ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. എന്നാല്‍, പരിശ്രമിച്ചാല്‍ ആര്‍ക്കും നേടിയെടുക്കാവുന്ന ഒന്നാണ് സിവില്‍ സര്‍വീസ്. അതിന് ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളായിരിക്കണം. അല്പനേരം വഴിമാറിപ്പോയാല്‍ പിന്നെ തിരിച്ചെത്താന്‍ ഏറെ പാടുപെടേണ്ടിയും വരും. എങ്കിലും പരിശ്രമിക്കണം. ഈ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ് താന്‍ ഈ തങ്കത്തിളക്കത്തിലെത്തിയതെന്നാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29-ാം റാങ്ക് നേടിയ കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയുടെ അഭിപ്രായം.

പത്രവായന സിവില്‍ സര്‍വീസ് പരിശീലനത്തില്‍ ഒരു പ്രധാന ഘടകമാണ്. അഭിമുഖത്തില്‍ അത് ഏറെ ഗുണം ചെയ്തു. വടക്കേ ഇന്ത്യയിലേക്ക് അധികം യാത്ര ചെയ്തിട്ടില്ലാത്തതിനാല്‍ അവിടത്തെ വിവരങ്ങളെക്കുറിച്ചുള്ള അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്ക് ഏറെ വിഷമിച്ചു. എന്നാല്‍, പത്രവായനയിലൂടെ ശേഖരിച്ചിട്ടുണ്ടായിരുന്ന വിവരങ്ങളാണ് സഹായകമായത്. മാതൃഭൂമിയുടെ സ്ഥിരം വായനക്കാരിയാണ് ശ്രീലക്ഷ്മി. കൂടെ ഒരു ഇംഗ്ലീഷ് പത്രവും ആനുകാലികങ്ങളും. ഇംഗ്ലീഷ് പുസ്തകങ്ങളാണ് കൂടുതലായും വായിച്ചിട്ടുള്ളത്. അമര്‍ത്യാ സെന്‍ അടക്കമുള്ള പ്രതിഭകളുടെ ആരാധികയാണ്.

സിവില്‍ സര്‍വീസിനായി നല്ല തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഒരു ദിവസം ഇത്ര മണിക്കൂര്‍ പഠിക്കാനിരിക്കുമെന്ന് മുന്‍കൂട്ടിയുള്ള യാതൊരു തീരുമാനവുമുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ തീര്‍ത്തുപോയാല്‍ മാത്രം പോരല്ലോ. അത് കൃത്യമായി ഉപയോഗപ്പെടുത്തകയും വേണ്ടേ. പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കും. ഉടന്‍ പഠനം തുടങ്ങും.

രാവിലെ പഠിക്കാനാണ് താത്പര്യം. അങ്ങനെ ദിവസം അഞ്ചു മണിക്കൂറെങ്കിലും പഠിക്കും. ഒരു പ്രൊജക്ടെടുത്താല്‍ അത് തീര്‍ത്തുപോകുന്ന ശീലക്കാരിയാണ്. ആ ശീലം നന്നായിരിക്കുമെന്നും ഉറച്ചുവിശ്വസിക്കുന്നുണ്ട് ശ്രീലക്ഷ്മി.

അഭിമുഖത്തില്‍ മറുനാടന്‍ തൊഴിലാളികളുടെ വരവ് പ്രധാന വിഷയമായിരുന്നു. ഈ മേഖലയിലെല്ലാം എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സിവില്‍ സര്‍വീസെടുത്തത്. അതിന് കേരള കേഡര്‍ തന്നെ കിട്ടുമെന്നും ശ്രീലക്ഷ്മിക്ക് പ്രതീക്ഷയുണ്ട്.

Content Highlights: Newspaper reading is essential in civil service coaching, CSE Rank holder Sreelakshmi