യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്കിന്റെ തിളക്കവുമായി മലയാളികള്‍ക്ക് അഭിമാനമായിരിക്കുകയാണ് കണ്ണൂര്‍ ചെറുപുഴ സ്വദേശി അര്‍ജുന്‍ മോഹന്‍. 2017 നവംബര്‍ മുതല്‍ തിരുവന്തപുരത്ത് സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനം നേടിയ അര്‍ജുന്‍ രണ്ടാമത്തെ ശ്രമത്തിലാണ് 66-ാം റാങ്ക് കരസ്ഥമാക്കിയത്. ഐ.എ.എസ്. ആണ് ആദ്യ ചോയ്സായി അര്‍ജുന്‍ തിരഞ്ഞെടുത്തത്.

പരിശീലനം 

തിരുവനന്തപുരത്തെ എന്‍ലൈറ്റ് അക്കാദമിയിലായിരുന്നു പരിശീലനം ഏറെയും നടത്തിയത്. ഏഴ് മാസത്തോളം പ്രിലിമിനറി പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ടെസ്റ്റ് സീരീസും, ഒപ്പംതന്നെ മുന്‍വര്‍ഷ ചോദ്യപ്പേപ്പറുകളിലൂടെ കടന്നുപോയതും പരീക്ഷയ്ക്ക് സഹായകമായി. 

പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം ഏകദേശം മൂന്ന് മാസത്തോളം മാത്രമേ മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുള്ളൂ. ടെസ്റ്റ് സീരീസിന് പുറമേ ഗ്രൂപ്പ് ഡിസ്‌കഷനും സുഹൃത്തും സഹപാഠിയുമായ അര്‍ച്ചനയുമൊത്തുള്ള കംബൈന്‍ഡ് സ്റ്റഡിയും പരീക്ഷയ്ക്ക് ഏറെ പ്രയോജനപ്പെട്ടതായി അര്‍ജുന്‍ പറയുന്നു.

മെയിന്‍ പരീക്ഷയ്ക്ക് ശേഷം ഇന്റര്‍വ്യൂവിനുള്ള തയ്യാറെടുപ്പുവേളയിലും ചര്‍ച്ചകള്‍ തുടര്‍ന്നു. മോക്ക് ഇന്റര്‍വ്യൂകള്‍ പറ്റാവുന്നിടത്തോളം അറ്റന്‍ഡ് ചെയ്തു.

പരീക്ഷാ അനുഭവം

പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം മെയിന്‍ പരീക്ഷയ്ക്കുള്ള ലിസ്റ്റില്‍ ഉണ്ടാകുമെന്ന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ആയിടയ്ക്ക് പഠനത്തിന്റെ വേഗത അല്‍പം കുറയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സുഹൃത്തുക്കളുടേയും അധ്യാപകരുടേയും നിര്‍ദേശപ്രകാരം മൂന്ന് മാസത്തോളം കഠിന പരിശ്രമത്തില്‍ ഏര്‍പ്പെട്ടു.

മെയിന്‍ പരീക്ഷയില്‍ ഓപ്ഷണല്‍ പേപ്പറായ മലയാളം നന്നായി എഴുതാന്‍ കഴിഞ്ഞത് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. 

ഇന്റര്‍വ്യൂ

ഇന്റര്‍വ്യൂ ബോര്‍ഡ് വളരെ സൗഹാര്‍ദപരമായാണ് ഇടപെട്ടതെന്ന് അര്‍ജുന്‍ ഓര്‍ക്കുന്നു. വ്യക്തിപരമായ താത്പര്യങ്ങളേക്കുറിച്ചും മറ്റുമൊക്കെയായിരുന്നു ചോദ്യങ്ങളില്‍ ഏറെയും. ഹോബിയായി ഡോക്യുമെന്ററി മേക്കിങ് എന്ന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. 

നന്നായി പറയാനായെങ്കിലും ഇന്റര്‍വ്യൂ ബോര്‍ഡ് ഉത്തരങ്ങളില്‍ എത്രത്തോളം തൃപ്തരായിരുന്നു എന്നത് മാര്‍ക്ക് വരുമ്പോള്‍ കണ്ടറിയേണ്ടിയിരിക്കുന്നു.

പഠനവും ജോലിയും

പ്ലസ് ടൂ വരെ ചെറുപുഴ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പഠിച്ച അര്‍ജുന്‍ കണ്ണൂര്‍ എന്‍ജിനീയറിങ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടി. ചെന്നൈയില്‍ എം.ആര്‍.എഫ്. ടയേഴ്സില്‍ ജോലി ചെയ്യവെ സിവില്‍ സര്‍വീസ് മോഹവുമായി 2017-ലാണ് രാജിവെക്കുന്നത്. 

വീട്ടുകാരുടെ പിന്തുണ

സിവില്‍ സര്‍വീസ് മോഹം അറിയിച്ചപ്പോള്‍ത്തന്നെ വീട്ടുകാരില്‍നിന്ന് മികച്ച പിന്തുണയുണ്ടായിരുന്നുവെന്ന് അര്‍ജുന്‍ പറയുന്നു. ജോലി രാജിവെച്ച് പരിശീലന പരിപാടിയിലേക്ക് കടന്നപ്പോള്‍ സാമ്പത്തികമായി സഹായിക്കുന്നതില്‍ ഉള്‍പ്പെടെ അവരുടെ പിന്തുണ വളരെ വലുതായിരുന്നു. പത്മാലയത്തില്‍ മോഹനന്റെയും ചെറുപുഴ ജെ.എം.യു.പി. സ്‌കൂളിലെ അധ്യാപിക രാജിയുടേയും മകനാണ്. സഹോദരന്‍ - ജിതിന്‍.  

സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്നവരോട്

മുന്‍ കാലങ്ങളിലേതുപോലെയല്ല സിവില്‍ സര്‍വീസ് ഇപ്പോള്‍. പരീക്ഷയും പരിശീലന രീതികളും ഏറെ മാറിയിരിക്കുന്നു. ഹാര്‍ഡ് വര്‍ക്കിനൊപ്പം സ്മാര്‍ട്ട് വര്‍ക്കുകൂടെ ചെയ്താല്‍ സിവില്‍ സര്‍വീസ് ആര്‍ക്കും നേടിയെടുക്കാം. ഇപ്പോള്‍ ധാരാളം മെറ്റീരിയലുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇതിനെയും നന്നായി ഉപയോഗപ്പെടുത്തിയാല്‍ മികച്ച റാങ്ക് സ്വന്തമാക്കാം.

Content Highlights: Hard work along with smart work will help to achieve civil service, says AIR 66 Arjun Mohan