-
ഔദ്യോഗികരേഖകളില്‍ പേരിനുമുമ്പ് ഇനീഷ്യലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പബ്ലിക് സര്‍വീസ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ ആധാര്‍ ബന്ധിപ്പിക്കാനാവുന്നില്ല. പി.എസ്.സി. വെബ്‌സൈറ്റ് പ്രകാരം പേരിനുശേഷമാണ് ഇനീഷ്യല്‍ ഉള്‍പ്പെടുത്തേണ്ടതെന്ന മാനദണ്ഡമാണ് ഇതിന് തടസ്സമാകുന്നത്. പ്രശ്‌നം പി.എസ്.സി.യില്‍ അറിയിച്ചപ്പോള്‍ ആധാറിലെ പേര് പി.എസ്.സി. നിബന്ധനപ്രകാരം മാറ്റംവരുത്താനാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കിട്ടിയ നിര്‍ദേശം. ഔദ്യോഗിക രേഖകളിലുള്ള പേര് പി.എസ്.സി.ക്കായി ആധാറില്‍ മാറ്റംവരുത്തിയാല്‍ മറ്റപേക്ഷകള്‍ക്ക് നിയമപ്രശ്‌നം വരുമോയെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍.
നിലവില്‍ പി.എസ്.സി. ക്ഷണിച്ചിട്ടുള്ള നിയമനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനായി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍തന്നെ ലിങ്ക് വിത്ത് ആധാര്‍ എന്ന് നിര്‍ദേശം ലഭിക്കുന്നുണ്ട്. ഇവിടെ ലിങ്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പേരിനുമുമ്പ് ഇനീഷ്യല്‍ വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അതിന് സാധിക്കാത്തത്. തുടര്‍ന്ന്, ആധാര്‍കേന്ദ്രങ്ങളെ സമീപിച്ചപ്പോഴും ഇതേ സ്ഥിതിയാണുണ്ടായത്.
മാറ്റംവരുത്തിയാല്‍ പിന്നീട് കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങള്‍ക്കോ സാക്ഷ്യപത്ര സൂക്ഷ്മ പരിശോധനാ സമയത്തോ പേരിലെ വ്യത്യാസം പ്രശ്‌നമായേക്കാമെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍. ഇതോടെ, ആധാര്‍ ബന്ധപ്പെടുത്താതെയാണ് ഉദ്യോഗാര്‍ഥികള്‍ നിയമനങ്ങള്‍ക്ക് അപേക്ഷിക്കുന്നത്.
ആധാര്‍ ബന്ധിപ്പിക്കുന്നത് നിലവില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും ബന്ധിപ്പിക്കാനാകാത്തവര്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് രേഖയായി ഉപയോഗിച്ചാല്‍ മതിയെന്നുമാണ് പി.എസ്.സി. റീജണല്‍ ഓഫീസ് അധികൃതര്‍ പറയുന്നത്. ഭാവിയില്‍ ഇതിന് പരിഹാരമുണ്ടായേക്കാമെന്നും അധികൃതര്‍ പറയുന്നു.
ആധാറില്‍ പേര് തിരുത്താവുന്നത് രണ്ടുതവണ
ആധാറില്‍ ആകെ രണ്ടുതവണ മാത്രമാണ് പേരില്‍ തിരുത്തലുകള്‍ നടത്താവുന്നത്. അതില്‍ തന്നെ രണ്ടാംതവണ തിരുത്തുമ്പോള്‍ സാങ്കേതികതടസ്സങ്ങള്‍മൂലം തിരുത്താനാവാത്ത സ്ഥിതിയുണ്ടാകാറുണ്ടെന്നും പലപ്പോഴും തിരുത്താനാകാറില്ലെന്നും അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ പറയുന്നു. പി.എസ്.സി.ക്കായി പേരുതിരുത്തിയാല്‍ പിന്നീട് പഴയതുപോലെയാക്കാന്‍ പ്രയാസമാണെന്നും അക്ഷയ അധികൃതര്‍ പറയുന്നു.
Content Highlights: psc profile, aadhaar linking
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..