സാമൂഹികമാധ്യമങ്ങളൊന്നുമില്ലാതെ മൂന്നുവര്‍ഷം. പരീക്ഷാ പരിശീലനത്തിനായി പയ്യന്നൂരുകാരി പി.പി.അര്‍ച്ചന തയ്യാറെടുപ്പുകള്‍ നടത്തിയത് ഇങ്ങനെയാണ്. തിരുവനന്തപുരത്ത് വൈദ്യുതി ബോര്‍ഡില്‍ സബ് സ്റ്റേഷന്‍ ഓഫീസറായി ജോലിചെയ്തുകൊണ്ട് പഠിച്ചാണ് അര്‍ച്ചന സിവില്‍ സര്‍വീസിന്റെ പടവുകള്‍ കയറിയത്. 

ആദ്യശ്രമത്തില്‍ പ്രിലിമിനറി പരീക്ഷ വിജയിച്ചെങ്കിലും മെയിന്‍ പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാമത്തെ ശ്രമത്തില്‍ 334-ാം റാങ്ക് നേടി. ആത്മാര്‍ഥതയും സമര്‍പ്പണവുമാണ് വിജയത്തിലേക്കുള്ള എളുപ്പവഴി. ഭാഗ്യം ഒരു ഘടകം മാത്രം. 

പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍നിന്നാണ് അര്‍ച്ചന പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പാസായി. പിന്നീടാണ് സിവില്‍ സര്‍വീസിലേക്ക് ശ്രദ്ധപതിപ്പിക്കുന്നത്. പഠനകാലത്ത് നാഷണല്‍ സര്‍വീസ് സ്‌കീമിലെല്ലാം പങ്കെടുത്ത് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ പ്രചോദനമാണ് സിവില്‍ സര്‍വീസിലേക്ക് നയിക്കുന്നത്. 

കൃത്യമായ സമയനിഷ്ഠകളില്ലാതെയുള്ള പഠനം, എന്നാല്‍ ഏതെങ്കിലും ഒരുഭാഗം നിശ്ചയിച്ചിട്ടുള്ള പഠനം, ഇതാണ് അര്‍ച്ചനയുടെ വിജയരഹസ്യം. 
ആദ്യഘട്ടത്തില്‍ ഒറ്റയ്ക്കുള്ള പഠനമായിരുന്നു. എന്നാല്‍ മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയൊക്കെ ആയപ്പോഴേക്കും കൂടെയുള്ളവരുമായി സഹകരിച്ചായിരുന്നു പഠനം. 

പരീക്ഷാഘട്ടത്തിലുള്ള അഭിമുഖം എന്നതിനുപകരം ഒരു ചര്‍ച്ചപോലെയായിരുന്നു. എല്ലാവരും വളരെ സൗഹൃദപരമായായിരുന്നു ഇടപെട്ടത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതങ്ങളുടെ സാമൂഹ്യപരമായ പശ്ചാത്തലമാണ് പ്രധാനമായി അര്‍ച്ചനയോട് ചോദിച്ചത്. മറ്റെന്താണ് സോഷ്യോളജി മെയിനായെടുത്ത കണ്ണൂര്‍കാരിയോട് ചോദിക്കുക. 

പരീക്ഷാഫലം വന്നപ്പോള്‍ ആശ്വാസമാണ് ആദ്യം തോന്നിയതെന്ന് അര്‍ച്ചന പറയുന്നു. ഒരു വലിയ സ്വപ്നത്തിന്റെ ആദ്യഘട്ടം പിന്നിട്ടതിന്റെ ആശ്വാസം. ഐ.എ.എസ്. തന്നെയാണ് ആഗ്രഹം. എങ്കിലും കിട്ടിയ ഓപ്ഷനില്‍ തന്നെ ശ്രമിക്കും. ഒരിക്കല്‍കൂടി പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. പരേതനായ കെ.ഇ.ജീവരാജിന്റെയും പിലാത്തറ യു.പി.സ്‌കൂള്‍ അധ്യാപിക പി.പി. ഗീതയുടെയും മകളാണ്. സഹോദരന്‍ അശ്വിന്‍ ബെംഗളൂരുവില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറാണ്. 

നൊ ടെന്‍ഷന്‍

സമ്മര്‍ദം തോന്നുമ്പോള്‍ ഭക്ഷണം കഴിക്കുകയാണ് ശീലമെന്ന് അര്‍ച്ചന പറയുന്നു. ഇല്ലെങ്കില്‍ നടക്കാന്‍ പോകും. അതല്ലാതെ ടെന്‍ഷനടിച്ചിട്ട് ഒരു കാര്യവുമില്ല എന്നതാണ് അര്‍ച്ചനയടെ പക്ഷം.  പരീക്ഷാഫലം വരുന്നതിന്റെ തലേദിവസവും ടെന്‍ഷന്‍ കയറിയപ്പോള്‍ സുഹൃത്തുക്കളെ കൂട്ടിപ്പോയി ഭക്ഷണം കഴിക്കുകയായിരുന്നു ചെയ്തത്. സഹോദരന്റെയും അമ്മയുടെയും പിന്തുണ വളരെ വലുതായിരുന്നു പരിശീലനസമയത്ത്.

Content Highlights: Success Story, Civil Service AIR 334 PP Archana, Civil Service Examination 2018