പ്രതീകാത്മക ചിത്രം | Photo: gettyimages.in
സ്ഥിരം തസ്തികകളില്‍ പി.എസ്.സി വഴിയും താത്കാലിക തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുമായിരിക്കും നിയമനമെന്ന് അധികാരത്തിലേറുമ്പോള്‍ സര്‍ക്കാരുകളെല്ലാം പ്രഖ്യാപിക്കും. മാസങ്ങള്‍ പിന്നിടുന്നതോടെ യഥാര്ത്ഥനയം പുറത്തെടുക്കും. സ്ഥിരം തസ്തികകളില്‍ താത്കാലികക്കാരുടെ സ്ഥിരപ്പെടുത്തലും താത്കാലിക തസ്തികകളില്‍ പാര്ട്ടിക്കത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനങ്ങളുമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേയുള്ള ഈ നയം, ഭരണത്തുടര്‍ച്ച കിട്ടിയതോടെ പൂര്‍വാധികം ശക്തമായി നടപ്പാക്കുന്നുവെന്ന് മാത്രം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വിവര ശേഖരണ കേന്ദ്രങ്ങളും സ്വയംതൊഴില്‍ വായ്പ സംഘടിപ്പിച്ച് നല്കുന്ന സംവിധാനവുമായി പേരിന് നിലനില്‍ക്കുകയാണ്. താത്കാലിക നിയമനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന തൊഴില്ക്കൊള്ളയെക്കുറിച്ചുള്ള 'മാതൃഭൂമി തൊഴില്‍വാര്‍ത്ത'യുടെ അന്വേഷണ പരമ്പര തുടങ്ങുന്നു.
25 വര്‍ഷമായി താത്കാലികം; പെന്ഷന് കിട്ടാനുള്ള സര്‍വീസായി
കഴിഞ്ഞ 35 വര്‍ഷമായി തിരുവനന്തപുരം കോര്പ്പറേഷന് ഇടതുപക്ഷമാണ് ഭരിക്കുന്നത്. 25-ാമത്തെ വയസില്‍ ഇവിടെ ആരോഗ്യവിഭാഗത്തില്‍ ശുചീകരണ തൊഴിലാളിയായി (മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍) താത്കാലിക ജോലി തുടങ്ങിയ ആള്‍ക്ക് ഇപ്പോള്‍ 25 വര്‍ഷത്തെ സര്‍വീസുണ്ട്. 50-ാം വയസിലും കോര്‍പ്പറേഷനില്‍ താത്കാലികക്കാരനായി തുടരുകയാണ്. പെന്ഷന് ലഭിക്കാനുള്ള സര്വീസായെന്നാണ് ഇദ്ദേഹം പറയുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പി.എസ്.സിയിലോ ഒന്നും ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്യാത്ത ഇദ്ദേഹം, പക്ഷെ ഭരണപക്ഷ പാര്‍ട്ടിയുടെ സ്ഥലത്തെ പ്രധാനിയാണ്. അതു മാത്രമാണ് ഇത്രയും കാലത്തെ താത്കാലിക ജോലിക്കുള്ള ഏക യോഗ്യതയും. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഭരണത്തിലെത്തുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് മാറ്റമുണ്ടെങ്കിലും ഇദ്ദേഹത്തിന് മാത്രം ഇതുവരെ മാറേണ്ടി വന്നിട്ടില്ല.
നിലവില്‍ അഞ്ഞൂറിലേറെപ്പേര്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം താത്കാലികക്കാരായി ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ പലര്‍ക്കും എംപ്ലോയ്മെന്റ് രജിസ്ട്രേഷനുള്ളതാണ്. തൊഴിലിനുള്ള മുന്ഗണനയുള്ളവരുണ്ട്. എന്നാല്‍ ജോലി കിട്ടിയത് പാര്‍ട്ടി വഴിയാണെന്നാണ് ഇവര്‍ പറയുന്നത്. പലരും പത്ത് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നു. മേയര്‍ നല്‍കിയെന്ന് ആരോപിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ കൂടി നിയമനം നടത്തിയിരുന്നെങ്കില്‍ ഇവരുടെ എണ്ണം 800 കടന്നേനെ. ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്, ഒപ്ടോമെട്രിസ്റ്റ്, പാര്‍ട്ടൈം സ്വീപ്പര്‍ തുടങ്ങിയ തസ്തികകളിലെ 295 ഒഴിവിലേക്ക് നിയമിക്കേണ്ടവരുടെ പട്ടികയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് പകരം പാര്‍ട്ടി ജില്ലാ സെക്രട്ടറിയോട് 'മേയര്‍' ആവശ്യപ്പെട്ടത്.
കോര്‍പ്പറേഷനുകളും നഗരസഭകളും താത്കാലിക നിയമനം നല്കുന്ന ഭൂരിഭാഗം തസ്തികകള്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അംഗീകാരമുണ്ടാകില്ല. ഈ നിയമനങ്ങളില്‍ ഓഡിറ്റ് വിഭാഗം തര്ക്കമുന്നയിക്കുമ്പോഴെല്ലാം കൗണ്‍സില്‍ യോഗത്തിന്റെ അനുമതിയുണ്ടെന്നാണ് ഭരണകര്‍ത്താക്കള്‍ അവകാശപ്പെടാറുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഗ്രാന്റുകളില്‍ നിന്നും തനത് ഫണ്ടില്‍ നിന്നുമാണ് ഇവര്‍ക്കുള്ള ശമ്പളം വിതരണം ചെയ്യുന്നത്. സുരക്ഷാ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ (ടെക്നിക്കല്‍ ഓഫീസര്‍മാര്‍), ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയ തസ്തികകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കളുടെ ബന്ധുക്കള്‍ എന്നിവയ്ക്ക് പുറമെ ജീവനക്കാരന്റെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍ എന്നീ പരിഗണനകളും താത്കാലിക നിയമനത്തിനുള്ള യോഗ്യതകളാണ്. പദ്ധതികളുടെ പേരിലായാലും നിലവിലില്ലാത്ത തസ്തികകളില്‍ നിയമനം നടത്തുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് വ്യവസ്ഥ. അംഗീകൃത തസ്തികകളാണെങ്കില് 90-ല്‍ കൂടുതല്‍ ദിവസത്തേക്ക് നിയമനം നടത്തുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ഭരണ സ്വാധീനം ഉപയോഗിച്ച് താത്കാലിക നിയമനങ്ങള്‍ നടത്തുന്നതും തസ്തിക നിലനിര്‍ത്തുന്നതും.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെട്ടിട നമ്പര്‍ തട്ടിപ്പുണ്ടായപ്പോള് അറസ്റ്റിലായവരില്‍ കൂടുതലും താത്കാലികക്കാരായിരുന്നു. സ്ഥിരം ജീവനക്കാരെക്കാള്‍ സ്വാധീനത്തോടെ ഭരണ നടപടികളില്‍ ഇടപെടാന്‍ കഴിയുന്നവരാണ് ഇവരെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. റവന്യൂ വിഭാഗത്തിന്റെ തലവനായ ഓഫീസറുടെ ഡിജിറ്റല്‍ ഒപ്പിന്റെ കൈകാര്യക്കാര്‍ താത്കാലികക്കാരാണെന്ന് കെട്ടിട നമ്പര്‍ തട്ടിപ്പിലൂടെയാണ് പുറത്ത് വന്നത്.
തൊഴിലുറപ്പ് മേല്‍നോട്ടത്തിനും താത്കാലികക്കാര്‍; സര്‍ക്കാരിന് കണക്കില്ല
തദ്ദേശഭരണ വകുപ്പിന് കീഴില്‍ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുടെ മേല്‍നോട്ടത്തിനും താത്കാലികക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. അക്രെഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സീയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ പഞ്ചായത്ത് ഭരണസമിതിയാണ് നിയമനം നടത്തുന്നത്. പദ്ധതി നടത്തിപ്പിനുള്ള തുകയില്‍ നിന്ന് ഇവര്‍ക്ക് ശമ്പളം നല്‍കും. 600 എന്‍ജിനീയര്‍മാരും 941 ഓവര്‍സീയര്‍മാരും 1500 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരും സംസ്ഥാനത്തുടനീളം ഇങ്ങനെ ജോലി ചെയ്യുകയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ ഒഴിവാക്കി സ്വന്തക്കാരെ നേരിട്ട് നിയമിക്കുന്നതിനുള്ള തസ്തികകളായി ഇവ മാറിയിട്ടുണ്ട്. പൊതുപണം ഉപയോഗിച്ച് വേതനം നല്കുന്ന താത്കാലിക തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിക്കുന്നത് ചോദ്യം ചെയ്യാനോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ വകുപ്പിന് കഴിയുന്നില്ല. അതിന് നിയമപ്രകാരം വ്യവസ്ഥയില്ലെന്ന് പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞു മാറുകയാണ്. ഇതിലൂടെ അനധികൃത നിയമനങ്ങള്‍ നിര്‍ബാധം തുടരാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു. അതത് പഞ്ചായത്ത് ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തിയാണ് നിയമനം നടത്തുന്നത്. സ്വന്തക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കാനും ആവശ്യമെങ്കില്‍ യോഗ്യതാ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്ത് ഇളവ് നല്‍കാനും ഇതിലൂടെ സാധിക്കും. ഉദ്യോഗാര്‍ത്ഥിക്ക് എത്ര കഴിവുണ്ടെങ്കിലും രാഷ്ട്രീയ പിന്‍ബലമില്ലെങ്കില്‍ നിയമനം ലഭിക്കില്ലെന്ന് ഉറപ്പാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളാണെങ്കില് പ്രായത്തിന്റെയും പരിചയത്തിന്റെയും യോഗ്യതയുടെയും സംവരണത്തിന്റെയും അടിസ്ഥാനത്തിലുള്ള മുന്‍ഗണനകള്‍ നല്കി നീതിപൂര്‍വമുള്ള പട്ടികയായിരിക്കും നിയമനശുപാര്ശയ്ക്കായി നല്‍കുന്നത്. അത് അംഗീകരിക്കാനുള്ള വിശാല മനസ്കതയില്ലാത്തതുകൊണ്ടാണ് എംപ്ലോയ്മെന്റിനേയോ ബന്ധപ്പെട്ട വകുപ്പുകളെയോ അറിയിക്കാതെ താത്കാലിക നിയമനങ്ങള്‍ നടത്തുന്നത്. അതിനാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ കണക്ക് പോലും സര്‍ക്കാരിന്റെ കൈവശമില്ലെന്നതാണ് സത്യം.
(തുടരും)
Content Highlights: Temporary vacancies in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..