Representational Image | Photo: Canva
ബെംഗളൂരു: സ്ഥിരവരുമാനമുള്ള ജോലി. പഠനം കഴിഞ്ഞ് നില്‍ക്കുന്ന ആരുടെയും സ്വപ്നമാണത്. കോവിഡിനുശേഷം നാട്ടില്‍ കാര്യമായ ജോലികളൊന്നും ലഭിക്കാതായപ്പോള്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് നാട്ടിലെ യുവത്വം ജോലിതേടുന്നത്. കൊല്ലം സ്വദേശിയായ വിഷ്ണുവും ഇതേപാതയിലാണ് നീങ്ങിയത്. നേരിട്ടുള്ള ജോലി അന്വേഷണത്തിന് പിന്നാലെ ഓണ്‍ലൈനിലേക്കും നീണ്ടു, ജോലി അന്വേഷണം.
ഇതിനിടെയാണ് പ്രമുഖ സൈറ്റില്‍ ഒരു പരസ്യം കണ്ടത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പനികളിലും മറ്റ് സ്ഥാപനങ്ങളിലും പാക്കിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ആളെ ആവശ്യമുണ്ട്. ഇതിനൊപ്പം കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ചുനോക്കി. ഫോണെടുത്തത് തിരുവനന്തപുരം സ്വദേശി.
ബെംഗളൂരുവില്‍ ഒട്ടേറെ ജോലികളുണ്ട്. മാസം 18,000 രൂപ ശമ്പളം. ഓവര്‍ ടൈം ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ 24,000 വരെ ലഭിക്കും.
ഒട്ടും താമസിച്ചില്ല. വീട്ടിലെ കഷ്ടപ്പാടിന് ഇതോടെ അറുതിവരുമെന്നു കരുതി തിരുവനന്തപുരത്തുകാരന്‍ നല്‍കിയ വിലാസവുമായി നേരെ ബെംഗളൂരുവിലേക്ക്. പറഞ്ഞ സമയത്തിന് അരമണിക്കൂര്‍ മുമ്പേ ബെംഗളൂരു മലഗാലയിലെ ഓഫീസിലെത്തി. മാന്യരായ ജീവനക്കാര്‍. നല്ല പെരുമാറ്റം. 10-ലേറെ പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്നെത്തിയത്. ജോലി ലഭിക്കുന്നതിന് മുമ്പ് 3000 രൂപ കമ്പനിയില്‍ രജിസ്ട്രേഷന്‍ ഫീസായി അടയ്ക്കണം. കൈയിലുള്ള തുക പെറുക്കിക്കൂട്ടി 3000 കൊടുത്തു. ജോലിയാണല്ലോ പ്രധാനം.
പണം കിട്ടിയയുടനെ ജോലിതേടിവന്നവര്‍ക്കെല്ലാം ഓഫീസില്‍നിന്ന് ഓരോ ഫോണ്‍ നമ്പര്‍ നല്‍കി. വിഷ്ണുവിനും കിട്ടി ഫോണ്‍ നമ്പര്‍. മെജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ പോയി ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. എങ്ങനെ പോകണമെന്നു വിശദമായി ഓഫീസില്‍നിന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. മെട്രോയും ബസും കയറി ഒരുവിധം മെജസ്റ്റിക്കിലെത്തി. ഓഫീസില്‍നിന്ന് തന്ന നമ്പറില്‍ വിളിച്ചു. ഉത്തരം കേട്ടാണ് ഞെട്ടിയത്. 'റോങ് നമ്പര്‍' ഇതോടെ പാതിജീവന്‍ പോയി. തിരുവനന്തപുരത്തുകാരനെയും രാവിലെ പോയ ഓഫീസിലേക്കും പലവട്ടം വിളിച്ചു. കൃത്യമായ മറുപടിയില്ല. പിന്നീട് തിരുവനന്തപുരം സ്വദേശിയും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. ഏറെ നേരത്തേ അലച്ചിലിനുശേഷം ഓഫീസിലേക്കുതന്നെ തിരിച്ചെത്തി. കാര്യമന്വേഷിച്ചപ്പോള്‍ കൈമലര്‍ത്തലായിരുന്നു ഫലം. മെജസ്റ്റിക്കിലേക്കായിരുന്നു വിഷ്ണുവിനെ വിട്ടതെങ്കില്‍ ഹൊസൂര്‍വരെ പോയി തിരിച്ചുവന്നവരും ഇക്കൂട്ടത്തിലുണ്ട്.
നഗരത്തില്‍ വര്‍ധിച്ചുവരുന്ന ജോലി തട്ടിപ്പിന്റെ അനുഭവങ്ങളിലൊന്നുമാത്രമാണിത്. കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് നിരവധി തട്ടിപ്പുസംഘങ്ങളാണ് നഗരത്തില്‍ സജീവമായിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരും ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ഭാഗമാണെന്നതാണ് യാഥാര്‍ഥ്യം. സാധാരണഗതിയില്‍ താരതമ്യേന കുറഞ്ഞ തുകയാണ് നഷ്ടപ്പെടുന്നതെന്നതിനാല്‍ തട്ടിപ്പിനിരയാകുന്നവര്‍ പരാതി നല്‍കാറുമില്ല. പരാതി നല്‍കിയാല്‍ പോലീസില്‍നിന്ന് അനുകൂലമായ സമീപനവുമില്ല.
വിഷ്ണു ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിനിരയായ സംഭവത്തില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവില്‍ പണം തിരികെ ലഭിച്ചുവെന്നത് മറ്റൊരു വസ്തുത. തട്ടിപ്പിനിരയായവരിലൊരാള്‍ക്ക് മലയാളി സംഘടനയായ എം.എം.എ.യിലെ ഒരംഗത്തെ പരിചയമുള്ളതാണ് ഇവര്‍ക്ക് നേട്ടമായത്. എം.എം.എ. ഇടപെടലോടെയാണ് ജോലി വാഗ്ദാനം ചെയ്ത ഏജന്‍സി പണം തിരികെ നല്‍കിയത്.
ദിവസങ്ങളോളം ഇവര്‍ക്ക് ബെംഗളൂരുവില്‍ തങ്ങേണ്ടിവന്നുവെന്നത് മറ്റൊരു കാര്യം. പലര്‍ക്കും ഇതിനുള്ള സൗകര്യമോ പരിചയമോ ഇല്ലാത്തതിനാല്‍ നഷ്ടപ്പെട്ട പണം എന്നന്നേക്കുമായി മറന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്നതാണ് പതിവ്.
കുറഞ്ഞ തുകയാണ് 'ധൈര്യം'
നഷ്ടപ്പെടുന്നത് താരതമ്യേന കുറഞ്ഞ തുകയാണെങ്കില്‍ ആരും പരാതി നല്‍കില്ലെന്നതാണ് തട്ടിപ്പുകാരുടെ ധൈര്യം. നാട്ടില്‍നിന്ന് ബെംഗളൂരുവരെയെത്തിയശേഷം കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായാല്‍ എത്രയും വേഗം തിരിച്ച് നാട്ടിലെത്താനായിരിക്കും ശ്രമം.
പണം തിരിച്ചുകിട്ടാന്‍ ബെംഗളൂരുവില്‍ത്തന്നെ കഴിയണമെങ്കില്‍ ചുരുങ്ങിയത് ഒരു ദിവസം 1500 രൂപയെങ്കിലും ചെലവുവരും. ഇതിലും ഭേദം പോയ പണം പോകട്ടെയെന്നുകരുതി നാട്ടിലേക്ക് തിരിച്ചുപോകുന്നതാണെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.
പലര്‍ക്കും ഭാഷയും ഒരു പ്രശ്നമാണ്. ജോലി വാഗ്ദാനം ചെയ്യുന്ന ഓഫീസുകളിലെ ജീവനക്കാരായി നിയമിച്ചിരിക്കുന്നത് കന്നഡക്കാരെയായിരിക്കും. ഇംഗ്ലീഷോ ഹിന്ദിയോ ഇവര്‍ക്കറിയാത്തത് പറഞ്ഞുനില്‍ക്കാനുള്ള സാധ്യതപോലും ഇല്ലാതാക്കും. ഓഫീസുകളില്‍ കന്നഡമാത്രം സംസാരിക്കുന്നവരെ നിയമിക്കുന്നത് തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രം.
'ഞങ്ങള്‍ നടത്തുന്നത് തട്ടിപ്പല്ല'
എല്ലാ തട്ടിപ്പുകാരെയും പോലെ ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളും അവകാശപ്പെടുന്ന ഒന്നുണ്ട്- 'ഞങ്ങള്‍ നടത്തുന്നത് തട്ടിപ്പല്ല. ജോലിയെല്ലാം ഉള്ളതുതന്നെ... ചില സാങ്കേതിക പ്രശ്നങ്ങളുള്ളതുകൊണ്ടാണ് കൃത്യസമയത്ത് ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെടാന്‍ കഴിയാത്തത്. ചോദ്യംചെയ്യുമെന്നും മലയാളി സംഘടനകളുമായി ബന്ധമുണ്ടെന്നും തോന്നിയാല്‍ തുക തിരിച്ചുനല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കാനും ഇവര്‍ തയ്യാറാകും. ഒറ്റയ്ക്ക് വരുന്നവരും തുക തിരിച്ചുചോദിക്കാന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങുന്നവരുമാണ് ഇവരുടെ 'ലാഭം.'
പണം കിട്ടിക്കഴിഞ്ഞാല്‍ പരാതി നല്‍കാനോ കേസുമായി മുന്നോട്ടുപോകാനോ തട്ടിപ്പിനിരയാകുന്നവര്‍ തയ്യാറാകാത്തതാണ് ഇത്തരം സംഘങ്ങള്‍ തഴച്ചുവളരുന്നതിന്റെ ഒരു കാരണമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റെജികുമാര്‍ പറയുന്നു. കഴിഞ്ഞദിവസം ജോലി തട്ടിപ്പില്‍ പെട്ടതിനെത്തുടര്‍ന്ന് രാജാജിനഗറില്‍ എത്തിപ്പെട്ട മലയാളി യുവാക്കള്‍ക്കുവേണ്ടി ബെംഗളൂരു കേരള സമാജം ഇടപെട്ടിരുന്നു.
Content Highlights: Spike in cases of job frauds in Bengaluru
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..