ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച വിദേശ സര്‍വകലാശാലകളില്‍ നിന്ന് പി.എച്ച്ഡി നേടിയവര്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് നേരിട്ട് നിയമനം നല്‍കാമെന്ന് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). ഈ യോഗ്യതയുള്ളവര്‍ക്ക് ഇനി എഴുത്തു പരീക്ഷ കൂടാതെ നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം 

അന്താരാഷ്ട്ര റാങ്കിങ് അനുസരിച്ച് ( QS Ranking, THE Ranking, Academic Ranking Of World Universtties) ആദ്യ 500 ല്‍ ഉള്‍പ്പെടുന്ന സര്‍വകലാശാലകളില്‍ നിന്ന് പിഎച്ച്ഡി നേടിയവര്‍ക്കാണ് അവസരം. 

'' ആര്‍ട്‌സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, എജ്യുക്കേഷന്‍, ലോ, സോഷ്യല്‍ സയന്‍സ്, സയന്‍സ്, ലാംഗ്വേജ്, ലൈബ്രറി സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളിലാണ് നിയമനം സാധ്യമാകുക.'' - യുജിസി ഔദ്യോഗിക വക്താവ് അറിയിച്ചു

ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള 55% മാര്‍ക്കില്‍ കുറയാത്ത ബിരുദവും ബിരുദാനന്തര ബിരുദവും നെറ്റ്/ജെ.ആര്‍.എഫുമാണ് അസിസറ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് നടക്കുന്ന എഴുത്തുപരീക്ഷയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത. നിര്‍ദേശം പ്രാബല്യത്തില്‍ വരുന്ന പക്ഷം വിദേശ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. നേടിയവര്‍ക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിമുഖത്തില്‍ പങ്കെടുക്കാം. എഴുത്തുപരീക്ഷയില്ലെങ്കിലും അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ മാത്രമേ നിയമനത്തിന് യോഗ്യരാകൂ.

Content Highlights: Ph.D holders from foreign universities are eligible for direct recruitment as assistant professor