Representational Image
തിരുവനന്തപുരം: യു.ജി.സി. ചട്ടം സംബന്ധിച്ച സമീപകാല കോടതിവിധികൾ കോളേജ് അധ്യാപകനിയമനത്തിലും അനിശ്ചിതത്വമുണ്ടാക്കുന്നു. വി.സി. നിയമനത്തിൽ സുപ്രീംകോടതിവിധിക്കു പിന്നാലെ, യു.ജി.സി. ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി 12 കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും റദ്ദാക്കിയതോടെയാണ് ഈ സാഹചര്യം. യു.ജി.സി. മാർഗരേഖ പാലിച്ചേ നിയമനം പാടുള്ളുവെന്ന് അടിവരയിടുന്നതാണ് ഈ രണ്ടു വിധികളും.
എന്നാൽ, കോളേജ് അധ്യാപകനിയമനത്തിനുള്ള 2018-ലെ യു.ജി.സി. മാർഗരേഖയും പി.എസ്.സി. വ്യവസ്ഥയും തമ്മിൽ വൈരുധ്യമുണ്ട്. പ്രശ്നം കോടതികയറിയാൽ പി.എസ്.സി. നിയമനങ്ങളെല്ലാം അസാധുവാകുമെന്ന ഭീഷണിയുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു. പരീക്ഷകൾ പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി. തയ്യാറെടുക്കവേയാണ് ഈ പ്രതിസന്ധി. യു.ജി.സി. ചട്ടം പാലിക്കാതെ നിയമിച്ച കോളേജുകളെയും ബാധിക്കും.
കേരളത്തിൽ സർക്കാർ കോളേജുകളിലെ അധ്യാപകനിയമനത്തിന് പി.എസ്.സി. മാനദണ്ഡവും എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ യു.ജി.സി. മാർഗരേഖയുമാണ് അടിസ്ഥാനം. കോളേജുകളിലെ അസി. പ്രൊഫസർ നിയമനത്തിനുള്ള 2018-ലെ യു.ജി.സി. മാർഗരേഖയുടെ കരടിൽ സംസ്ഥാന പി.എസ്.സി.കളും റിക്രൂട്ട്‌മെന്റ് ബോർഡുകളും പരാമർശിക്കപ്പെട്ടിരുന്നു. അന്തിമമാർഗരേഖയിൽ അതൊഴിവാക്കപ്പെട്ടു.
സ്വകാര്യ കോളേജുകളും കോൺസ്റ്റിറ്റ്യുവന്റ് കോളേജുകളും ഉൾപ്പെടെയുള്ള കോളേജുകളിലെ അസി. പ്രൊഫസർ നിയമനം എന്നു പരാമർശിച്ചാണ് ഈ മാർഗരേഖ. ഇതോടെ, സർക്കാരിന്റേതടക്കം എല്ലാ കോളേജുകൾക്കും ഒരേ നിയമന മാനദണ്ഡമെന്ന നിലയായി.
സുപ്രീംകോടതിയും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും സമീപകാലത്തു പുറപ്പെടുവിച്ചിട്ടുള്ള വിധിയനുസരിച്ച് രണ്ടു നിയമനരീതി നിലനിൽക്കില്ല. ഈ വിധികളനുസരിച്ച് യു.ജി.സി. ചട്ടമേ നിലനിൽക്കൂ. ഒരു ഉദ്യോഗാർഥിയെങ്കിലും കോടതിയെ സമീപിച്ചാൽ, 2018-ലെ യു.ജി.സി. മാർഗരേഖയ്ക്കുശേഷം പി.എസ്.സി. വഴി നടന്നിട്ടുള്ള കോളേജ് അധ്യാപക നിയമനങ്ങളെല്ലാം അസാധുവാകുമെന്നതാണ് സർക്കാരിനു മുന്നിലെ വെല്ലുവിളി. ചട്ടംലംഘിച്ച എയ്ഡഡ് നിയമനങ്ങളും അസാധുവാകും.
Content Highlights: Regulation differences between UGC and PSC; uncertainty in college lecturer recruitment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..