നാലുതവണ സിവിൽ സർവീസ് പരീക്ഷയ്ക്ക്‌ ഹാജരായി നിർമൽ ഔസേപ്പച്ചൻ എന്ന 29-കാരൻ. എന്നാൽ, മൂന്നുതവണയും പരാജയപ്പെട്ടു. നാലാംതവണ സിവിൽ സർവീസ് നിർമലിനൊപ്പം പോന്നു. സിവിൽ സർവീസ് പരീക്ഷയിൽ 329-ാം റാങ്കാണ് തുമ്പോളി ക്രൈസ്റ്റ് ഭവനിൽ ഔസേപ്പച്ചന്റെയും വിനീതയുടെയും മകൻ നിർമൽ സ്വന്തമാക്കിയത്.

പഠിച്ചത് മെഡിസിനാണ്. തൃശ്ശൂർ ജൂബിലി മിഷനിൽനിന്ന്‌ എം.ബി.ബി.എസ്. പിന്നീട് സിവിൽ സർവീസ് മോഹം കാരണം അത് ഉപേക്ഷിച്ചു. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലും തിരുവനന്തപുരം എഡ്യൂ അക്കാദമിയിലും സിവിൽ സർവീസിനായുള്ള പഠനം. ആദ്യ രണ്ടുതവണയും പരീക്ഷയെഴുതിയത് കാര്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെയായിരുന്നു. മൂന്നാംതവണ അഭിമുഖംവരെയെത്തി. നാലാംതവണ ഉറപ്പായും ലഭിക്കുമെന്ന് നിർമലിന് അറിയാമായിരുന്നു.

തുമ്പോളി ക്രൈസ്റ്റ് എൻട്രൻസ് കോച്ചിങ് സെന്ററിൽ ക്ലാസ് എടുത്തും സിവിൽ സർവീസിനൊരുങ്ങുന്നവർക്ക് ക്ലാസെടുത്തുമായിരുന്നു നിർമൽ പഠനം കൂടെ കൊണ്ടുപോയത്. മൂന്നുതവണയും വളരെ ബുദ്ധിമുട്ടേറിയ മെഡിക്കൽ സയൻസായിരുന്നു മുഖ്യവിഷയമായി നിർമൽ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഇത്തവണ സോഷ്യോളജി തിരഞ്ഞെടുത്തത് വിജയിക്കാൻ കാരണമായതായി നിർമൽ പറയുന്നു.

തുമ്പോളി ക്രൈസ്റ്റ് കോളേജ് ഡയറക്ടറാണ് നിർമലിന്റെ പിതാവ് ഔസേപ്പച്ചൻ. അമ്മ വിനീത ഹോമിയോ ഡോക്ടറാണ്. സഹോദരി നിവേദ്യ എം.ബി.ബി.എസിന് പഠിക്കുന്നു.

Content Highlights: Nirmal Ouseppachan secured 329th rank in civil service 2018