ഫോട്ടോ:മാതൃഭൂമി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നടപ്പാക്കാൻ വെള്ളിയാഴ്ച ചേർന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
സ്ഥിര, കരാർ, ദിവസവേതന നിയമനങ്ങളിൽ ഇത് നടപ്പാക്കും. സർവകലാശാലാ ജീവനക്കാരുടെ താൽക്കാലിക സർവീസ് കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കാനും തീരുമാനിച്ചു. സർവകലാശാലയിൽ ജോലി ആരംഭിക്കുന്നതിന് മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ താത്കാലികമായി ജോലിചെയ്ത കാലയളവാണ് പരിഗണിക്കുക. വിരമിച്ചവരും വിരമിക്കാനിരിക്കുന്നവരുമായ ഒട്ടേറെ ജീവനക്കാർക്കും അധ്യാപകർക്കും വൻ പെൻഷൻ വർധനയ്ക്ക് വഴിയൊരുക്കുന്നതാണ് ഈ തീരുമാനം. ആദ്യപടിയായി സ്റ്റുഡന്റ് ഡീനായി വിരമിച്ച ഡോ. വത്സരാജ് പുത്തൻ വീട്ടിലിന്റെ മാഹി ഗവ. കോേളജിലെ അഡ്ഹോക് സർവീസ് പെൻഷന് പരിഗണിക്കാൻ തീരുമാനിച്ചു.
ഇതോടെ വിരമിച്ച ഒട്ടേറെ പേർക്ക് തങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ താത്കാലിക സർവീസ്കൂടി പരിഗണിച്ച് പുനഃക്രമവത്കരണത്തിന് അവസരം ലഭിക്കും. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു സർവകലാശാല വിരമിക്കുന്നവർക്ക് ഇത്തരം സൗകര്യം ഒരുക്കുന്നത്.
2019 ഡിസംബറിലെ നോട്ടിഫിക്കേഷൻ പ്രകാരം പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ കാറ്റഗറിയിലെ ഒഴിവുള്ള സംവരണ ബാക്ക്ലോഗ് തസ്തികകളിലേക്ക് നിയമനത്തിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. സംവരണ സമുദായങ്ങൾക്കും ഭിന്നശേഷിക്കാർക്കും മുൻകാലം മുതലുള്ള ഇത്തരം ഒഴിവുകളിൽ നിയമനം നടത്തണമെന്ന് ഡോ. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.
സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കി
താരതമ്യപഠന വകുപ്പിലെ വകുപ്പുമേധാവി സ്ഥാനം സംബന്ധിച്ച് ഡോ. കെ. ദിവ്യയിൽനിന്ന് വിശദീകരണം ചോദിക്കാനുള്ള കഴിഞ്ഞ സിൻഡിേക്കറ്റ് തീരുമാനം റദ്ദാക്കി. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവർക്കുള്ള ഓപ്പൺ ഡിഗ്രി പ്രോഗ്രാം പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിദൂരവിദ്യാഭ്യാസ സ്ഥിരംസമിതിയെ ചുമതലപ്പെടുത്തി.
അഫ്സൽ ഉലമ പ്രിലിമിനറി, അദീബ് ഫാസിൽ പ്രിലിമിനറി എന്നീ കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ സർവകലാശാലയിൽ തുടരും. വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന കലാ-കായികമേളയുടെ നടത്തിപ്പിന്റെ ചെലവിലേക്ക് 15 ലക്ഷം രൂപ അനുവദിച്ചു.
അധ്യാപകന് മെമ്മോ
വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ സ്കൂൾ ഓഫ് ഡ്രാമയിലെ അസി. പ്രൊഫസർ ഡോ. എസ്. സുനിൽകുമാറിന് മെമ്മോ നൽകും. അദ്ദേഹത്തിന്റെ സസ്പെൻഷൻ തുടരും.
ആർ. ശങ്കർ എസ്.എൻ.ഡി.പി. കോളേജിലെ 33 ശതമാനം മാത്രം ഹാജരുള്ള അതുൽ പുരുഷോത്തമൻ എന്ന വിദ്യാർഥിക്ക് പരീക്ഷ എഴുതാനുള്ള അവസരം നൽകും. യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു.
Content Highlights: Reservation for Economically Weaker Sections, EWS Calicut university
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..