സിവില്‍ സര്‍വീസ് പരീക്ഷയില്‍ കഴിഞ്ഞവര്‍ഷം റാങ്ക് ലിസ്റ്റില്‍ ഇടംനേടിയതിന്റെ സമാധാനമായിരുന്നെങ്കില്‍ ഇക്കുറി 99-ാം റാങ്കിന്റെ സന്തോഷമാണ് പയ്യന്നൂര്‍ മുന്‍സിഫ് കോടതിയ്ക്ക് സമീപത്തെ കര്‍ണികാരത്തിലേക്കെത്തിയത്. പി.പി.അര്‍ച്ചന കഴിഞ്ഞ തവണത്തെ 334-ാം റാങ്കില്‍നിന്നാണ് ആദ്യ നൂറിലെത്തിയത്. റാങ്ക് മെച്ചപ്പെടുത്തുക എന്നത് മാത്രമായിരുന്നില്ല, ഐ.എ.എസ്. സ്വന്തമാക്കുകയെന്നതായിരുന്നു അര്‍ച്ചനയുടെ ലക്ഷ്യം. ഗാസിയാബാദില്‍ പോസ്റ്റല്‍ വകുപ്പിന്റെ പരിശീലനത്തില്‍നിന്ന് ലീവെടുത്താണ് റാങ്ക് മെച്ചപ്പെടുത്താനുള്ള ശ്രമവുമായി മുന്നിട്ടിറങ്ങിയത്.

അത് വെറുതെയായില്ല. നിലവിലെ റാങ്കില്‍ ലക്ഷ്യമായ ഐ.എ.എസ്. കിട്ടുമെന്നാണ് പ്രതീക്ഷ. ഫീല്‍ഡ് ജോലികളില്‍തന്നെയാണ് താത്പര്യം. ഇല്ലെങ്കില്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ത്തന്നെ തുടരും. ഡിസംബറിലാണ് ലീവ് അവസാനിക്കുക. ആദ്യശ്രമത്തില്‍ പ്രിലിമിനറി പരീക്ഷ വിജയിച്ചെങ്കിലും മെയിന്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ ശ്രമത്തിലാണ് കഴിഞ്ഞവര്‍ഷം 334-ാം റാങ്ക് നേടിയത്. മൂന്നാമത്തെ ശ്രമത്തിലാണ് 99-ാം റാങ്ക്. തിരുവനന്തപുരത്തെ എന്‍ലൈറ്റ് ഐ.എ.എസ് അക്കാദമിയിലും പരിശീലനം നേടിരുന്നു.

പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂള്‍ പഠനം. കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പാസായി. പഠനകാലത്ത് നാഷണല്‍ സര്‍വീസ് സ്‌കീമിലെല്ലാം പങ്കെടുത്ത് പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ പ്രചോദനമാണ് സിവില്‍ സര്‍വീസിലേക്ക് നയിക്കുന്നത്. കൃത്യമായ സമയനിഷ്ഠകളില്ലാതെയുള്ള പഠനം, എന്നാല്‍ ഏതെങ്കിലും ഒരുഭാഗം നിശ്ചയിച്ചിട്ടുള്ള പഠനം, ഇതാണ് അര്‍ച്ചനയുടെ വിജയരഹസ്യം. ആദ്യഘട്ടത്തില്‍ ഒറ്റയ്ക്കുള്ള പഠനമായിരുന്നു. എന്നാല്‍ മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയൊക്കെ ആയപ്പോഴേക്കും കൂടെയുള്ളവരുമായി സഹകരിച്ചായിരുന്നു പഠനം.

പരീക്ഷാഘട്ടത്തിലുള്ള അഭിമുഖം എന്നതിനുപകരം ഒരു ചര്‍ച്ചപോലെയായിരുന്നു. ഒരു പരീക്ഷാ ബോര്‍ഡ് തന്നെയായിരുന്നു രണ്ടുതവണയും. സോഷ്യോളജിയായിരുന്നു മെയിന്‍. വാസ്‌കോ ഡ ഗാമ എത്തിയില്ലായിരുന്നെങ്കില്‍ രാജ്യത്ത് സാമ്രാജ്യത്വം വരുമായിരുന്നോ എന്നത് പ്രധാന ചോദ്യമായിരുന്നു. പഠനത്തോടൊപ്പം എന്തെങ്കിലും ഹോബിയും ഉണ്ടാവണം. അഭിമുഖഘട്ടത്തില്‍ അത് ഗുണംചെയ്യുമെന്ന് അര്‍ച്ചന പറയുന്നു.

പയ്യന്നൂര്‍ മുന്‍സിഫ് കോടതിയ്ക്ക് സമീപത്തെ കര്‍ണികാരത്തിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പരേതനായ കെ.ഇ.ജീവരാജിന്റെയും പിലാത്തറ യു.പി. സ്‌കൂള്‍ അധ്യാപിക പി.പി.ഗീതയുടെയും മകളാണ്. സഹോദരന്‍ അശ്വിന്‍ ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജനീയറാണ്.

Content Highlights: Archana from Payyannur secured AIR 99 in CSE 2019