ഹരിപ്പാട്: റെയില്‍വേ നിയമനങ്ങള്‍ക്കുള്ള പ്രായപരിധി, യോഗ്യത തുടങ്ങിയവയില്‍ മാറ്റം വരുത്തിക്കൊണ്ടുളള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങും.

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 31വരെ നീട്ടി. നേരത്തെ മാര്‍ച്ച് 12 ആയിരുന്നു.

എല്ലാവിഭാഗങ്ങള്‍ക്കും പ്രായപരിധിയില്‍ രണ്ട് വര്‍ഷത്തെ ഇളവാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള ലെവല്‍ ഒന്ന് (പഴയ ഗ്രൂപ്പ് ഡി) തസ്തികകളില്‍ ഒരുവിഭാഗത്തിന് പത്താം ക്ലാസിനൊപ്പം ഐ.ടി.ഐ. യോഗ്യതകൂടി ചേര്‍ത്തിരുന്നു. ഈ പരിഷ്‌ക്കാരം പൂര്‍ണമായും ഉപേക്ഷിച്ചു.

പത്താം ക്ലാസോ ഐ.ടി.ഐ.യോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍കൂട്ടി അറിയിക്കാതെ യോഗ്യതയില്‍ മാറ്റംവരുത്തിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്നാണ് നടപടി. സാങ്കേതിക യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം കിട്ടിയതിനു ശേഷം പരിശീലനം നല്‍കാനാണ് തീരുമാനം.

പരീക്ഷ എഴുതുന്നവര്‍ക്ക് അപേക്ഷാഫീസ് മടക്കിനല്‍കുന്ന പരിഷ്‌കാരവും ഈ വര്‍ഷം മുതല്‍ തുടങ്ങും. പൊതുവിഭാഗത്തിന് 500 രൂപയാണ് അപേക്ഷാഫീസ്. പരീക്ഷ എഴുതിയില്‍ 400 രൂപ മടക്കിക്കിട്ടും.

സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്കും ഫീസ് 250 രൂപയാണ്. പരീക്ഷ എഴുതിയാല്‍ ഇത് പൂര്‍ണമായും തിരികെവാങ്ങാം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉദ്യോഗാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം. നേരത്തെ അപേക്ഷിച്ചവര്‍ക്ക് അക്കൗണ്ട് നമ്പര്‍ കൂട്ടിച്ചേര്‍ക്കാം. പരീക്ഷയ്ക്കിരിക്കാത്തവര്‍ക്ക് പണം മടക്കി കൊടുക്കില്ല.

പരീക്ഷാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ ഒപ്പിടാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇനിമുതല്‍ ഏത് ഭാഷയിലു ഒപ്പിടാം.

ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ എല്ലാ മേഖലകളിലും ചോദ്യപ്പേപ്പറുണ്ടാകും. ഇതിനൊപ്പം 15 പ്രാദേശിക ഭാഷകളിലും. ദക്ഷിണ റെയില്‍വേ നിയമനങ്ങളില്‍ തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളില്‍ ചോദ്യങ്ങള്‍ തയ്യാറാക്കും.

ഫെബ്രുവരി 10നാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. യോഗ്യതയിലും പ്രായപരിധിയിലും ഇളവ് അനുവദിച്ചതിനാല്‍ ഇതുവരെ അപേക്ഷിച്ചതിന്റെ ഇരട്ടിയോളം പേര്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.