
പ്രതീകാത്മകചിത്രം | Mathrubhumi
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള അധ്യാപകനിയമനങ്ങള്‍ക്കുള്ള യോഗ്യതാ പരീക്ഷകളില്‍ മാര്‍ക്കിളവ് അനുവദിക്കണമെന്ന് മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് എം.ആര്‍. ഹരിഹരിനായര്‍ കമ്മിഷന്‍ ശുപാര്‍ശചെയ്തു.
പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്ള മുന്നാക്കക്കാരിലെ പിന്നാക്കവിഭാഗക്കാരായ തൊഴില്‍രഹിതര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ 10 ലക്ഷം രൂപ അനുവദിക്കണം. വനിതകള്‍ക്ക് വായ്പയുടെ പലിശ കുറയ്ക്കണം.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് സൗജന്യ പരിശീലനത്തിന് എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ വേണം. കരിയര്‍ ഗൈഡന്‍സ്, നൈപുണ്യ വികസനം, വിദേശപഠനത്തിന് 10 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് മൂവായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ശുപാര്‍ശകളുമുണ്ട്. കെ.എ.എസ്. ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളില്‍ സൗജന്യ പരിശീലനം നല്‍കണമെന്നും ആവശ്യപ്പെടുന്നു. കമ്മിഷന്റെ അധികാരം കൂട്ടുകയും കാലാവധി അഞ്ചുവര്‍ഷമാക്കുകയും വേണമെന്നതാണ് മറ്റൊരാവശ്യം.
മറ്റുശുപാര്‍ശകള്‍
• സാമ്പത്തിക സംവരണ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ കമ്മിഷന്‍ രൂപവത്‌രിക്കുന്നതിനു പുറമേ ദേശീയ ധനകാര്യവികസന കോര്‍പ്പറേഷനും വേണം. ആനുകൂല്യങ്ങള്‍ പദ്ധതികളായി അംഗീകരിപ്പിക്കുന്നതിന് നിതി ആയോഗിലും സാമൂഹികനീതി മന്ത്രാലയത്തിലും ഡിവിഷനുകള്‍ വേണം. പിന്നാക്കക്കാരുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികസംവരണ വിഭാഗങ്ങള്‍ക്കും അനുവദിക്കണം.
• ബജറ്റ് വിഹിതം വരുന്നതുവരെ 25,000 കോടിയുടെ ബനവലന്റ് ഫണ്ട് ഏര്‍പ്പെടുത്തണം. ഇതെല്ലാം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം.
• മുന്നാക്കക്ഷേമവകുപ്പ് രൂപവത്കരിക്കുന്നതിനൊപ്പം ജില്ലാതല ഓഫീസുകളും കലക്‌ട്രേറ്റുകളില്‍ സാമ്പത്തിക പിന്നാക്ക വിഭാഗ സെല്ലുകളും വേണം. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ സമുന്നതിയില്‍ 10 ശതമാനം പണം നീക്കിവെക്കണം. ജീര്‍ണാവസ്ഥയിലുള്ള വീടുകളുടെ നവീകരണത്തിന് 10 കോടി വേണം. മംഗല്യസമുന്നതിയില്‍ അഞ്ചുകോടി സ്ഥിരമായി അനുവദിക്കണം.
• വിദേശത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള വായ്പയ്ക്ക് മുന്‍ഗണന നല്‍കണം.
• സ്വയംതൊഴിലിന് വായ്പനല്‍കണം
• സി.എസ്.ആര്‍. ഫൗണ്ടേഷന്‍ മുഖേന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിവരുന്ന പദ്ധതികളില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് പങ്കാളിത്തംവേണം. ചെറുകിട സംരംഭങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുക. നബാര്‍ഡിന്റെ മൈക്രോ ഫിനാന്‍സിങ് വായ്പകള്‍ക്ക് അമിതപലിശ അരുത്. കടാശ്വാസ പദ്ധതികളില്‍ മുന്‍ഗണന. വനിതാ വികസന കോര്‍പ്പറേഷന്‍ മുന്നാക്കക്കാരായ സ്ത്രീകള്‍ക്ക് നല്‍കുന്ന വായ്പ 10 ലക്ഷമാക്കണം.
• കീമോ തെറാപ്പി, ഡയാലിസിസ് എന്നീ ചികിത്സകള്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുപണിയാനും വിവാഹത്തിനുമുള്ള പദ്ധതികളില്‍ 10 ശതമാനം മുന്‍ഗണന. വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട് പൂര്‍ത്തിയാക്കാന്‍ അരലക്ഷം രൂപ വായ്പ നല്‍കണം. നാലുലക്ഷംവരെ വരുമാനമുള്ളവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് മൂന്നുലക്ഷം രൂപ വായ്പ. പാര്‍പ്പിടനിര്‍മാണത്തിന് ലൈഫില്‍ വിഹിതം, അഞ്ചുലക്ഷം രൂപവരെ ഭവനവായ്പ.
• ഇ.ഡബ്ല്യു.എസ്. സംവരണം എല്ലാ അംഗീകൃത കോഴ്‌സുകള്‍ക്കും പ്രോസ്പക്ടസ് വഴി ഉറപ്പാക്കണം. ഇതിനായി സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ സേവനാവകാശത്തിന്റെ പരിധിയിലാക്കണം. സംവരണേതര വിഭാഗക്കാര്‍ക്ക്, പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും റവന്യൂ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..