പ്രതീകാത്മക ചിത്രം | Image: ssc.nic.in
കേന്ദ്ര സര്‍വീസിലെ സെലക്ഷന് പോസ്റ്റുകളിലേക്കുള്ള വിജ്ഞാപനം (Phase-X/2022/Selection Posts) സ്റ്റാഫ് സെലക്ഷന് കമ്മിഷന് പ്രസിദ്ധീകരിച്ചു. 337 വ്യത്യസ്ത തസ്തികകളിലാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഒഴിവുകള്‍: 2065.
യോഗ്യത
എസ്.എസ്.എല്‍.സി.യും ഹയര്‍ സെക്കന്‍ഡറിയും ബിരുദവും അതിനുമുകളിലും യോഗ്യതകള്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന കേരള-കര്‍ണാടക റീജണില്‍ 48 ഒഴിവാണുള്ളത്. പരീക്ഷ ഓഗസ്റ്റില്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
പ്രായം 18 മുതല്‍ 30 വരെ. ഇത് തസ്തികകള്‍ക്കനുസരിച്ച് വ്യത്യാസമുണ്ട്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍ വിഭാഗത്തിന് 10 വര്‍ഷം, എസ്.സി., എസ്.ടി.-15 വര്‍ഷം, ഒ.ബി.സി. 13 വര്‍ഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.-40 വയസ്സുവരെ) അപേക്ഷിക്കാം.
പരീക്ഷ
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷവഴിയാണ് തിരഞ്ഞെടുപ്പ്. പത്താംക്ലാസ്, ഹയര്‍ സെക്കന്‍ഡറി, ബിരുദം എന്നിങ്ങനെ യോഗ്യതയ്ക്കനുസരിച്ച് മൂന്ന് പരീക്ഷകളാണ് നടത്തുക. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവേര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങള്‍. ആകെ 200 മാര്‍ക്കിനായിരിക്കും പരീക്ഷ. ഒരു മണിക്കൂറാണ് സമയം. തെറ്റുത്തരത്തിന് അര മാര്‍ക്ക് നെഗറ്റീവുണ്ടാകും. സമയവും മാര്‍ക്കും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതോടൊപ്പമുള്ള പട്ടികയില്‍. ചോദ്യങ്ങള്‍ വരാവുന്ന മേഖലകള്‍ ഉള്‍പ്പെടെ സിലബസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.ssc.nic.in ല്‍ ലഭ്യമാണ്. ജനറല്‍-35 ശതമാനം, ഒ.ബി.സി./ ഇ.ഡബ്ല്യു.എസ്.- 30 ശതമാനം, മറ്റ് വിഭാഗങ്ങള്‍- 25 ശതമാനം എന്നിങ്ങനെ മാര്‍ക്ക് നേടിയാലേ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കൂ.
അപേക്ഷ
www.ssc.nic.in വഴി അപേക്ഷിക്കാം. അപേക്ഷിച്ചശേഷം, പിന്നീടുള്ള ആവശ്യത്തിനായി അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിച്ചുവെക്കണം. പരീക്ഷയ്ക്കുശേഷം കമ്മിഷന് ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനൊപ്പം ഇതും സമര്‍പ്പിക്കേണ്ടിവരും. അവസാന തീയതി: ജൂണ്‍ 13 (രാത്രി 11). അപേക്ഷ തിരുത്തുന്നതിന് ജൂണ്‍ 20 മുതല്‍ 26 വരെ സമയമുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..