കോട്ടയ്ക്കൽ: സിവിൽസർവീസിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നാലുപേർ. പി. സജാദ്, ജിതിൻ റഹ്‌മാൻ, ടി. ഫറാഷ്, സി.വി. ഗോകുൽ എന്നിവരാണ് റാങ്ക് ലിസ്റ്റിലുൾപ്പെട്ടത്.

കരുവാരക്കുണ്ട് പുൽവെട്ട പാറമ്മൽ അബ്ദുൽ റഹ്‌മാൻ -ഖദീജ ദമ്പതിമാരുടെ മകനായ സജാദ് തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് 390-ാം റാങ്കോടെ നേട്ടം കൈവരിച്ചത്. സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന സജാദ് കഴിഞ്ഞവർഷം ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും പരിശീലനത്തിനായി മാറ്റി വെക്കുകയായിരുന്നു.

അരീക്കോട് പുത്തലം തൊടുകര ടി. ഫറാഷ് 421-ാം റാങ്ക് നേടി. മുമ്പ് രണ്ടുതവണ പരീക്ഷ എഴുതിയിരുന്നു. അരീക്കോട് പുത്തലം തൊടുകര ഇസ്മാഈൽ ശരീഫിന്റെയും ത്വയ്യിബയുടെയും മൂത്ത മകനാണ് ഫറാഷ്. കൊല്ലം ടി.കെ.എം. കോളേജിൽ നിന്ന് ബി.ടെക് നേടിയ ശേഷമാണ് സിവിൽ സർവീസിന് ശ്രമം തുടങ്ങിയത്.

ചന്തക്കുന്ന് കുന്നത്തുപറമ്പ് ഹഫീസ് റഹ്‌മാൻ- സുബൈദ ദമ്പതിമാരുടെ മകനായ ജിതിന് 606-ാം റാങ്കാണ്. കഴിഞ്ഞ വർഷത്തെ ലിസ്റ്റിൽ 808-ാം റാങ്കായിരുന്നു. സാദിയ സിറാജാണ് ഭാര്യ.

മഞ്ചേരി അത്താണിക്കൽ ഗോകുലം വീട്ടിൽ പി.പി. വിക്രമൻ, പി. പുഷ്പലത ദമ്പതിമാരുടെ മകനായ സി.വി. ഗോകുൽ ആദ്യ ശ്രമത്തിൽത്തന്നെ 716-ാം റാങ്ക് നേടി. അടുത്ത വർഷവും പരീക്ഷയെഴുതാനാണ് ഗോകുലിന്റെ തീരുമാനം.

Content Highlights: four candidates from malappuram qualified in civil services exam 2018