സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇത്തവണ മികച്ച നേട്ടമാണ് സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ നേടിയെടുത്തത്. ആകെ 25 പേരാണ് ഇത്തവണ കേരളത്തില്‍നിന്ന്‌ ലിസ്റ്റില്‍ ഇടം നേടിയത്. തിരുവനന്തപുരത്തുനിന്നുള്ള അഞ്ചുപേര്‍ക്ക് ലിസ്റ്റില്‍ ഇടം നേടാനായി. 

റിസര്‍വ് ബാങ്ക് മാനേജരില്‍നിന്ന് സിവില്‍ സര്‍വീസിലേക്ക് ജിഷ്ണു 

jishnu
ജിഷ്ണു (വലത്തേയറ്റം) കുടുംബത്തോടൊപ്പം

മുംബൈയില്‍ റിസര്‍വ് ബാങ്ക് മാനേജരില്‍നിന്നാണ് ചെമ്പഴന്തി ഭഗവതിപുരം കണിക്കൊന്നയില്‍ ജിഷ്ണു കെ.രാജു(27) സിവില്‍ സര്‍വീസിലേക്ക് എത്തുന്നത്. 132-ാം റാങ്കു നേടി മികച്ചവിജയമാണ് ജിഷ്ണുവിന്റേത്. നാലാംതവണത്തെ ശ്രമത്തിലാണ് ജിഷ്ണുവിനെ വിജയംതുണച്ചത്. 

പത്താം ക്ലാസുവരെ ചെമ്പഴന്തി എസ്.എന്‍. സ്‌കൂളിലും പ്ലസ്ടു പട്ടം ആര്യാ സെന്‍ട്രല്‍ സ്‌കൂളിലും തുടര്‍ന്ന് ശ്രീകാര്യം ഗവ. എന്‍ജീനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജീനിയറിങ് ബിരുദവും നേടി. മുംബൈ റിസര്‍വ് ബാങ്കില്‍ മാനേജരായി ഒരു വര്‍ഷത്തിനു മുന്‍പ് ജോലി ലഭിച്ചു. ശ്രീകാര്യം കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷനിലെ കരാര്‍ ജീവനക്കാരനായ പി.രാജുവിന്റെയും വീട്ടമ്മയായ ജഗദരാജുവിന്റെയും മകനാണ്. മേജര്‍ വിഷ്ണു സഹോദരനാണ്. 

ശില്പയുടെ വിജയം നിശ്ചയദാര്‍ഢ്യത്തിന്റേത് 

shilpa
ശില്പ കുടുംബത്തോടൊപ്പം

സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ജോലി രാജിവച്ച് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി പഠിച്ച് വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് തോന്നയ്ക്കല്‍ പാറയില്‍ ശില്പത്തില്‍ എ.ബി.ശില്പ(24). 
ആദ്യ തവണ പരാജയപ്പെട്ടെങ്കിലും രണ്ടാം  തവണ 298-ാം റാങ്കിന്റെ മിന്നുന്ന വിജയമാണ് ശില്പ നേടിയത്. നഗരൂര്‍ രാജധാനി എന്‍ജിനീയറിങ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന കാലത്ത് കാമ്പസ് സെലക്ഷനിലൂടെ ഒരു കമ്പനിയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായി നിയമനം ലഭിച്ചു. 

സിവില്‍ സര്‍വീസിനോടുള്ള ആഭിമുഖ്യം കാരണം പതിനഞ്ചു മാസം കഴിഞ്ഞപ്പോള്‍ ജോലി രാജിവച്ച് പരിശീലനം തുടങ്ങി.  പ്ലസ്ടു വരെ മുരുക്കുംപുഴ ഇന്‍ഫെന്റ് ജീസസ് സ്‌കൂളിലാണ് ശില്പ പഠിച്ചത്. മകളുടെ വിജയത്തില്‍ അഭിമാനമുണ്ടെന്ന് ശില്പയുടെ മാതാപിതാക്കളായ അനില്‍കുമാറും ബീനാകുമാരിയും പറഞ്ഞു. സഹോദരന്‍ എ.ബി.ശരത് എം.ബി.ബി.എസ്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

മുത്തച്ഛന്റെ ആഗ്രഹം സഫലീകരിച്ച് ദിവ്യ

divya
ദിവ്യ കുടുംബത്തോടൊപ്പം

പ്ലാനിങ് ബോര്‍ഡില്‍നിന്ന് വിരമിച്ച ജീവനക്കാരനായ ജി.വിശ്വനാഥന്‍ പിള്ളയുടെ ആഗ്രഹമായിരുന്നു കുടുംബത്തിലെ ഒരാള്‍ സിവില്‍ സര്‍വീസില്‍ എത്തണമെന്നത്. ചെറുമകള്‍ ദിവ്യ ബാലചന്ദ്രന്‍ ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 397-ാം റാങ്ക് നേടി ഈ ആഗ്രഹം സാധിച്ചു കൊടുത്തു.
ശാസ്തമംഗലം കൊച്ചാര്‍ റോഡ് ഉപാസനയില്‍ റിട്ടയേര്‍ഡ് എസ്.ബി.ഐ. ജീവനക്കാരന്‍ വി.ബാലചന്ദ്രന്റെയും പിരപ്പന്‍കോട് എല്‍.പി.എസിലെ പ്രഥമാധ്യാപികയായ സി.ഐ.സുഷമകുമാരിയുടേയും മകളാണ് ദിവ്യ. 

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്നു ബി.ടെക് പാസായി രണ്ട് വര്‍ഷമായി സിവില്‍ സര്‍വീസ് പരിശീലനത്തിലായിരുന്നു. ഓഡിറ്റ്, പോസ്റ്റല്‍ വിഭാഗങ്ങളാണ് പരിഗണിക്കുന്നത്. എന്തായാലും വീണ്ടും ഒന്നുകൂടി പരിക്ഷ എഴുതുന്നുണ്ടെന്നും ദിവ്യ പറഞ്ഞു. ബെംഗളൂരു ടി.സി.എസില്‍ ജോലിചെയ്യുന്ന സൗമ്യയാണ് സഹോദരി. സിദ്ധാര്‍ത്ഥാണ് സഹോദരീ ഭര്‍ത്താവ്.

അഞ്ചാം തവണ വിജയം അനൂപിനെ കൈവിട്ടില്ല  

anoop
അനൂപ് ബിജില്‍

അഞ്ചാം തവണത്തെ പരിശ്രമമാണ് അനൂപ് ബിജിലിനെ (29) സിവില്‍ സര്‍വീസ് പരീക്ഷയില്‍ 435-ാം റാങ്കുകാരനാക്കിയത്. വട്ടിയൂര്‍ക്കാവ് 'അഖില'ത്തില്‍ നിന്നു കാര്യവട്ടം ജെ.ജെ.ഗാര്‍ഡന്‍സില്‍ താമസിക്കുന്ന  അനൂപിനും കുടുംബത്തിനും ഈ നേട്ടം അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ആനാട് മോഹന്‍ദാസ് എന്‍ജിനീയറിങ് കോളേജിലെ പഠനത്തിനുശേഷം ടെക്നോപാര്‍ക്കില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ സോഫ്റ്റ് വേര്‍ എന്‍ജിനീയറായി ജോലിചെയ്യുന്നതിനിടെയാണ് നേരത്തെ നാലു തവണയും സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. എന്നാല്‍, ഇത്തവണ ജോലി രാജിവച്ചാണ്   പരീക്ഷയെഴുതിയത്. പരേതനായ കെ.എസ്. ബിജിലിന്റെയും ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ റിട്ട. റിസര്‍ച്ച് ഓഫീസറായ ചന്ദ്രലേഖയുടെയും മകനാണ് അനൂപ്.

ദീപക് സഫലീകരിച്ചത് പഠനകാലത്തെ മോഹം 

deepak
ദീപക് ദേവിനേ അമ്മ വി.എസ്. ലാലി മധുരം നല്‍കുന്നു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 508-ാം റാങ്ക് നേടിയ ദീപക്ദേവ് വിശ്വന്‍ ബി.ടെക്കിനു പഠിക്കുമ്പോള്‍ മനസ്സിലുറപ്പിച്ചതാണ് സിവില്‍ സര്‍വീസ് മോഹം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ റോഡില്‍ വിപഞ്ചികയില്‍ സി.കെ.വിശ്വന്റെയും വി.എസ്.ലാലിയുടെയും രണ്ടാമത്തെ മകനാണ് ദീപക്. പാപ്പനംകോട് ശ്രീചിത്രാ എന്‍ജിനീയറിങ് കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ മൂന്നാം വര്‍ഷം പഠിക്കുമ്പോഴായിരുന്നു അത്.

സിവില്‍ സര്‍വീസില്‍ കയറിപ്പറ്റാന്‍ രണ്ടു തവണ  പരീക്ഷയെഴുതിയെങ്കിലും ദീപക്കിനെ ഭാഗ്യം തുണച്ചില്ല. മൂന്നാം തവണ സോഷ്യോളജി ഐച്ഛികവിഷയമായെടുത്താണ് പഠിച്ചത്. സഹോദരി ദിവ്യ എല്‍.വിശ്വന്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലില്‍ അസിസ്റ്റന്റ് മാനേജരാണ്.

Content Highlights: five candidates secures civil service from Thiruvananthapuram