എടപ്പാള്‍: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നോട്ടീസ് നടത്തലിനായി നിയമിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ക്ക് (വി.എഫ്.എ.) പതിറ്റാണ്ടുകളായിട്ടും സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമില്ല. ജോലിക്കുകയറിയ അതേ തസ്തികയില്‍നിന്നുതന്നെ വിരമിക്കേണ്ടിവരുന്ന ദുരവസ്ഥയ്‌ക്കെതിരേയുള്ള പ്രതിഷേധവുമായി സംഘടന ഉത്തരമേഖലാ സമ്മേളനത്തിനൊരുങ്ങുന്നു.

വില്ലേജ് ഓഫീസുകള്‍ ആരംഭിച്ച കാലത്താണ് സര്‍ക്കാര്‍ രണ്ടുവീതം വില്ലേജ്മാന്‍മാരെ നിയമിച്ചത്. ഇവരെ പിന്നീട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരാക്കിയെങ്കിലും സ്ഥാനക്കയറ്റമോ ശമ്പളവര്‍ധനവോ നല്‍കിയില്ല.

1969-ലെ സ്റ്റാഫ് പാറ്റേണനുസരിച്ച് നാല് ജീവനക്കാര്‍ മാത്രമുള്ള വില്ലേജുകളിലെ ജോലി വര്‍ധിച്ചിട്ടും സ്റ്റാഫ് പാറ്റേണ്‍ മാറിയില്ല. കൂടിയ ജോലികളില്‍ ഏറിയപങ്കും ചെയ്യുന്നത് ഇവരാണ്. വില്ലേജ് ഓഫീസുകളില്‍ മാത്രമാണ് ഇത്തരമൊരു തസ്തികയുള്ളത്. റവന്യുവകുപ്പിന്റെ മറ്റു ഓഫീസുകളിലെല്ലാം എല്‍.ഡി.സി. തസ്തികയുണ്ട്. ഇവരെല്ലാം െഡപ്യൂട്ടി കളക്ടര്‍ വരെയെത്തി വിരമിക്കുമ്പോഴാണ് അതേ വകുപ്പിനുകീഴില്‍ ഈ സ്ഥിതിയെന്ന് ഇവര്‍ ആരോപിക്കുന്നു.

വി.എഫ്.എ. തസ്തിക അത്യാവശ്യമില്ലാത്തതിനാല്‍ അവയിലൊന്ന് വില്ലേജ് അസിസ്റ്റന്റ് തസ്തികയാക്കി മാറ്റണമെന്ന് റവന്യുവകുപ്പ് ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്ന നിലപാടാണ് ധനകാര്യവകുപ്പെടുത്തത്. നിലവിലെ തസ്തിക ഇല്ലാതാകുന്നതോടെ ആ ജോലിചെയ്യാന്‍ ആളില്ലെന്ന അഭിപ്രായമുയര്‍ന്ന് പുതിയ തസ്തികയുണ്ടാക്കേണ്ടി വരുമെന്നാണ് ധനകാര്യവകുപ്പ് കാരണമായിപ്പറഞ്ഞത്.

രണ്ടായിരത്തോളം തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പി.എസ്.സി. യോഗ്യതപ്രകാരം നിയമിക്കപ്പെട്ടവര്‍ക്ക് ഉയര്‍ന്ന യോഗ്യതയുണ്ടെന്നു പറഞ്ഞ് തസ്തിക അപ്‌ഗ്രേഡ് ചെയ്തു നല്‍കാനാവില്ലെന്നും ഇവര്‍ പറയുന്നു.

ഇതില്‍ പ്രതിഷേധിച്ച് വില്ലേജ് മാന്വലില്‍ പറഞ്ഞ നോട്ടീസ് നടത്തല്‍ മാത്രം ചെയ്താല്‍മതിയെന്ന തീരുമാനമെടുക്കാനാണ് വി.എഫ്.എമാരുടെ നീക്കം. ഡിസംബര്‍ എട്ടിന് നടക്കുന്ന കെ.ആര്‍.വി.എസ്.ഒ. സംസ്ഥാനസമ്മേളനം ഇത്തരം കടുത്ത നിലപാടിലേക്ക് കടക്കുകയാണെങ്കില്‍ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റും.

Content Highlights: No promotion for Village Field Assistants, Governement Job Kerala