സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടുകയെന്നത് ചില്ലറ കാര്യമല്ല, അതും ആദ്യശ്രമത്തില്‍. പലവിധ സാഹചര്യങ്ങളില്‍നിന്നു വരുന്ന വ്യത്യസ്തരായ നിരവധിപ്പേര്‍ ജയിച്ചുകയറുന്ന കാഴ്ചയും ഈ പരീക്ഷയുടെ കാര്യത്തില്‍ പുതുമയുള്ളതല്ല. ഇക്കൂട്ടത്തിലേക്ക് സ്വന്തം പേര് എഴുതിച്ചേര്‍ക്കുകയാണ് തിരുവനന്തപുരം സ്വദേശി ഗോകുല്‍ എസ്.

കാഴ്ച പരിമിതിയെ മറികടന്ന് 804-ാം റാങ്കാണ് ഗോകുല്‍ സ്വന്തമാക്കിയത്. അതും ആദ്യശ്രമത്തില്‍. പരിമിതികളെ പരിമിതിയായി കാണുമ്പോള്‍ മാത്രമേ അത് യഥാര്‍ഥത്തില്‍ പരിമിതിയാകുന്നുള്ളൂവെന്ന് ഗോകുല്‍ പറയുമ്പോള്‍ അത് പുതുതലമുറയിലെ യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല. 

ബിരുദപഠനകാലത്തുതന്നെ ഗോകുല്‍ സിവില്‍ സര്‍വീസിനായുള്ള പഠനം ആരംഭിച്ചിരുന്നു. ഇക്കാലയളവില്‍ സിലബസ് പൂര്‍ണമായും പഠിച്ചുകഴിഞ്ഞിരുന്നു.  എന്നാല്‍ പി.ജി. പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. ഗവേഷക വിദ്യാര്‍ഥിയായി ചേര്‍ന്നതിനു ശേഷമാണ് മെയിന്‍ പരീക്ഷ എഴുതിയെടുത്തതും അഭിമുഖത്തില്‍ പങ്കെടുത്തതും.

തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍നിന്നാണ് ഗോകുല്‍ ഇംഗ്ലീഷില്‍ ബിരുദവും പി.ജി.യും പൂര്‍ത്തിയാക്കിയത്. നിലവില്‍ കേരള സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ്.

സമൂഹത്തില്‍ പരിമിതികളുടെ പേരിലും അല്ലാതെയും മാറ്റിനിര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഈ യുവാവ് പറയുന്നു. പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായി ഏറ്റവും മികച്ച അവസരം നല്‍കുന്ന സിവില്‍ സര്‍വീസില്‍ എത്താനായതിനെ മികച്ച രീതിയില്‍ വിനിയോഗിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഗോകുല്‍ പറയുന്നു.

Content Highlights: Gokul from Trivandrum cleared civil services examination in first attempt