദറാണ് ഫയർമാന്റെ പരീക്ഷയ്ക്ക് എനിക്ക് വേണ്ടി അപേക്ഷ അയച്ച് നൽകിയത്.

വലിയ പ്രതീക്ഷകൾ ഇല്ലാതെയാണ് ഞാൻ പോയി എഴുതിയത്. എന്നാൽ ഭാഗ്യവശാൽ എനിക്ക് ജോലി ലഭിച്ചു. ഞാൻ ആദ്യമായി എഴുതി ലഭിച്ച ജോലിയാണ് ഫയർഫോഴ്സ്. 8 വർഷമായി ഇപ്പോൾ സർവീസിലുണ്ട്. ജോലിയുണ്ടെന്ന് കരുതി സിവിൽ സർവീസ് പരിശിലനത്തിന് എനിക്ക് മടി തോന്നിയിരുന്നില്ല. ഇത് ഞാൻ എന്നെ തന്നെ വെല്ലുവിളിച്ചു കൊണ്ട് എഴുതിയ പരീക്ഷയാണ്. ഇതിനായി പരിശീലിച്ച ദിനങ്ങൾ എന്നെ ഒരുപാട് മാറ്റിയെന്ന് വേണം പറയാൻ. സിവിൽ സർവീസസ് കിട്ടിയില്ലെങ്കിലും ജീവിതത്തിൽ ഞാനൊരു വിജയിച്ച മനുഷ്യനാണെന്ന് വിശ്വാസം എനിക്കുണ്ടായിരുന്നു. ഈ പഠനം എനിക്കൊരിക്കലും ഭാരമായി തോന്നിയിരുന്നില്ല

ആ പരീക്ഷ എല്ലാം മാറ്റി മറിച്ചു

ചെറുപ്പത്തിൽ തന്നെ സിവിൽ സർവീസ് മോഹം ഉണ്ടായിരുന്നില്ല. ഫയർഫോഴ്സിലെ ട്രെയിനിങ്ങ് കാലഘട്ടത്തിൽ ഒരു പരീക്ഷ എഴുതുകയും അതിൽ ഫസ്റ്റ് റാങ്ക് കിട്ടുകയും ചെയ്തു. അങ്ങനെയാണ് എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നിയത്. അങ്ങനെയായിരുന്നു സിവിൽ സർവീസ് പരീശീലനത്തിലേക്ക് എത്തിയത്. ഫയർ ഫോഴ്സിൽ കയറി രണ്ട് മൂന്ന് വർഷത്തിന് ശേഷമാണ് സിവിൽ സർവീസ് പരീക്ഷയെ കുറിച്ച് ചിന്തിക്കുന്നത്. എന്റെ 27-ാമത്തെ വയസിലാണ് ഞാൻ ഈ പരീക്ഷ ആദ്യമായി എഴുതുന്നത്.

ചെറുപ്പത്തിൽ ആരാകണമെന്നോ എന്താകണമെന്നോ അങ്ങനെ യാതൊരു സ്വപ്നങ്ങളുമുണ്ടായിരുന്നില്ല. അങ്ങനെയങ്ങ് കഴിഞ്ഞ് പോവണം അത്രയേ ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് തന്നെ ഈ വ്യക്തിയെ പോലെയാവണമെന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല. സത്യത്തിൽ അങ്ങനെയൊരു സാഹചര്യത്തിൽ നിന്നല്ല ഞാൻ വരുന്നത്. എനിക്ക് ഒരു എൽഡി ക്ലാർക്ക് ജോലി പോലും അപ്രാപ്യമായിരുന്നു. ജോലി ഒഴിവാക്കിയുള്ള പരിശീലനം സാധിക്കുമായിരുന്നില്ല.

ജോലി ഒഴിവാക്കിക്കൊണ്ട് പരീശിലനം മാത്രമായി മുന്നോട്ട് കൊണ്ടു പോവാനായി എനിക്ക് പറ്റില്ലായിരുന്നു അത്തരമൊരു സാഹചര്യം എനിക്കുണ്ടായിരുന്നില്ല. ഇടയ്ക്ക് അൽപം ലീവ് എടുത്തിരുന്നു. അതിനാൽ തന്നെ ക്യത്യമായ ടൈംടേബിൾ വെച്ച് മുന്നോട്ട് പോവാനായി സാധിക്കില്ലായിരുന്നു. അതനുസരിച്ചാണ് പഠനം ക്രമീകരിച്ചത്. പഠിക്കേണ്ടവയെ വിഭജിച്ച് ക്യത്യമായൊരു സമയം മുന്നിൽ വെച്ച് തീർക്കുകയായിരുന്നു. എല്ലാത്തരം റിസോഴ്സുകളെയും ഞാൻ ആശ്രയിച്ചിരുന്നു. കൂടുതലും ഓൺലൈൻ ക്ലാസുകൾ ഞാൻ കണ്ടിരുന്നു. ഒരുപാട് നല്ല ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിലവിലുണ്ട്. സ്റ്റേറ്റ് അക്കാദമിയിൽ നിന്നായിരുന്നു പരിശീലനം ആരംഭിച്ചത്. പിന്നീട് ചില കോച്ചിങ്ങ് സെന്ററുകളെയും ആശ്രയിച്ചിരുന്നു.

സിവിൽ സർവീസ് സ്വപ്നം കാണുന്നവരോട്

വേണമെന്ന് കരുതി തുനിഞ്ഞ് ഇറങ്ങിയാൽ നിങ്ങൾക്കും ഈ പരീക്ഷയിൽ വിജയിക്കാൻ സാധിക്കും അതാണ് പറയാനുള്ളത്. നമ്മളുടെ കുറവുകൾ മനസിലാക്കി മുന്നോട്ട് പോവുക. ചിലപ്പോൾ നമുക്ക് എഴുതാനായി വേഗം കുറവായിരിക്കും. കൈയക്ഷരം മോശമായിരിക്കും, പഠിച്ചാൽ ഓർമ്മ നിൽക്കില്ല, കൂടുതൽ നേരമിരുന്ന് പഠിക്കാൻ പറ്റില്ല. അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടാവും അതോരോന്നും മനസിലാക്കി പരിഹരിച്ച് മുന്നോട്ട് പോവുക. ഫോക്കസ്ഡാവുക എന്നതാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോവുക

വീട്ടിൽ അച്ഛനും അമ്മയുമുണ്ട്. ഭാര്യ സൂര്യ സൗദിയിൽ നഴ്സാണ്. ഭാര്യയും മകൾ അമേയയും സൗദിയിലാണ്. അവരെല്ലാം എനിക്ക് റാങ്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് ആദ്യം കുറേ നേരം കരഞ്ഞു. അവർ ഇപ്പോഴും അതിന്റെ ആഘോഷത്തിലാണ്. ഐ.എ.എസ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഇല്ലെങ്കിൽ നല്ല റാങ്കിന് വേണ്ടി പരിശ്രമിക്കണം.