ഭിനന്ദനപ്രവാഹമാണ് ആലുവയിലുള്ള കിഴക്കേ കടുങ്ങല്ലൂര്‍ സഹജഗ്രാമം തൈക്കാട്ടില്‍ പ്രസന്നയിലേക്ക്. സിവില്‍ സര്‍വീസില്‍ 29-ാം റാങ്ക് .കേരളത്തില്‍ ഒന്നാമത്. ശ്രീലക്ഷ്മിയുടെ പേരില്‍ അഭിമാനം കൊള്ളുകയാണ് നാടും വീടും. നാല് തവണ കൈവിട്ടുപോയ സ്വപ്‌നം അഞ്ചാം തവണ എത്തിപ്പിടിച്ചതിന്റെ സന്തോഷത്തിലാണ് ശ്രീലക്ഷ്മി.

തളരാതെ അഞ്ച് വര്‍ഷങ്ങള്‍

ജോലി ഒന്നും നോക്കുന്നില്ലേ... പുറത്തൊക്കെ പഠിച്ചതല്ലേ, എന്നിട്ടും ഒന്നും ശരിയായില്ലേ. പല തവണയാണ് ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിച്ചത്. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. ഇടയ്ക്ക് പരിശീലനമെല്ലാം അവസാനിപ്പിച്ച് ജോലിക്ക് പോയാലോ എന്ന് കൂടി ആലോചിച്ചു. പക്ഷേ തളര്‍ത്താതെ താങ്ങായി നിന്നത് മാതാപിതാക്കളും സഹോദരിയുമായിരുന്നു. എന്ത് വന്നാലും കൂടെയുണ്ട്, പരിശ്രമിക്കൂ എന്ന താങ്ങാണ് സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ പ്രചോദനമായത്. 

സ്വന്തമായി പഠിച്ച് നേടിയ വിജയം 

ഇക്കണോമിക്‌സ് ആണ് ഐഛിക വിഷയമായി തെരഞ്ഞടുത്തത്. 2014ല്‍  പി.ജി പഠനം കഴിഞ്ഞ് തിരികെ എത്തിയ ശേഷം പരിശീലനം ആരംഭിച്ചു. തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തില്‍ പരിശീലനത്തിന് ചേര്‍ന്നെങ്കിലും ഒന്നര മാസമേ തുടര്‍ന്നുള്ളു. പിന്നീട് എല്ലാം സ്വന്തമായി പഠിച്ചു. ഇന്റര്‍നെറ്റാണ് കൂടുതല്‍ സഹായിച്ചത്. ധാരാളം സ്റ്റഡി മെറ്റീരിയലുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇവയില്‍ വേണ്ടത് തിരഞ്ഞെടുത്ത് ചിട്ടയായ പഠനമാണ് അവലംബിച്ചത്. ബാക്കിയെല്ലാം സ്വന്തമായി പഠിച്ചു. ടെസ്റ്റ് സീരിസും ഗുണം ചെയ്തു.

അഞ്ചാം തവണ സ്വന്തമാക്കിയ നേട്ടം

പി.ജി കഴിഞ്ഞാണ് ആദ്യമായി പ്രിലിമിനറി എഴുതുന്നത്. പരാജയമായിരുന്നു ഫലം. നാലാം തവണ ഇന്റര്‍വ്യൂ വരെ എത്തി. അവിടെ നല്ല മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചെങ്കിലും മെയിന്‍ പരീക്ഷയില്‍ മാര്‍ക്ക് കുറവായി. ചെറിയ വ്യത്യാസത്തില്‍ കഴിഞ്ഞ തവണ സിവില്‍ സര്‍വീസ് നഷ്ടമായപ്പോള്‍ ആത്മവിശ്വാസം കൂടി. എത്തിപ്പിടിക്കാനാവുമെന്ന് മനസ് പറഞ്ഞു. വീണ്ടും ചിട്ടയായ പഠനം. തിരുവനന്തപുരത്തായിരുന്നു അവസാനഘട്ട പരിശീലനം ഏറെയും. കൂട്ടുകാരുമൊത്തുള്ള പഠനവും ടെസ്റ്റ് സീരീസും ചര്‍ച്ചകളും ഏറെ സഹായകമായി. ഇത്തവണ മികച്ച നേട്ടം കൈവരിച്ച പലരും ഒപ്പമുണ്ടായിരുന്നു.

ശ്രീധന്യയുടെ വിജയത്തില്‍ ഇരട്ടി മധുരം

ശ്രീധന്യയും അതേ സ്ഥാപനത്തില്‍ തയ്യാറെടുപ്പിനായി ഉണ്ടായിരുന്നു. നേരത്തേ അറിയാമായിരുന്നു അവരെ. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ശ്രീധന്യ ഇതുവരെ എത്തിയത്. അതുകൊണ്ട് തന്നെ ആ നേട്ടത്തില്‍ ഒരു പ്രത്യേക സന്തോഷം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്. അഭിമാനമുണ്ട്.

 പഠനം

ആലുവ നിര്‍മല സ്‌കൂളിലും രാജഗിരിയിലുമായിരുന്നു സ്‌കൂള്‍ പഠനം. തുടര്‍ന്ന് ചെന്നൈ സ്റ്റെല്ല മേരീസ് കോളേജില്‍നിന്ന് ബിരുദം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്നായിരുന്നു ബിരുദാനന്തര ബിരുദം. കുറച്ചുനാള്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ (സി.ഡി.എസ്) പ്രൊജക്ട് ഫെലോ. ബിരുദ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് മനസ്സില്‍ സിവില്‍ സര്‍വീസ് മോഹമുദിച്ചത്. പിന്നീടുള്ള പഠനം അത് ലക്ഷ്യം വെച്ചായി. ബിരുദാനന്തര ബിരുദത്തിന് വിഷയം ഇക്കണോമിക്‌സ് ആയിരുന്നു. 

സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്നവരോട് 

ആദ്യതവണയില്‍ സിവില്‍ സര്‍വീസെന്ന കടമ്പ കടന്നില്ലെന്ന് കരുതി പിന്തിരിയരുത്. പരിശ്രമിക്കണം. പരാജയപ്പെടുമ്പോള്‍  കാരണങ്ങള്‍ സ്വയം വിലയിരുത്തണം. അവ തിരുത്തി മുന്നേറണം. ബാഹ്യസമ്മര്‍ദങ്ങളുണ്ടാകും. സിവില്‍ സര്‍വീസ് പരിശീലനം ഒരു മെന്റല്‍ ജേര്‍ണി കൂടിയാണ്. അവിടെ വിജയിക്കാന്‍ കഴിഞ്ഞാല്‍ മികച്ച നേട്ടം കൈവരിക്കാം. 

അഭിമുഖം ബാലികേറാമലയല്ല

മിക്കവരും ഏറെ പേടിക്കുന്നത് അഭിമുഖമെന്ന കടമ്പയെയാണ്. ഒരു ബാലികേറാമലയായി രണ്ട് തവണയും തോന്നിയിട്ടില്ല, നാലാമത്തെ പരിശ്രമത്തില്‍ ഇന്റര്‍വ്യൂ വരെ എത്തി എന്ന് പറഞ്ഞല്ലോ. അന്ന് നല്ല മാര്‍ക്ക് സ്‌കോര്‍ ചെയ്തിരുന്നു. മെയിനിലാണ് മാര്‍ക്ക് കുറഞ്ഞത്. നന്നായി ചോദ്യങ്ങള്‍ നേരിടാന്‍ സാധിച്ചുവെന്ന ആത്മവിശ്വാസം ഇത്തവണയും ഉണ്ടായിരുന്നു. മുപ്പത് മിനിറ്റാണ് ശരാശരി ഒരാള്‍ക്ക് സമയമെടുത്തത്. യു.കെയില്‍ പഠിച്ചതുകൊണ്ടാവാം ബ്രെക്‌സിറ്റിനെകുറിച്ച് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. Economics ഓപ്ഷണലായതിനാല്‍ ഇന്ത്യന്‍ ഇക്കോണമിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടായിരുന്നു. വിദ്യാഭ്യാസമേഖലയും പ്രാദേശിക വിഷയങ്ങളുമെല്ലാം ചോദ്യങ്ങളായി. വിദേശത്ത് നിന്ന് കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം, കേരളത്തിലെ ഇതര സംസ്ഥാനതൊഴിലാളികള്‍, പ്രശ്‌നങ്ങള്‍ എന്നിവയാണ് കേരളവുമായി ബന്ധപ്പെടുത്തി ചോദിച്ചവ.

ഇന്‍ര്‍വ്യൂ വരെ എത്തുന്നവര്‍ക്ക് ഇനി മുതല്‍ ജോലി 

ഇനി മുതല്‍ അഭിമുഖം വരെ എത്തുന്നവര്‍ക്ക് വിവിധ വകുപ്പുകളില്‍ ജോലി നല്‍കാനുള്ള വ്യവസ്ഥ വരുമെന്ന് കേള്‍ക്കുന്നു. തീര്‍ത്തും സന്തോഷം തരുന്നൊരു വാര്‍ത്തയായിരുന്നു അത്. അര്‍ഹതയുള്ള നിരവധി പേര്‍ ചെറിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. അത് കഴിവില്ലാത്തതുകൊണ്ടാണെന്ന് വിശ്വസിക്കാന്‍ വയ്യ. അവര്‍ക്ക് ജോലി നല്‍കുക വഴി ആ കഴിവ് രാജ്യത്തിന് ഉപയോഗപ്പെടുത്താം

തന്റെ കഴിവില്‍ ഉറച്ചു വിശ്വസിച്ച മാതാപിതാക്കളും സഹോദരിയുമാണ് വിജയത്തിന് പിന്നിലെന്ന് ശ്രീലക്ഷ്മി പറയുന്നു. മകള്‍ സിവില്‍ സര്‍വീസ് നേടുമെന്ന് രാമചന്ദ്രനും കലാദേവിക്കും ഉറപ്പായിരുന്നെങ്കിലും റാങ്ക് നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ പറയുന്നു. എസ്.ബി.ഐ. റിട്ട. ഉദ്യോഗസ്ഥരാണ് ഇരുവരും. സഹോദരി ഡോ. ആര്‍. വിദ്യ തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസി. പ്രഫസറാണ്. 

Content Highlights; Civil Service Kerala topper Sreelakshmi R, Success Story of Sreelekshmi