തിരുവനന്തപുരം: റാങ്കുപട്ടികകളിൽ ഉദ്യോഗാർഥികളുടെ എണ്ണം ക്രമീകരിക്കുന്നതിന് വ്യവസ്ഥകൾ പരിഷ്കരിക്കാൻ പി.എസ്.സി. തീരുമാനിച്ചു. റിപ്പോർട്ടുചെയ്ത ഒഴിവുകളുടെ എണ്ണത്തിനൊപ്പം മുമ്പു നടന്ന നിയമനങ്ങൾ, അടുത്ത മൂന്നുവർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ തുടങ്ങിയവയെല്ലാം പരിശോധിച്ചായിരിക്കും റാങ്ക്പട്ടിക തയ്യാറാക്കുക.
റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ അഞ്ചിരട്ടി എന്ന നിലയിലാണ് ഇപ്പോൾ പട്ടികകൾ തയ്യാറാക്കുന്നത്. ഇക്കാര്യം വിശദീകരിക്കുന്ന സർക്കുലറുകൾ ഏകീകരിച്ച് പുതിയത് പുറത്തിറക്കും. ഉപപട്ടികയിൽ ആളുണ്ടായിരുന്നാലും മുഖ്യപട്ടികയിലുള്ളവർക്ക് നിയമനം നൽകിക്കഴിയുമ്പോൾ റാങ്ക്പട്ടിക റദ്ദാകും. 
ഒഴിവുകൾ ബാക്കിയുള്ളപ്പോഴും ഇങ്ങനെ റാങ്ക്പട്ടികകൾ റദ്ദാകുന്ന സ്ഥിതിയുണ്ട്. അതു തടയാനും സംവരണവിഭാഗങ്ങൾക്ക് ജോലി ഉറപ്പാക്കാനും പുതിയ വ്യവസ്ഥകളിലൂടെ സാധിക്കുമെന്ന് യോഗം വിലയിരുത്തി. മുഖ്യപട്ടികയിലുൾപ്പെടെ ഉദ്യോഗാർഥികളുടെ എണ്ണം ആനുപാതികമായി വർധിപ്പിക്കുന്നതിനാണ് കമ്മിഷൻ ധാരണയിലെ
ത്തിയത്. 
കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, അസിസ്റ്റന്റ് ലേബർ ഓഫീസർ ഉൾപ്പെടെ 52 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആർക്കിയോളജി വകുപ്പിൽ അസിസ്റ്റന്റ് എഡിറ്റർ, മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി ഡെന്റിസ്റ്ററി (എൻ.സി.എ.-എൽ.സി./എ.ഐ.) തസ്തികകൾക്ക് ഓൺലൈൻ പരീക്ഷ നടത്തും.