സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിനി ആര്യ ആര്‍. നായര്‍. ഇന്‌റര്‍വ്യൂ റൗണ്ടില്‍ 275-ല്‍ 206 മാര്‍ക്ക് നേടിയ ആര്യ 301-ാം റാങ്കുമായാണ് സിവില്‍ സര്‍വീസില്‍ മികച്ച വിജയം സ്വന്തമാക്കിയത്. രണ്ടാമത്തെ പരിശ്രമത്തിലാണ് അഭിമുഖ പരീക്ഷയ്ക്ക് മികച്ച മാര്‍ക്കോടെ പ്രവേശനം നേടിയത്.

പ്രളയത്തേക്കുറിച്ചും റബറിന്റെ വിലയിടിവിനേക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ അഭിമുഖത്തിനുണ്ടായിരുന്നു. സാധാരണയായി മുക്കാല്‍ മണിക്കൂറോളം നീളുന്ന അഭിമുഖം ആര്യയ്ക്ക് 20 മിനിട്ടില്‍ താഴെ സമയം മാത്രമേ നീണ്ടുനിന്നുള്ളൂ. 

Don't Miss: ആദ്യശ്രമത്തില്‍ അഞ്ചാം റാങ്ക്; പരിശീലന കാലയളവില്‍ സാമൂഹ്യമാധ്യമങ്ങളെ മാറ്റിനിര്‍ത്തി സൃഷ്ടി

ഉയര്‍ന്ന റാങ്ക് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ആര്യ. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളേജില്‍ ബി.ടെകില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയായിരുന്നു വിജയം. ബി.ടെക് പഠന വേളയിലാണ് സിവില്‍ സര്‍വീസ് മോഹം ജനിച്ചത്. 

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ഓഫീസറായി മധ്യപ്രദേശില്‍ ജോലി ചെയ്തുവരികയായിരുന്നു ആര്യ. ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ലഭിച്ചപ്പോഴും ആര്യയുടെ ലക്ഷ്യം സിവില്‍ സര്‍വീസായിരുന്നു. ഇതിനിടെ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  പരിശീലനത്തിന് ചേര്‍ന്നിരുന്നു.

Also Read: സിവില്‍ സര്‍വീസ് പരീക്ഷ അതികഠിനം; ഒന്നാം റാങ്കുകാരന്‍ നേടിയത് 55 ശതമാനം മാര്‍ക്ക്

കൂരോപ്പട അരവിന്ദം ഹൗസില്‍ റിട്ട. ലേബര്‍ കമ്മിഷണര്‍ ജി.രാധാകൃഷ്ണന്‍ നായരുടെയും സ്‌കൂള്‍ അധ്യാപികയായിരുന്ന സുജാതാ രാധാകൃഷ്ണന്റെയും രണ്ടുമക്കളില്‍ മൂത്തയാളാണ്. അരവിന്ദ് ആര്‍.നായര്‍ സഹോദരനാണ്.

Content Highlights: Success Story of AIR 301 Arya R Nair who scored highest mark in civil services interview, civil service examination 2018