കാഞ്ഞങ്ങാട്: 'തെങ്ങിന്റെ അടി മുതല്‍ മുടിവരെ ഉപയോഗപ്രദമാണെന്ന തിരിച്ചറിവ് എന്നാണോ മുഴുവന്‍ മലയാളികള്‍ക്കും ഉണ്ടാകുന്നത് അന്ന് കേരകര്‍ഷകരുടെ കണ്ണീര് നിറഞ്ഞൊഴുകുന്നത് ഇല്ലാതാകും...'

ഹൊസ്ദുര്‍ഗ് സ്‌കൂളിലെ വേദിയില്‍ ഉറക്കെ പറഞ്ഞ പ്ലസ് ടുക്കാരനെ തേടിയെത്തിയത് പ്രസംഗ മത്സരത്തിലെ ഒന്നാംസ്ഥാനം.'മാതൃഭൂമി സീഡ്' നടത്തിയ മത്സരത്തില്‍ വിജയിയായ മിടുക്കനെ വിധികര്‍ത്താക്കളും അവിടെയെത്തിയ മറ്റുള്ളവരും അഭിനന്ദിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഒരു സ്വപ്നമുണ്ടായിരുന്നു.'എനിക്കു ഐ.എ.എസ്സുകാരനാകണം'.

കഴിഞ്ഞ ദിവസത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ജില്ലയില്‍ രണ്ടാമനായി വന്ന പേര് അവന്റേതായിരുന്നു. പേര് പി.നിധിന്‍രാജ്. 210-ാം റാങ്ക് ആണ് നിധിന് കിട്ടിയത്.

അന്ന് നടന്ന പ്രസംഗത്തിന്റെ സംസ്ഥാന തല മത്സരത്തിലും നിധിന്‍രാജ് തന്നെയായിരുന്നു ഒന്നാമന്‍. സംസ്ഥാനതല ജേതാവായി തിരിച്ചെത്തിയപ്പോള്‍ 'മാതൃഭൂമി'കാഴ്ചയില്‍ സ്റ്റോറിയും പ്രസിദ്ധീകരിച്ചു.'നിധിന്‍ രാജ് പ്രസംഗവേദിയിലെ താരം'എന്നായിരുന്നു തലക്കെട്ട്. സ്‌കൂള്‍ കലോത്സവത്തിലായാലും ശിശുക്ഷേമ സമതിയുടെ മത്സരത്തിലായാലും വന്യജീവി വാരാഘോഷത്തിലായാലും കാസര്‍കോട് ജില്ലയിലും സംസ്ഥാനത്തിലും പ്രസംഗ മത്സരത്തിലും ഉപന്യാസ രചനയിലും നിധിനെ കടത്തിവെട്ടാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

'മാതൃഭൂമി' പത്രം കുഞ്ഞുനാള്‍തൊട്ടേ വായിക്കും. പ്രധാന വിഷയങ്ങളെല്ലാം കുറിച്ചുവയ്ക്കും. തനിക്കിഷ്ടപ്പെട്ട വിഷയമാണെങ്കില്‍ വായിച്ചു മനസിലാക്കുന്നതിനൊപ്പം പലരോട് ചോദിച്ചും പറഞ്ഞും ആഴത്തില്‍ അറിവ് നേടും.പ്രസംഗത്തിലായാലും ഉപന്യാസ രചനയിലായാലും ഈ പ്രയത്നമാണ് എന്നെ വിജയത്തിലെത്തിക്കുന്നത്' നിധിന്‍ എല്ലായിപ്പോഴും പറയുന്ന ഈ വാചകം തന്നെയാണ് ഇപ്പോഴത്തെ റാങ്ക് തിളക്കത്തിനിടയിലും ആവര്‍ത്തിക്കുന്നത്.

സിവല്‍സര്‍വീസ് പരീക്ഷയില്‍ മലയാള സാഹിത്യമാണ് ഐഛീക വിഷയമെടുത്തത്. ഐ.എ.എസ് കിട്ടിയില്ലെങ്കില്‍ വീണ്ടും എഴുതാനാണ് നിധിന്റെ തീരുമാനം. രണ്ടാമത്തെ ശ്രമത്തിലാണ് നിധിന് സിവില്‍സര്‍വീസ് കിട്ടിയത്.

രാവണേശ്വരം പെരുതൃക്കോവിലപ്പന്‍ ക്ഷേത്രത്തിനടുത്തെ 'എക്കാല്‍' വീട്ടില്‍ മുന്‍പ്രവാസി കെ.രാജേന്ദ്രന്റേയും പി.ലതയുടെയും മകനാണ്. എന്‍ജിനിയറിങ് വിദ്യാര്‍ഥിനി പി.അശ്വതിയാണ് സഹോദരി. രാവണേശ്വരം സ്‌കൂളില്‍ പത്താംക്ലാസും കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂളില്‍ പ്ലസ്ടുവും നൂറുശതമാനം മാര്‍ക്കോടെ വിജയിച്ച നിധിന്‍ ബിരുദമെടുത്തത് മെക്കാനിക്കല്‍ എന്‍ജിനിയറിങിലാണ്. ബിരുദത്തിലും ഫസ്റ് ക്ലാസ് ആയിരുന്നു.

ചെറുപ്പത്തിലേ ഐ.എ.എസ്സുകാരനെന്ന സ്വപ്നം കൊണ്ടു നടന്നതിനെ കുറിച്ച് ചോദിച്ചാല്‍ നിധിന് രാവണേശ്വരം സ്‌കൂളിലെ തമ്പാന്‍മാഷ് ഉള്‍പ്പടെയുള്ളവരുടെ പേര് പറയാനുണ്ട് ഈ മിടുക്കന്. 'നിങ്ങളുടെ കൈയ്യൊപ്പിന് സമൂഹത്തിന്റെ കണ്ണീരൊപ്പാനുള്ള ശക്തിയുണ്ട്. അതിന് നിങ്ങള്‍ പഠിക്കണം. കളക്ടറാകണം...'രാവണേശ്വരം സ്‌കൂളിലെ അധ്യാപകരുടെ ഈ വാക്കുകള്‍ ഇന്നും തന്റെ മനസിലുണ്ടെന്ന് നിധിന്‍ പറഞ്ഞു.

Content Highlights: Nidhin Raj, Civil Service Toppers, Kanjangad