ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഇന്ത്യന്‍ റെയില്‍വേ 89,409 ഒഴിവുകളിലേക്ക് മെഗാ റിക്രൂട്ട്മെന്റിനൊരുങ്ങുന്നു. പത്തുവര്‍ഷത്തിനുള്ളില്‍ ഒരു പൊതുമേഖലാ സ്ഥാപനവും ഇത്രയധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടില്ല. 

റെയില്‍വേതന്നെ മേഖല (സോണ്‍) അടിസ്ഥാനത്തിലാണ് ഇതുവരെ നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്. ഇതാദ്യമായാണ് എല്ലാ സോണുകളിലെയും ഒഴിവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒറ്റയടിക്ക് അപേക്ഷ വിളിച്ചിരിക്കുന്നത്.

എത്രയും പെട്ടെന്ന് റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം നടത്താനും റെയില്‍വേ തീരുമാനമെടുത്തിട്ടുണ്ട്. ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ പ്രകാരമുള്ള വര്‍ധിപ്പിച്ച ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുക. അല്പമൊന്ന് കഷ്ടപ്പെട്ടാല്‍ ആറുമാസത്തിനുളളില്‍ മികച്ച ജോലി സ്വന്തമാക്കാമെന്ന സുവര്‍ണാവസരമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നിലുള്ളത്.

ലോക്കോപൈലറ്റ്, ടെക്നീഷ്യന്‍: ഒഴിവുകള്‍ 26,502

അസിസ്റ്റന്റ് ലോക്കോമോട്ടീവ് പൈലറ്റ് തസ്തികയില്‍ 17,763 ഒഴിവുകളും ടെക്നീഷ്യന്‍ തസ്തികയില്‍ 8829 ഒഴിവുകളുമുള്‍പ്പെടെ ആകെ 26502 ഒഴിവുകളുടെ വിജ്ഞാപനമാണ് റെയില്‍വേ ആദ്യം പ്രസിദ്ധീകരിച്ചത്. കേരളത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ചുമതലയുള്ള തിരുവനന്തപുരം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ (ആര്‍.ആര്‍.ബി.) കീഴില്‍ 345 ഒഴിവുണ്ട്.

യോഗ്യത: എസ്.എസ്.എല്‍.സി.യും ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും.

സര്‍വീസില്‍ കയറുന്ന അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് തുടക്കത്തില്‍ 26,000 രൂപയ്ക്കടുത്ത് ലഭിക്കും. അടിസ്ഥാനശമ്പളം, വീട്ടുവാടക ബത്ത, ഗ്രേഡ്‌പേ എന്നിവയ്ക്ക് പുറമേ തീവണ്ടി ഓടിക്കുന്ന കിലോമീറ്റര്‍ കണക്കാക്കി റണ്ണിങ് അലവന്‍സുമുണ്ടാകും.  ഓവര്‍ടൈം സ്‌പെഷ്യല്‍ വേതനത്തിനും അവകാശമുണ്ട്. 

റെയില്‍വേയുടെ വിവിധവിഭാഗങ്ങളിലേക്കും ഫാക്ടറികളിലേക്കുമാണ് ടെക്നീഷ്യന്‍മാരെ വേണ്ടത്. അസിസ്റ്റന്റ് ലോക്കോമോട്ടീവ് പൈലറ്റിന് നല്‍കുന്ന പേ എലിമെന്റ് ഒഴിച്ച് മറ്റ് ആനുകൂല്യങ്ങളെല്ലാം ടെക്നീഷ്യന്‍മാര്‍ക്കും ലഭിക്കും. നിഷ്‌കര്‍ഷിക്കുന്ന ട്രേഡുകളില്‍ ഐ.ടി.ഐ. യോഗ്യതയും അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഏതാണ്ടെല്ലാ ട്രേഡുകളിലും ഒഴിവുകളുണ്ട്.

രണ്ട് തസ്തികകളിലേക്കും 2018 ജൂലായ് ഒന്നിന് 18-28 വയസ്സിനിടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണവിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.  

ഏത് യൂണിറ്റിലാണോ നിയമനം ആഗ്രഹിക്കുന്നത് ആ യൂണിറ്റിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കേരളത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. അവസാന തീയതി: മാര്‍ച്ച് 5.


ഗ്രൂപ്പ് ഡി തസ്തികകളില്‍ ഒഴിവുകള്‍ 62,907

ട്രാക്ക് മെയിന്റയ്നര്‍ (ട്രാക്ക്മാന്‍), ഗേറ്റ്മാന്‍, പോയിന്റ്സ്മാന്‍, ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ്, മെക്കാനിക്കല്‍, സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ ഹെല്‍പ്പര്‍, പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളിലായി 62,907 ഒഴിവുകളുണ്ട്.

ദക്ഷിണറെയില്‍വേയുടെ കീഴില്‍ വരുന്ന ചെന്നൈ ആര്‍.ആര്‍.ബി. യില്‍ 2979 ഒഴിവുകളുണ്ട്

യോഗ്യത: പത്താം ക്ലാസ്/ഐ.ടി.ഐ./നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്/തത്തുല്യ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2018 ജൂലായ് ഒന്നിന് 18-31. റെയില്‍വേ മന്ത്രാലയത്തിന്റെ www.indianrailways.gov.in എന്ന വെബ്സൈറ്റില്‍ എല്ലാ ആര്‍.ആര്‍.ബി. യൂണിറ്റുകളുടെയും വെബ്സൈറ്റിലേക്കുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്. അതത് യൂണിറ്റുകളുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.