പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് നിയമനത്തിനുള്ള യോഗ്യതയായി ഏഴാം ക്ലാസ് ജയം മതിയെന്ന് ഒടുവിൽ സർക്കാർ തീരുമാനിച്ചു. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് യോഗ്യതയിൽനിന്ന് ഒഴിവാക്കി ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പുറത്തിറക്കി.ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് രണ്ടുവർഷം വേണ്ടിവന്നു.
തീരുമാനം വൈകിയതിനാൽ കഴിഞ്ഞവർഷം ഡിസംബറിൽ പ്രായപരിധി പിന്നിട്ടവർക്ക് ഈ തസ്തികയിലേക്കുള്ള അവസരം നഷ്ടപ്പെട്ടു. ഈ മാസവും തിരുത്ത് വന്നില്ലെങ്കിൽ ഈ വർഷവും കുറേപ്പേർക്ക് അവസരം നഷ്ടപ്പെടുമായിരുന്നു.2020 നവംബറിൽ പുറത്തിറക്കിയ ആദ്യ ഉത്തരവിൽ ഏഴാം ക്ലാസ് ജയത്തിനൊപ്പം എഴുതാനും വായിക്കാനുമുള്ള കഴിവും യോഗ്യതയായി ഉൾപ്പെടുത്തിയിരുന്നു. ഇതിൽ വൈരുധ്യമുണ്ടെന്നും ഏതെങ്കിലും ഒന്ന് യോഗ്യതയാക്കിയാൽ മതിയെന്നും സർക്കാരിനെ പി.എസ്.സി. അറിയിച്ചു. എന്നാൽ ചുവപ്പുനാടയിൽ കുരുങ്ങി തീരുമാനമെടുക്കാൻ രണ്ടുവർഷമെടുത്തു.
ഈ വർഷവും തിരുത്തൽ ഉത്തരവ് വന്നില്ലെങ്കിൽ പി.എസ്.സി.ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാനാകില്ലെന്ന് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. വ്യക്തത തേടി പി.എസ്.സി. വീണ്ടും കത്തെഴുതി. ബിരുദധാരികൾക്ക് ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനത്തിന് അപേക്ഷിക്കാനാകില്ല.
ഒഴിവുകൾ ആയിരത്തിലേറെ
വിജ്ഞാപനം വൈകിയതിനാൽ സംസ്ഥാനത്തെ 13 സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സിന്റെ ആയിരത്തിലേറെ ഒഴിവുകളിൽ നിയമനം നടത്താനാകുന്നില്ല. ഡിസംബർ 31-നകം പി.എസ്.സി.യുടെ വിജ്ഞാപനം വന്നാൽ ഈ വർഷം പ്രായപരിധി പിന്നിടുന്നവർക്കും അപേക്ഷിക്കാം. പരീക്ഷ നടത്തി അടുത്തവർഷം റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് പി.എസ്.സി. വഴിയുള്ള നിയമനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. 14 അനധ്യാപക തസ്തികകളിലെ പി.എസ്.സി. നിയമനത്തിനായി 2019-ൽ ഉത്തരവിറക്കിയതാണ്.
ഒമ്പതെണ്ണത്തിൽ മാത്രമേ നിയമന നടപടികൾ തുടങ്ങാൻ പി.എസ്.സി.ക്കായുള്ളൂ. അസിസ്റ്റന്റ് എൻജിനിയർ, യൂണിവേഴ്‌സിറ്റി എൻജിനിയർ, പ്രോഗ്രാമർ, പ്രൊഫഷണൽ അസിസ്റ്റന്റ്, ഓവർസിയർ, ഇലക്‌ട്രീഷ്യൻ, ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ്, പി.ആർ.ഒ., ഓപ്പറേറ്റർ എന്നിയുടെ നിയമന നടപടികളാണ് തുടങ്ങിയത്.
അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ പി.എസ്.സി. വഴിയുള്ള നിയമനം നേരത്തേ ആരംഭിച്ചു.
Content Highlights: University Attendant recruitment Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..