Representative image
പാലക്കാട്: സര്‍ക്കാര്‍ ജോലികളില്‍ സംവരണാനുകൂല്യം വഴി ജോലിനേടാനുള്ള കാഴ്ചപരിമിതരുടെ അവസരം കുറച്ച് സാമൂഹികനീതി വകുപ്പ് കരടുപട്ടിക പുറത്തിറക്കി. 689 തസ്തികകളുടെ പട്ടിക പുറത്തുവിട്ടതില്‍ പലതിലും 50 ശതമാനത്തില്‍ കൂടുതല്‍ കാഴ്ചപരിമിതിയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല.
ചില തസ്തികകളില്‍ അന്ധത (ബ്ലൈന്‍ഡ്നസ്) എന്ന സംവരണയോഗ്യത പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു. പ്രധാനതസ്തികകളിലൊന്നും തീവ്രകാഴ്ചവൈകല്യമുള്ളവരെ (75 ശതമാനത്തിലധികം) പരിഗണിക്കാത്തതാണ് പട്ടികയെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ നേരത്തെ തീവ്രകാഴ്ചപരിമിതിയുള്ളവര്ക്ക് മുന്ഗണനയുണ്ടായിരുന്നെങ്കിലും ഇതും അമ്പതില്‍താഴെ വൈകല്യമുള്ളവര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
ഹൈസ്കൂള്‍ (ലാംഗ്വേജ്), അസിസ്റ്റന്റ് തസ്തികകളിലും ഇതുതന്നെ സ്ഥിതി. ക്ലാര്‍ക്ക്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലെല്ലാം പുതിയപട്ടിക പ്രകാരം 50 ശതമാനത്തില്‍ താഴെ കാഴ്ചവൈകല്യമുള്ളവര്ക്കേ നിയമനത്തിന് അര്‍ഹതയുള്ളൂ.
കേന്ദ്രസര്വീസുകളിലടക്കം ക്ലെറിക്കല്‍, അസിസ്റ്റന്റ് തസ്തികകളില്‍ നൂറുശതമാനം വൈകല്യമുള്ളവരെ പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ ഈ സ്ഥിതി.
വിവിധ തസ്തികകളില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവര്‍ത്തനപരവുമായ ആവശ്യകതകള്‍ പരിശോധിച്ചാണ് കരടുപട്ടിക തയ്യാറാക്കിയതെന്നാണ് സാമൂഹികനീതിവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. എന്നാല്‍, ശ്രവണസംസാര പരിമിതിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന 'നിഷു'മായി ചേര്‍ന്നാണ് കാഴ്ചവൈകല്യമുള്ളവരുടെയടക്കം പ്രവര്‍ത്തനശേഷി (ഫങ്ഷണല്‍ എബിലിറ്റി) വകുപ്പ് വിലയിരുത്തുക.
നേരത്തെ, ഭിന്നശേഷിക്കാരുടെ സംഘടനാ പ്രതിനിധികളുള്‍പ്പെട്ട ജോബ് എക്സ്പേര്‍ട്ട് സമിതിയാണ് പ്രവര്‍ത്തനശേഷി വിലയിരുത്തിയത്. ജോബ് എക്സ്പേര്‍ട്ട് സമിതിതന്നെ ഇനിയും പ്രവര്‍ത്തനശേഷി വിലയിരുത്തല്‍ നടത്തണമെന്നും കാഴ്ചപരിമിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരള ഫെഡറേഷന് ഓഫ് ദ ബ്ലൈന്‍ഡിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.
അഭിപ്രായമറിയിക്കാം
കരടുപട്ടികയില്‍ അഭിപ്രായമറിയിക്കാന്‍ 24 വരെ സമയം നല്‍കിയിട്ടുണ്ടെന്ന് സാമൂഹികനീതി വകുപ്പധികൃതര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഉള്ള അഭിപ്രായം rpnish@nish.ac.in എന്ന വിലാസത്തില്‍ മെയില്‍ അയക്കുകയോ തപാല്‍മാര്‍ഗം അയക്കുകയോ ചെയ്യാം. 24 ന് വൈകീട്ട് അഞ്ചിനുശേഷമുള്ള ശുപാര്‍ശകള്‍ പരിഗണിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..