സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഞ്ചാം അവസരത്തില്‍ 19-ാം റാങ്ക് കരസ്ഥമാക്കി വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ലുധിയാന സ്വദേശി ഹര്‍പ്രീത് സിങ്. ആദ്യ മൂന്ന് തവണയും പരാജയപ്പെട്ടപ്പോള്‍ 2017-ല്‍ നാലാമത്തെ തവണ പരീക്ഷയെഴുതിയ ഹര്‍പ്രീത് സിങ് 454-ാം റാങ്ക് നേടിയിരുന്നു. ഐ.എ.എസ് ഓഫീസറാകുകയെന്ന കടുത്ത ആഗ്രഹമാണ് ഇത്തവണയും പരീക്ഷയെഴുതാന്‍ ഹര്‍പ്രീതിനെ പ്രേരിപ്പിച്ചത്. 

പരീക്ഷയില്‍ മികച്ച റാങ്ക് നേടിയത് മാത്രമല്ല, ജോലിയുടെ കാര്യത്തിലും വ്യത്യസ്തനാണ് ഹര്‍പ്രീത് സിങ്. പാട്യാലയിലെ ഥാപ്പര്‍ സര്‍വകലാശാലയില്‍നിന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങില്‍ പഠനം പൂര്‍ത്തിയാക്കിയ ഹര്‍പ്രീത് ഐ.ബി.എമ്മില്‍ നിന്നാണ് കരിയര്‍ ആരംഭിച്ചത്. 2015-ല്‍ ബി.എസ്.എഫില്‍ ചേര്‍ന്ന ഹര്‍പ്രീത് രണ്ടര വര്‍ഷത്തോളം അസിസ്റ്റന്റ് കമാന്റന്റായി പ്രവര്‍ത്തിച്ചു.

ആദ്യത്തെ മൂന്ന് തവണയും സിവില്‍ സര്‍വീസ് എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന ഹര്‍പ്രീത് കഴിഞ്ഞ തവണ 454-ാം റാങ്കിന് അര്‍ഹനായി. നിലവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന് കീഴില്‍ ഇന്ത്യന്‍ ട്രേഡ് സര്‍വീസ് (ഐ.ടി.എസ്) ഓഫീസറായി പ്രവര്‍ത്തിച്ചുവരികയാണ് ഈ 27-കാരന്‍. 

2014-ല്‍ ഐ.ബി.എമ്മില്‍ ജോലിചെയ്യുമ്പോള്‍ത്തന്നെ സിവില്‍ സര്‍വീസ് എന്ന ആഗ്രഹം തന്റെ മനസില്‍ ശക്തമായിരുന്നുവെന്ന് ഹര്‍പ്രീത് പറയുന്നു. കോച്ചിങ് സെന്ററുകളില്‍ ചേരാതെ സ്വയം പരീക്ഷാ പരിശീലനവുമായി മുന്നോട്ടുപോവുകയാണ് ഹര്‍പ്രീത് ചെയ്തത്. ചിലപ്പോള്‍ 10 - 12 മണിക്കൂറുകള്‍ പഠനത്തിനായി മാറ്റിവെച്ചപ്പോള്‍ മറ്റുചിലപ്പോള്‍ വെറും രണ്ട് മണിക്കൂര്‍ മാത്രം പഠിച്ച ദിവസങ്ങളും ഉണ്ടായിരുന്നുവെന്ന് ഹര്‍പ്രീത് പറയുന്നു. 

Content Highlights: Success Story of CSE AIR 19 Harpreet Singh, Civil Service Exam