സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇത്തവണ വനിതകളില്‍ ഒന്നാമതെത്തിയത് ഭോപ്പാല്‍ സ്വദേശിനിയായ സൃഷ്ടി ജയന്ത് ദേശ്മുഖ് ആണ്. അഖിലേന്ത്യാ റാങ്കിങ്ങില്‍ അഞ്ചാം റാങ്കാണ് ഈ 23-കാരി സ്വന്തമാക്കിയത്. പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി കൂടുതലും ഓണ്‍ലൈന്‍ മെറ്റീരിയലുകളെയാണ് ആശ്രയിച്ചതെന്ന് സൃഷ്ടി പറയുന്നു. 

പരീക്ഷയ്ക്ക് ഐച്ഛിക വിഷയമായി സോഷ്യോളജിയാണ് സൃഷ്ടി തിരഞ്ഞെടുത്തത്. കോച്ചിങ് ക്ലാസുകള്‍ക്ക് പോയിരുന്നെങ്കിലും അത് മാത്രമല്ല തന്റെ വിജയത്തില്‍ നിര്‍ണായകമായതെന്നും സൃഷ്ടി പറയുന്നു. ദിവസവും 6-7 മണിക്കൂര്‍ പഠനത്തിനായി മാറ്റിവെച്ചു. 

പരിശീലന കാലത്ത് ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസുകള്‍ക്കൊപ്പം മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകളിലൂടെ കടന്നുപോവുകയും ചെയ്തു. ഇന്റര്‍നെറ്റ് പഠനാവശ്യത്തിന് ഉപയോഗിക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഡീ-ആക്ടിവേറ്റ് ചെയ്തുവെക്കുകയും ചെയ്തു. ഇത് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സഹായിച്ചു. 

ഭോപ്പാലിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍നിന്ന് കെമിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയ സൃഷ്ടിയുടെ ആദ്യശ്രമമായിരുന്നു ഇത്തവണത്തേത്. സ്വകാര്യ കമ്പനിലെ എന്‍ജിനീയറാണ് പിതാവ്. ഏഴാം ക്ലാസില്‍ പഠിക്കുന്ന അനുജനും അധ്യാപികയായ അമ്മയും മുത്തശ്ശിയുമാണ് മറ്റ് കുടുംബാംഗങ്ങള്‍.

Content Highlights: UPSC 5th Topper Srushti Jayant Deshmukh Success Story