പരാജയങ്ങളെ കൂട്ടുകാരായി കാണണം. ഒരേ കാരണം കൊണ്ട് അടുത്തതവണ പരാജയപ്പെടരുത്. നാലുതവണ ശ്രമിച്ചിട്ടും കിട്ടാത്ത സിവില്‍സര്‍വീസ് പരീക്ഷാജയം 291-ാം റാങ്കോടെ അഞ്ചാംതവണ സ്വന്തമാക്കിയപ്പോള്‍ ആശിഷ്ദാസ് നിരന്തര പരിശ്രമത്തിന്റെ ഫയര്‍ബ്രാന്‍ഡ് കൂടിയാവുകയാണ്. 

12 വര്‍ഷമായി ജോലിചെയ്യുന്ന അഗ്നിശമനസേനയ്ക്കും ജന്മനാടായ മുഖത്തലയ്ക്കും ഇത് ആഹ്‌ളാദദിനമായി. ആലുമുട് ആശിഷ് ഭവനില്‍ യേശുദാസന്‍-റോസമ്മ (മറിയക്കുട്ടി ദാസ്) ദമ്പതിമാരുടെ മകനാണ് ആശിഷ് ദാസ്. പത്തനാപുരം ഫയര്‍‌സ്റ്റേഷനിലെ ഫയര്‍മാനായ ആഷിഷ് മൂന്നുതവണയും പരീക്ഷ എഴുതിയപ്പോഴും അടുത്തുപോലും എത്തിയില്ല. നാലാംവട്ടം അഭിമുഖത്തിലാണ് പുറത്തായത്.

മുഖത്തല സെയ്ന്റ് ജൂഡ് സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ച ആഷിഷ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത് കാഞ്ഞിരകോട് സെയ്ന്റ് ആന്റണീസ് എച്ച്.എസ്.എസിലാണ്. ബെംഗളൂരുവില്‍ നിന്നു ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയ ശേഷം വെയിറ്ററായും ട്യൂഷന്‍ ടീച്ചറായും പ്രവര്‍ത്തിച്ചു. 2015 മുതലാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പോയാലെന്താ എന്ന ചിന്ത വരുന്നത്. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലും ഫോര്‍ച്യൂണ്‍ അക്കാദമിയിലും പരിശീലനം നടത്തിയിരുന്നു.

ഭാര്യ സൂര്യ സൗദി അറേബ്യയില്‍ നഴ്‌സാണ്. ഏഴുമാസം പ്രായമുള്ള അമയ ഫീനിക്‌സ് മകളാണ്.