എടപ്പാൾ: ഓഗസ്റ്റിൽനടന്ന കെ. ടെറ്റ് പരീക്ഷ വിജയിച്ച സർട്ടിഫിക്കറ്റില്ലെങ്കിലും അധ്യാപകരുടെ നിയമനാംഗീകാരത്തിനുളള അപേക്ഷ പരിഗണിക്കാൻ നിർദേശം. സർട്ടിഫിക്കറ്റില്ലാത്തതിന്റെ പേരിൽ നിയമനാംഗീകാരനിർദേശം നിരസിക്കരുതെന്ന് പരീക്ഷാ കമ്മിഷണർ ഉത്തരവിറക്കി.  

പരീക്ഷയിൽ വിജയിച്ചിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ നിയമനാംഗീകാരം കിട്ടാതിരിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്ന നിരവധിപേർക്ക് ആശ്വാസമേകുന്നതാണ് ഉത്തരവ്. ഓഗസ്റ്റിൽനടന്ന പരീക്ഷയുടെ ഫലം ഇക്കഴിഞ്ഞ 20-നാണ് പ്രസിദ്ധീകരിച്ചത്. വിജയികളുടെ യോഗ്യതാസർട്ടിഫിക്കറ്റ് പരിശോധന ഒക്ടോബർ ഒന്നു മുതൽ വിദ്യാഭ്യാസ ഓഫീസുകളിൽ നടത്താനും നിശ്ചയിച്ചിരുന്നു. 

ഈ പരിശോധന പൂർത്തിയായാൽ മാത്രമേ കെ. ടെറ്റ് വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകാനാവൂ. വിജയികളുടെ വിവരം പരീക്ഷാഭവൻ വെബ് സൈറ്റിൽനിന്ന് പ്രിന്റ് എടുക്കാൻ സാധിക്കും. ഈ പ്രിന്റ് ഹാജരാക്കിയാലും അധ്യാപക നിയമനാംഗീകാരത്തിനായുള്ള പ്രൊപ്പോസൽ സ്വീകരിക്കും. ഒറിജിനൽ സർട്ടിഫിക്കറ്റ് പരീക്ഷാഭവനിൽ നിന്ന് ലഭ്യമാകുന്നതുവരെ അപേക്ഷ നിരസിക്കില്ല.  

കെ. ടെറ്റ് ഒറിജിനൽസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഈ അധ്യാപകരുടെ നിയമന നിർദേശങ്ങൾ അംഗീകാരത്തിനായി പരിഗണിക്കാവുന്നതാണെന്നും കമ്മിഷണർ ഇറക്കിയ ഉത്തരവിൽ പറയുന്നു.