പ്രതീകാത്മക ചിത്രം
തത്തുല്യ യോഗ്യതകളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാൻ പി.എസ്.സി.യിൽ നടപടിയായി. തത്തുല്യ യോഗ്യതകൾകൂടി ഉൾപ്പെടുത്തിയായിരിക്കും ഇനിമുതൽ പി.എസ്.സി. വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ആ യോഗ്യതകളുള്ളവർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. തത്തുല്യ യോഗ്യത തെളിയിക്കുന്നതിന് മറ്റ് രേഖകൾ ഉദ്യോഗാർഥി ഹാജരാക്കേണ്ടതില്ല.
വിശേഷാൽ ചട്ടത്തിൽ പറയുന്ന യോഗ്യതകളാണ് സാധാരണ വിജ്ഞാപനത്തിനൊപ്പം പി.എസ്.സി. ചേർക്കാറുള്ളത്. അവയ്ക്ക് തത്തുല്യ യോഗ്യതകളുള്ളവർ അത് പ്രത്യേകം അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കും. പിന്നീട് കമ്മിഷൻ ആവശ്യപ്പെടുമ്പോൾ തത്തുല്യപദവി തെളിയിക്കുന്നതിന് ബന്ധപ്പെട്ട രേഖകൾ ഉദ്യോഗാർഥി ഹാജരാക്കണം. സംസ്ഥാനസർക്കാരിന്റെ ഉത്തരവുകളോ സർവകലാശാലകളുടെ ഇക്വലൻസി സർട്ടിഫിക്കറ്റുകളോ ആണ് രേഖകളായി ഹാജരാക്കാറുള്ളത്.
എന്നാൽ എല്ലാവർക്കും ഇത് കൃത്യസമയത്തിനുള്ളിൽ നേടിയെടുക്കാൻ സാധിക്കാറില്ല. അതിനാൽ അവസരം നഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇതിന് പരിഹാരമായാണ് തത്തുല്യ യോഗ്യത സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ അടുത്തിടെ പി.എസ്.സി. നിശ്ചയിച്ചത്. അതിന്റെ തുടർച്ചയാണ് തത്തുല്യ യോഗ്യതകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനം.
ഇനി യോഗ്യതകൾ മൂന്നുതരത്തിൽ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തും. വിശേഷാൽചട്ടത്തിലുള്ള യോഗ്യതകളാണ് ആദ്യത്തെത്. ഇതേ തസ്തികയ്ക്കുമുൻപ് കമ്മിഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളായിരിക്കും രണ്ടാംഭാഗത്തുണ്ടാവുക. ഇതിനെല്ലാം പുറമേ തത്തുല്യമെന്ന് അവകാശപ്പെട്ട് അപേക്ഷിക്കാനാകുന്നതാണ് മൂന്നാമത്തെത്. ഈ മൂന്ന് വിഭാഗത്തിൽ ഏതിൽ ഉൾപ്പെട്ടവർക്കും ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം.
യു.ജി.സി. അംഗീകാരമുള്ള സർവകലാശാലകളുടെ റെഗുലർ കോഴ്‌സുകളെല്ലാം തത്തുല്യ യോഗ്യതയായി പി.എസ്.സി. അംഗീകരിക്കും. ഇങ്ങനെ മുൻ തിരഞ്ഞെടുപ്പുകളിൽ കമ്മിഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും ഉയർന്ന യോഗ്യതകളും സംബന്ധിച്ച പട്ടിക പി.എസ്.സി. തയ്യാറാക്കിയിട്ടുണ്ട്. അതാണ് ഓരോ വിജ്ഞാപനത്തിനൊപ്പവും ചേർക്കുന്നത്.
പ്രൊഫൈലിലൂടെ ഉദ്യോഗാർഥി അപേക്ഷിക്കുമ്പോൾ ഈ വിവരങ്ങളും ലഭ്യമാകും. മുൻ തിരഞ്ഞെടുപ്പിനുശേഷം സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതകളുണ്ടെങ്കിൽ അവയും വിജ്ഞാപനത്തിൽ ചേർക്കും. ഈ യോഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാസർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥികൾ ഹാജരാക്കേണ്ടതില്ലെന്നും പി.എസ്.സി. അറിയിച്ചു.
വ്യാജമായി തുല്യത അവകാശപ്പെട്ട് വിജ്ഞാപനങ്ങൾക്ക് അപേക്ഷിക്കുന്നത് തടയാനും ഈ രീതി സഹായിക്കുമെന്നാണ് പി.എസ്.സി. കരുതുന്നത്.
Content Highlights: PSC does not require Certificate of Equivalence if approved UGC
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..