കൊച്ചി: സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ വിവിധ ആശുപത്രികളിലേക്ക് കണ്‍സള്‍ട്ടന്റ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നിയമനത്തിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.   

ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഐസിയു, ഇന്റേണല്‍ മെഡിസിന്‍, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി എന്നിവയില്‍ കണ്‍സള്‍ട്ടന്റ്, സ്പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ മാര്‍ക്ക് 2,27,233 - 4,13,644 രൂപ അടിസ്ഥാനശമ്പളവും 12,435 രൂപ പ്രതിവര്‍ഷ പ്രവൃത്തിപരിചയ അലവന്‍സും ലഭിക്കും. സ്പെഷ്യലിസ്റ്റുകള്‍ക്ക് 1,73,255 - 3,14,983 രൂപ അടിസ്ഥാനശമ്പളവും 9,449 രൂപ പ്രതിവര്‍ഷ പ്രവൃത്തിപരിചയ അലവന്‍സുമാണ് പ്രതിഫലം. കൂടാതെ, വിമാനടിക്കറ്റ് ഉള്‍പ്പെടെ 30 ദിവസം ശമ്പളത്തോടെ അവധിയും രണ്ടാമത്തെ വര്‍ഷം മുതല്‍ ഫാമിലി സ്റ്റാറ്റസും ലഭിക്കും.

ഡിസംബര്‍ 10,11,12 തീയതികളില്‍ കൊച്ചിയിലും 14,15 തീയതികളില്‍ കല്‍ക്കത്തയിലും 17,18,19 തീയതികളില്‍ ന്യൂഡല്‍ഹിയിലുമാണ് ഇന്റര്‍വ്യൂ. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പും ബയോഡേറ്റ, ഫോട്ടോ എന്നിവയും സഹിതം rquery.norka@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ ഡിസംബര്‍ ഏഴിനകം അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.norkaroots.net, 24 മണിക്കൂര്‍ കാള്‍ സെന്റര്‍ നമ്പര്‍ 1800 425 3939.

Content Highlights: NORKA recruitment,  Ministry of Health Saudi Arabia, Doctors Recruitment to Saudi Arabia