എല്‍.ഡി ക്ലര്‍ക്ക് സാധ്യതാപട്ടിക വൈകാതെ പ്രസിദ്ധീകരിക്കണമെന്ന് ജില്ല ഓഫീസര്‍മാര്‍ക്ക് പി.എസ്.സി. നിര്‍ദ്ദേശം നല്‍കി. 

ആദ്യ പരീക്ഷ നടത്തിയ ജില്ലകളിലൊന്നായ തിരുവനന്തപുരം ഇതിനകം സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. മറ്റു ജില്ലകളും ജനുവരിയില്‍ തന്നെ പട്ടിക പ്രസിദ്ധീകരിച്ച് ഫെബ്രുവരി 10ന് മുമ്പ് രേഖാപരിശോധന പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ജില്ലാ ഓഫീസുകളിലെ ജോലിഭാരം കാരണം എല്‍.ഡി.സിയുടെ സാധ്യതാപട്ടിക വൈകുമെന്ന് 'തൊഴില്‍വാര്‍ത്ത' കഴിഞ്ഞ ലക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇതേത്തുടര്‍ന്നാണ് കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. ആസ്ഥാനത്ത് നിന്ന് ജില്ലാ ഓഫീസുകളിലേക്ക് നിര്‍ദ്ദേശം അയച്ചത്. അതനുസരിച്ച് നടപടികള്‍ക്ക് ജില്ലകളില്‍ സമയക്രമം നിശ്ചയിച്ചു. മാര്‍ക്ക്പട്ടികയും ഐ.ഡിയും അടങ്ങുന്ന വിവരങ്ങള്‍ ജില്ലാ ഓഫീസുകളിലേക്ക് ഉടന്‍ കൈമാറും. പരീക്ഷ നടന്ന ക്രമത്തില്‍ ജില്ലകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. 

മാര്‍ക്ക് പട്ടിക ലഭിക്കുന്നതിന് അനുസരിച്ച് ജില്ലാ ഓഫീസുകളാണ് സാധ്യതാപട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. ജനുവരി 15ന് മുമ്പ് മുഴുവന്‍ ജില്ലകളുടെയും സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം രേഖാപരിശോധന ആരംഭിക്കും. 
  
ഡിസംബറില്‍ തന്നെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കുടിശിക നിവാരണത്തിന്റെ ഭാഗമായി ജില്ലാ ഓഫീസുകളില്‍ ജോലി വര്‍ദ്ധിച്ചതോടെയാണ് പട്ടിക തയ്യാറാക്കല്‍ നീണ്ടത്. 2018 ഫെബ്രുവരിക്കു മുമ്പ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കലും രേഖാപരിശോധനയും പൂര്‍ത്തിയാക്കും. 
 
എല്ലാ ജില്ലകളിലുമായി 30000 പേരുടെ സാധ്യതാപട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 14 ജില്ലകളുടെയും മുഖ്യപട്ടികയില്‍ 14,400 പേരുണ്ടാകും. തിരുവനന്തപുരത്തിന്റെ പട്ടികയില്‍ 3500 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മുഖ്യപട്ടികയില്‍ 1700 പേരുണ്ട്. 76.33 ആണ് കട്ട്-ഓഫ് മാര്‍ക്ക്. മറ്റ് ജില്ലകളിലെയും കട്ട്-ഓഫ് മാര്‍ക്ക് പി.എസ്.സി. പ്രസിദ്ധീകരിച്ചുവെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. 

എന്നാല്‍ കട്ട്-ഓഫ് മാര്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കാറില്ലെന്ന് പി.എസ്.സി. വ്യക്തമാക്കി. പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ളവരുടെ എണ്ണമാണ് ആദ്യം തീരുമാനിക്കുന്നത്. അതനുസരിച്ചാണ് കട്ട്-ഓഫ് മാര്‍ക്ക് നിശ്ചയിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പി.എസ്.സി. അറിയിച്ചു. 2018 മാര്‍ച്ച് 31ന് പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.