പി.എസ്.സി. വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. 2015-16 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ അപേക്ഷകരാണ് 2016-17 വര്‍ഷത്തിലുണ്ടായത്. 

നിയമനശുപാര്‍ശയില്‍ 10,932 എണ്ണത്തിന്റെ വര്‍ധനയുണ്ടായി. ചുരുക്കപ്പട്ടികകളുടെയും റാങ്ക്പട്ടികകളുടെയും എണ്ണത്തിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. കമ്മിഷന്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
 
2015-16-ല്‍ 969 തസ്തികകളാണ് വിജ്ഞാപനം ചെയ്തത്. ഇവയ്‌ക്കെല്ലാംകൂടി 46,54,688 പേര്‍ അപേക്ഷിച്ചു. 2016-17-ല്‍ വിജ്ഞാപനങ്ങളുടെ എണ്ണം 784 ആയി കുറഞ്ഞെങ്കിലും അപേക്ഷകരുടെ എണ്ണം ഒരു കോടി കടന്ന് 1,01,59,405 ആയി. മുന്‍ വര്‍ഷത്തേക്കാള്‍ 55,04,717 എണ്ണത്തിന്റെ വര്‍ധന. മുന്‍വര്‍ഷം 216 പരീക്ഷകളിലൂടെ 50,26,351 പേര്‍ക്ക് അവസരം നല്‍കിയ പി.എസ്.

സി. 2016-17-ല്‍ 372 പരീക്ഷകളിലൂടെ 75,26,765 പേരെ പരീക്ഷയ്ക്കിരുത്തി. 324 ചുരുക്കപ്പട്ടികകളും 685 റാങ്ക്പട്ടികകളുമാണ് 2015-16-ല്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ അടുത്തവര്‍ഷമായപ്പോള്‍ ചുരുക്കപ്പട്ടികകളുടെ എണ്ണം 1104 ആയും റാങ്ക്പട്ടികകളുടെ എണ്ണം 1124 ആയും ഉയര്‍ന്നു. ഈ കാലയളവില്‍ അഭിമുഖങ്ങളുടെ എണ്ണം 373-ല്‍ നിന്ന് 435 ആയി. 2015-16 വര്‍ഷം 27,234 പേര്‍ക്ക് നിയമനശുപാര്‍ശ അയച്ചപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 38,166 പേരെയാണ് നിയമനത്തിന് ശുപാര്‍ശ ചെയ്തത്. 

കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം 2016 മാര്‍ച്ച് 31ന് 94,98,574 ആണെങ്കില്‍ 2017 മാര്‍ച്ച് 31ന് 1,38,41,755 ആയി. വജ്രജൂബിലിയുടെ ഭാഗമായുള്ള കുടിശ്ശിക നിവാരണം പി.എസ്.സി. അതിനുശേഷമാണ് ആരംഭിച്ചത്. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളെന്ന പദവി പി.എസ്.സി. നിലനിര്‍ത്തുകയാണ്. 2016 ഒക്ടോബര്‍ 16ന് 9,39,06,273 ഹിറ്റാണ് പി.എസ്.സി. സൈറ്റിനുണ്ടായത്. ഇത് റെക്കോഡാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുണ്ടായത് 2017 മാര്‍ച്ച് 17നാണ് - 8,96,98,971 ഹിറ്റുകള്‍. 2017 മാര്‍ച്ചില്‍ 23,23,857 പേര്‍ പി.എസ്.സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു. ഇതും റെക്കോഡാണ്. 

2016-17 സാമ്പത്തികവര്‍ഷം പി.എസ്.സിയുടെ കാള്‍സെന്റര്‍ കൈകാര്യം ചെയ്തത് രണ്ടരലക്ഷം ഫോണ്‍ സന്ദേശങ്ങളാണ്. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, എന്‍.സി.എ. വിജ്ഞാപനങ്ങളായി 50-ഓളം തസ്തികകളില്‍ നിയമന നടപടി പൂര്‍ത്തിയാക്കാനാകാത്ത സ്ഥിതിയുണ്ട്. ആവര്‍ത്തിച്ച് എന്‍.സി.എ. വിജ്ഞാപനങ്ങള്‍ നല്‍കിയിട്ടും ഈ തസ്തികകളില്‍ അപേക്ഷകരില്ലെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.