പ്രതീകാത്മക ചിത്രം | ഫൊട്ടൊ: മാതൃഭൂമി ആർക്കൈവ്സ്| റിദിൻ ദാമു
പാലക്കാട്: എന്‍ജിനീയറിങ്, മെഡിക്കല്‍ ബിരുദധാരികള്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍-സാങ്കേതിക യോഗ്യത നേടിയവരില്‍ തൊഴിലില്ലായ്മ രൂക്ഷമെന്ന് തൊഴില്‍വകുപ്പ്. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് താത്കാലിക ജോലികള്‍ക്ക് അവസരംനല്‍കാന്‍ നടപടിയെടുക്കുന്നു.
പ്രൊഫഷണല്‍-സാങ്കേതിക തൊഴില്‍യോഗ്യത നേടിയ 1.45 ലക്ഷം പേരില്‍ തൊഴില്‍രഹിതരായി എന്‍ജിനീയര്‍മാര്‍ മാത്രം 45,913 പേരുണ്ട്. ഡോക്ടര്‍മാര്‍ 8,753 പേരും. ഇവരില്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന യോഗ്യതയുള്ളവര്‍ക്ക് ജോലി നല്‍കുന്നതിനാണ് തൊഴില്‍വകുപ്പ് ശ്രമിക്കുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ തുടര്പ്രവര്ത്തനഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും. ഇതിനൊപ്പം മറ്റ് വകുപ്പുകളിലെ ഒഴിവുകള്‍ക്കനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ജോലിനല്കാനും ആലോചിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സാങ്കേതികവിഭാഗത്തില്‍ കൂടുല്‍ തൊഴില്‍രഹിതര്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് നേടിയവരാണ്. 96,000 പേരിലേറെ വരും. എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയവര്‍ 79,731 പേരുണ്ട്.
വെറ്ററിനറി സര്‍ജന്‍സ് ബിരുദം നേടിയവര്‍ 498 പേരും അഗ്രിക്കള്‍ച്ചര്‍ ബിരുദമുള്ളവര്‍ 1,344 പേരുമുണ്ട്. ബി.എസ്സി. നഴ്സിങ് യോഗ്യതയുള്ളവര്‍ 11,268, ബി.എസ്സി. എം.എല്‍.ടി. യോഗ്യതയുള്ളവര്‍ 1,231 എന്നിങ്ങനെയും കണക്കാക്കിയിട്ടുണ്ട്. എം.ബി.എ. നേടിയവര്‍ 6,903 പേരും എം.സി.എ. നേടിയവര്‍ 3,836 പേരുമാണുള്ളത്. നിയമബിരുദം നേടിയവര്‍ 758 പേരും. തൊഴില്‍വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ആകെയുള്ള തൊഴില്‍രഹിതര്‍ 34.18 ലക്ഷമാണ്. ഇതില്‍ തൊഴിലിന് അര്‍ഹതയുള്ളവര്‍ 29.75 ലക്ഷവും.
Content Highlights: Unemployment Rate Increased Among Engineering and Medical Graduates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..