
-
ഇന്ത്യന്‍ പ്രതിരോധ സേനകളുടെ ചരിത്രത്തിലെ സുപ്രധാന ദിവസങ്ങളിലൊന്നാണിന്ന്. സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ തോളോടുതോള്‍ ചേര്‍ന്ന് ജോലി ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നു. വനിതകള്‍ക്ക് പെര്‍മനന്റ് കമ്മിഷന് നല്കാതിരിക്കാന് ഒരു കാരണവുമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
'ശാരീരിക ഘടനയുടെയും സാമൂഹിക കാഴ്ച്ചപ്പാടുകളുടെയും പേരില്‍ വനിതകളെ ഇനി മാറ്റി നിര്‍ത്താനാകില്ല. പുരുഷന്മാര്ക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ലഭിച്ചിരിക്കുന്നു' - അഭിഭാഷകയും ബി.ജെ.പി. എം.പിയുമായ മീനാക്ഷി ലേഖി പറയുന്നു. പെര്‍മനന്റ് കമ്മിഷന് വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത് മീനാക്ഷി ലേഖി ആയിരുന്നു.
കോടതി വിധി നടപ്പാകുന്നതോടെ കേണല്‍ പദവിയ്ക്കും അതിനുമുകളിലേക്കും സ്ത്രീകള്‍ക്ക് നേതൃപാഠവം പ്രയോഗിക്കാന്‍ അവസരം ലഭിക്കും. കോടതി വിധി സേനകളിലെ വനിതകള്‍ക്ക് ആത്മവിശ്വാസവും സന്തോഷവും നല്‍കുന്നതാണ്.
2018ലെ സ്വാന്ത്ര്യദിന പ്രസംഗത്തില്‍ വനിതകള്‍ക്ക് പെര്‍മനന്റ് കമ്മിഷന് ഉടന്‍ പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന് അങ്ങനെയൊരു തീരുമാനമുണ്ടെങ്കില്‍ അതിന്റെ നടപ്പാക്കല്‍ വേഗത്തിലാക്കാന്‍ ഇപ്പോഴത്തെ കോടതിവിധിയ്ക്ക് സാധിക്കും. മൂന്ന് മാസത്തെ സമയമാണ് വിധി നടപ്പാക്കാന്‍ അനുവദിച്ചിട്ടുള്ളത്.
എന്താണ് ഷോര്‍ട്ട് സര്‍വീസ് കമ്മിഷനും പെര്‍മനന്റ് കമ്മിഷനും?
ഷോര്‍ട്ട് സര്‍വീസ് കമ്മിഷനില്‍ ഓഫീസര്‍മാരെ നിയമിക്കുന്നത് 10+4 സ്കീമിലാണ്. അതായത് ഓഫീസര്‍ക്ക് 10 വര്‍ഷത്തേക്ക് സൈനിക സേവനം നടത്താം. വേണമെങ്കില്‍ നാല് വര്‍ഷത്തേക്ക് സേവനം നീട്ടുകയും ചെയ്യാം. ആവശ്യവും ഒഴിവും പരിഗണിച്ചാണ് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മിഷന് അനുവദിക്കുക.
ഷോര്‍ട്ട് സര്‍വീസ് കേഡറില്‍ വനിതാ ഓഫീസര്‍മാരെ നിയമിക്കാന്‍ 1992ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയത്. തുടക്കത്തില്‍ അഞ്ച് വര്‍ഷമായിരുന്നു സേവനകാലാവധിയെങ്കിലും പിന്നീടിത് 10+4 സ്കീമിലേക്ക് മാറ്റി. 1993ലാണ് 25 പേരടങ്ങുന്ന ആദ്യ വനിതാ ഓഫീസര്‍ സംഘം സേനയുടെ ഭാഗമായത്.
സ്ഥാനക്കയറ്റം
ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള ഓഫീസര്‍മാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്റ്റ്നന്റ് വരെയാണ് സ്ഥാനക്കയറ്റ സാധ്യതകളുള്ളത്. രണ്ട് വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് ക്യാപ്റ്റനാകാം. ആറ് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മേജര്‍. 13 വര്‍ഷം മികച്ച സേവനം കാഴ്ചവെച്ചാല്‍ ലെഫ്റ്റ്നന്റ് കേണല്‍. വനിതകള്‍ക്ക് പെര്‍മനന്റ് കമ്മിഷന് ലഭിക്കുന്നതോടെ അടുത്ത സ്ഥാനക്കയറ്റത്തിന് അവര്ക്കുമുമ്പിലുള്ള തടസം നീങ്ങും. ലെഫ്റ്റ്നന്റ് കേണല്‍ കഴിഞ്ഞാല്‍ അടുത്ത പദവി കേണലിന്റേതാണ്. ബറ്റാലിയന്റെ കമാന്‍ഡറാണ് കേണല്‍. ഒരു ബറ്റാലിയന് എന്നാല്‍ 850 അംഗങ്ങള്‍ വരെയുണ്ടാകും.
Content Highlights: Indian Army, Short Service Commission, Permanent Commission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..