തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ (കെ.എ.എസ്.) പരീക്ഷാഘടനയും പാഠ്യപദ്ധതിയും രണ്ടുമാസത്തിനുള്ളില്‍ പി.എസ്.സി. പ്രഖ്യാപിക്കുമെന്ന് ചെയര്‍മാന്‍ എം.കെ. സക്കീര്‍. ഒഴിവ് റിപ്പോര്‍ട്ടുചെയ്ത് കിട്ടിയശേഷമേ വിജ്ഞാപനം തയ്യാറാക്കൂ.

പി.എസ്.സി. പ്രഖ്യാപിച്ച രണ്ടുഘട്ടം പരീക്ഷ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ കെ.എ.എസ്.മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുവരെ പരീക്ഷകള്‍ നിലവിലുള്ള രീതിയില്‍ നടത്തും. മലയാളത്തില്‍കൂടി ചോദ്യങ്ങള്‍ നല്‍കാന്‍ പി.എസ്.സി.ക്ക് സാങ്കേതിക പ്രയാസമുണ്ട്.

എസ്.എസ്.എല്‍.സി.വരെ യോഗ്യതയുള്ള പരീക്ഷകള്‍ മലയാളത്തിലാണ് നടത്തുന്നത്. ബിരുദം യോഗ്യതയുള്ള തസ്തികകള്‍ക്ക് മലയാളത്തില്‍ പത്ത് ചോദ്യം ഉള്‍പ്പെടുത്തും. അത് പുതിയ വിജ്ഞാപനപ്രകാരമുള്ള പരീക്ഷകള്‍ക്കാണ് ബാധകമാക്കിയിട്ടുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു.

അംഗങ്ങളായ പി. ശിവദാസന്‍, ടി.ടി. ഇസ്മയില്‍, സിമി റോസ്ബെല്‍ ജോണ്‍, ഡോ. പി. സുരേഷ്‌കുമാര്‍, ഡോ. ജിനു സക്കറിയ ഉമ്മന്‍, എം.കെ. രഘുനാഥന്‍, ടി. രാജേന്ദ്രന്‍, പി.എച്ച്. മുഹമ്മദ് ഇസ്മയില്‍, പി.കെ. വിജയകുമാര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.